-->
തെന്നിന്ത്യയിലും ബോളിവുഡിലും സജീവമായ നടിയാണ് താപ്‌സി പന്നു. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് സംസാരിക്കാറുളള താപ്‌സി ചില സംവിധായകരില്‍ നിന്ന് നേരിട്ട അസ്വസ്ഥത ഉണ്ടാകുന്ന അനുഭവങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ സംവിധായകര്‍ നടിമാരോട് പാഡഡ് ബ്രാ ധരിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും അഭിനയത്തേക്കാള്‍ നടിയുടെ ശരീരം ക്യാമറയില്‍ പകര്‍ത്താനാണ് ചിലര്‍ക്ക് താല്‍പര്യം എന്നും നടി പറഞ്ഞു. ശുഭാങ്കര്‍ മിശ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
ചില സംവിധായകര്‍ അവരുടെ സിനിമയില്‍ അഭിനയിക്കുന്ന നടിമാര്‍ പാഡഡ് ബ്രാ ധരിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലാണ് ഇത്തരം ആവശ്യങ്ങള്‍ കൂടുതലായും വരുന്നത്. പ്രേക്ഷകരുടെ സങ്കല്‍പ്പങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി നടിമാരുടെ ശാരീരികഭംഗി വര്‍ദ്ധിപ്പിക്കാനാണ് സംവിധായകര്‍ ഇത്തരം ആവശ്യങ്ങള്‍ പറയുന്നത്. ഇത് ഒരു നടിയുടെ പ്രകടനത്തേക്കാള്‍ അവരുടെ ശരീരത്തിലേക്ക് ശ്രദ്ധ തിരിക്കാനാണ് സഹായിക്കുന്നത്.
ഷൂട്ടിംഗ് സെറ്റുകളില്‍ ഇത്തരം കാര്യങ്ങള്‍ ആശയ വിനിമയം നടത്തുന്ന രീതിയും വളരെ ബുദ്ധിമുട്ടുളളതാണ്. സംവിധായകന്‍ നേരിട്ട് പറയുന്നതിന് പകരം അസിസ്റ്റന്റ് ഡയറക്ടര്‍ വഴിയോ സ്റ്റൈലിംഗ് ടീം വഴിയോ ആണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടിമാരിലെത്തുന്നത്. സെറ്റില്‍ ആകെ രണ്ടോ മൂന്നോ സ്ത്രീകളേ ഉണ്ടാകൂ, ഇത്തരമൊരു കാര്യം ആരുടെയൊക്കെയോ കൈകള്‍ വഴി നടിമാരുടെ അടുത്തേക്ക് എത്തുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്.
പാട്ടു സീനുകള്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഇത്തരം നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വരുന്നതും, ഷോട്ടിന് തയ്യാറായി വരുമ്പോള്‍ നടിയില്‍ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് സെറ്റിലുളളവര്‍ ശ്രദ്ധിക്കുന്നതും എന്നെ വല്ലാതെ നാണം കെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വയറിനും ബോളിവുഡില്‍ മാറിടത്തിനുമാണ് സംവിധായകര്‍ ക്യാമറയില്‍ പകര്‍ത്തുന്നതില്‍ പ്രാധാന്യം നല്‍കാറുളളത്. ഇത്തരം പ്രവണതകളുടെ പിന്നിലെ യുക്തിയെ ഞാന്‍ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്', താപ്‌സി പറഞ്ഞു.