Wednesday, March 11, 2026 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.35 PM

വെറുതേ ഈ യാത്ര എന്നറിയുമ്പോഴും...

ലക്ഷ്യസ്‌ഥാനത്തെത്താന്‍ നാല്‌ നൂറ്റാണ്ടെടുക്കും. 2,400 പേരെയായിരിക്കും ആ പേടകം വഹിക്കുക. ആദ്യതലമുറ ലക്ഷ്യസ്‌ഥാനം കാണില്ല. ലക്ഷ്യത്തിലെത്തുന്നവര്‍ക്കു ഭൂമിയിലേക്ക്‌ മടക്കമുണ്ടാകില്ല. പാതിവഴിയില്‍ തിരിച്ചുപോക്കുമില്ല. അതാണു 'ക്രിസാലിസ്‌' ദൗത്യം. 58 കിലോമീറ്ററാണ്‌ ക്രിസാലിസ്‌ പേടകത്തിന്റെ നീളം.

*****************************

പ്രോക്‌സിമാ സെന്റൂരി ബി എന്ന ഗ്രഹമാണു ക്രിസാലിസ്‌ ദൗത്യത്തിന്റെ ലക്ഷ്യം. സൂര്യന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമാണു പ്രോക്‌സിമാ സെന്റൂരി. ആ നക്ഷത്രത്തിന്റെ ഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണു ഗവേഷകരുടെ അഭിപ്രായം. സൗരയൂഥത്തില്‍നിന്ന്‌ 4.24 പ്രകാശവര്‍ഷം അകലെയാണു പ്രോക്‌സിമാ സെന്റൂരി. അങ്ങോട്ടാണ്‌ യാത്ര. പ്രോജക്‌റ്റ്‌ ഹൈപ്പീരിയണ്‍ ഡിസൈന്‍ മത്സരത്തില്‍ വിജയിച്ച രൂപകല്‍പ്പനയാണു ക്രിസാലിസ്‌. സൗരയൂഥത്തിനപ്പുറമുള്ള യാത്രയില്‍ മനുഷ്യജീവിതം നിലനിര്‍ത്തുന്നതിനായി രൂപകല്‍പ്പന ചെയ്‌ത സിലിണ്ടര്‍ ആകൃതിയിലുള്ള വാസസ്‌ഥലമാണ്‌ ആ ബഹിരാകാശ പേടകം. ഭൂമിയിലേക്കു തിരിച്ചുവരാതെ, തുടര്‍ച്ചയായ തലമുറകള്‍ക്ക്‌ ജീവിക്കാനും വളരാനും കഴിയുന്ന സുസ്‌ഥിരമായ അന്തരീക്ഷം ആ പേടകം ലക്ഷ്യമിടുന്നു. നിലവിലെ സാങ്കേതികവിദ്യ പ്രകാരം പ്രോക്‌സിമാ ബിയിലെത്താന്‍ 24,64,000 വര്‍ഷമെടുക്കും. ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന പേടകം നാസയുടെ ന്യൂ ഹൊറൈസണ്‍സാണ്‌. സെക്കന്‍ഡില്‍ 16.26 കിലോമീറ്ററാണ്‌ അതിന്റെ വേഗം.(ആ വേഗത്തില്‍ സഞ്ചരിച്ചാല്‍ കോട്ടയത്തുനിന്ന്‌ എറണാകുളത്തെത്താന്‍ അഞ്ച്‌ സെക്കന്‍ഡില്‍ താഴെ സമയം മതിയാകും.)
കപ്പല്‍ 'മാതൃക'

58 കിലോമീറ്റര്‍ നീളമുള്ള പേടകത്തില്‍ ഒതുങ്ങില്ല വെല്ലുവിളികള്‍. പേടകത്തിനു സ്വന്തമായി ഗുരുത്വാകര്‍ഷണം സൃഷ്‌ടിക്കണം. അവിടെ ഭക്ഷണം ഉണ്ടാക്കണം. ഓരോ തുള്ളി വെള്ളവും വായുവും പുനരുപയോഗിക്കണം. കൂടാതെ 16 തലമുറകളോളം സാങ്കേതികവും സാംസ്‌കാരികവുമായ അറിവ്‌ സംരക്ഷിക്കണം. ഇതുവരെ ആരും ശ്രമിക്കാത്ത ഒരു യാത്ര പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത്‌ ഇത്രയുമെങ്കിലും വേണം.
2025ല്‍ രാജ്യാന്തര മത്സരത്തില്‍ വിജയിച്ചതാണു 'ക്രിസാലിസ്‌' ഡിസൈന്‍. അങ്ങനെയൊരു വാഹനം എങ്ങനെ നിര്‍മിക്കാമെന്ന്‌ വ്യക്‌തമാക്കുന്ന രേഖകള്‍തന്നെ നൂറുകണക്കിന്‌ പേജുകളുണ്ട്‌.
ഇതുവരെയുള്ള അറിവുകള്‍ സംയോജിപ്പിച്ചാണു രൂപകല്‍പന. കൃത്രിമ ഗുരുത്വാകര്‍ഷണത്തിനായി ചില ഭ്രമണ കണക്കുകൂട്ടലുകള്‍ അതിലുണ്ട്‌. 400 വര്‍ഷത്തെ അടച്ചിടലില്‍ സാമൂഹിക തകര്‍ച്ച തടയുന്നതിനുള്ള ഭരണകൂട മാതൃകകളും രൂപകല്‍പനയുടെ ഭാഗമാണ്‌.
പഴയ തലമുറ കപ്പലില്‍നിന്നാണു ക്രിസാലിസിന്റെ ആശയത്തിന്റെ തുടക്കം. പഴയകാലത്ത്‌ കപ്പലുകളില്‍ നടത്തിയ ഭൂഖണ്ഡാനന്തര യാത്രകളാണു പ്രചോദനം.
58 കിലോമീറ്റര്‍ ആവശ്യമാക്കുന്ന ഭൗതികശാസ്‌ത്രം

'ക്രിസാലിസ്‌' രൂപകല്‍പനയിലെ എല്ലാ തീരുമാനങ്ങളെയും കൃത്രിമ ഗുരുത്വാകര്‍ഷണം സ്വാധീനിച്ചു. പേടകം സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നതിനു ചില കണക്കുകളുണ്ട്‌. കറക്കത്തിന്റെ വേഗം കൂടിയാല്‍ യാത്രക്കാര്‍ക്ക്‌ ദിശാബോധം നഷ്‌ടപ്പെടും. കുറഞ്ഞ കറക്കത്തില്‍ ആവശ്യത്തിനു ഗുരുത്വാകര്‍ഷണം ലഭിക്കാന്‍ പേടകം വലുതായിരിക്കണം, വളരെ വലുത്‌!
അങ്ങനെ 'ക്രിസാലിസ്‌' ടീം 58 കിലോമീറ്റര്‍ നീളമുള്ള ഘടനയിലെത്തി.
വിപരീത ദിശകളില്‍ കറങ്ങുന്ന ഒന്നിലധികം സിലിണ്ടറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും പുറത്തുള്ള പാളികള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന്റെ 0.9 മടങ്ങ്‌ തുല്യമായ കേന്ദ്രാപേക്ഷിത ബലം ഉത്‌പാദിപ്പിക്കുന്നു. അകത്തുള്ള ഷെല്ലുകള്‍ പുറത്തുള്ളവയ്‌ക്ക്‌ വിപരീതമായി കറങ്ങുന്നു. ഈ ക്രമീകരണം പേടകത്തിലുടനീളം വ്യാപിക്കാന്‍ സാധ്യതയുള്ള ഘടനാപരമായ തടസങ്ങള്‍ കുറയ്‌ക്കുന്നതിന്‌ വേണ്ടിയാണ്‌. ഹബിറ്റാറ്റ്‌ മൊഡ്യൂള്‍ മുന്‍വശത്തായി സ്‌ഥാപിച്ചിരിക്കുന്നു. ഇത്‌ യാത്രാ സമയത്ത്‌ ബഹിരാകാശ അവശിഷ്‌ടങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കുറയ്‌ക്കാന്‍ ലക്ഷ്യമിടുന്നു.
ഭൂമിയില്‍നിന്നു പറക്കില്ല

58 കിലോമീറ്റര്‍ എന്ന അളവ്‌ വെറും പ്രതീകാത്‌മകമല്ല. മനുഷ്യരെ സുഖമായി നിലനിര്‍ത്തുന്നതിനൊപ്പം കറക്കം വഴി ഗുരുത്വാകര്‍ഷണം സൃഷ്‌ടിക്കുന്നതിന്റെ നേരിട്ടുള്ള ഫലമാണിത്‌. പക്ഷേ, അത്രയും ഭാരമുള്ള പേടകം ഭൂമിയില്‍നിന്ന്‌ ഉയര്‍ത്താന്‍ ശക്‌തിയുള്ള റോക്കറ്റുകള്‍ നിലവിലില്ല. അവിടേക്കാണു ലഗ്രാഞ്ച്‌ പോയിന്റുകളെത്തുന്നത്‌.
സൂര്യന്‍, ഭൂമി തുടങ്ങിയ ബഹിരാകാശ ഗോളങ്ങളുടെ ആകര്‍ഷണം തുല്യനിലയിലെത്തുന്ന ബഹിരാകാശ മേഖലയാണു ലഗ്രാഞ്ച്‌ പോയിന്റുകള്‍. ഉപഗ്രഹങ്ങളെ സംബന്ധിച്ച്‌ ആ മേഖല 'പാര്‍ക്കിങ്‌' സ്‌ഥലങ്ങളാണ്‌. കുറഞ്ഞ ഇന്ധന ഉപയോഗത്തോടെ ഒരു നിശ്‌ചിത സ്‌ഥാനത്ത്‌ തുടരാന്‍ പേടകങ്ങള്‍ക്ക്‌ കഴിയുന്നതാണു കാരണം. അഞ്ച്‌ ലഗ്രാഞ്ച്‌ പോയിന്റുകളാണു കണ്ടെത്തിയിട്ടുള്ളത്‌. ഇവയെ എല്‍1, എല്‍2, എല്‍3, എല്‍4, എല്‍5 എന്നാണു വിശേഷിപ്പിക്കുന്നത്‌.
ക്രിസാലിസ്‌ പേടകത്തെ പലഭാഗങ്ങളാക്കി ലഗ്രാഞ്ച്‌ പോയിന്റിലെത്തിച്ചു കൂട്ടിച്ചേര്‍ക്കാനാണു നിര്‍ദേശം. ഭൂമിക്കും സൂര്യനുമിടയില്‍ ഭൂമിയില്‍നിന്ന്‌ 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ്‌ എല്‍1ന്റെ സ്‌ഥാനം. അത്രയും അകലത്തില്‍ ക്രിസാലിസ്‌ കൂട്ടിയോജിപ്പിക്കണം. അല്ലെങ്കില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ലഗ്രാഞ്ച്‌ പോയിന്റിനെ ആശ്രയിക്കണം.
കരുത്തുപകരുക
ആണവോര്‍ജം

പേടകത്തിനായുള്ള ഇന്ധനമാണ്‌ അടുത്ത പ്രശ്‌നം. നാല്‌ നൂറ്റാണ്ട്‌ നീണ്ട യാത്രയ്‌ക്ക്‌ നിലവിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇന്ധന ടാങ്കുകള്‍ പോരാ. അതിനായി അണുസംയോജനത്തെ ആശ്രയിക്കാനാണു തീരുമാനം. അണുസംയോജനത്തിലൂടെ ഊര്‍ജം ഉത്‌പാദിപ്പിക്കുന്ന നിലയങ്ങള്‍ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഹീലിയം3, ഡ്യൂട്ടീരിയം എന്നിവ ഉപയോഗിച്ച്‌ അണുസംയോജനം നടത്തി ഊര്‍ജം കണ്ടെത്തണം.
പേടകത്തിന്‌ ആവശ്യമായ വേഗം ആര്‍ജിക്കാന്‍ ഒരു വര്‍ഷമെടുക്കും. തുടര്‍ന്ന്‌ 400 വര്‍ഷം നീളുന്ന സഞ്ചാരം. അവസാന വര്‍ഷം വേഗത കുറയ്‌ക്കുകയും വേണം. ഇതുവരെ ബഹിരാകാശ പേടക പ്ര?പ്പല്‍ഷന്‌ അനുയോജ്യമായ പ്രവര്‍ത്തനക്ഷമമായ ഫ്യൂഷന്‍ റിയാക്‌ടറുകളൊന്നും നിലവിലില്ല.
വിദ്യകള്‍ പുരോഗമിക്കണം

ഫ്യൂഷന്‍ റിയാക്‌ടറുകള്‍ക്കായുള്ള ഗവേഷണം വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്‌. പക്ഷേ, ഗവേഷണം പൂര്‍ത്തിയാകാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും. അതില്‍ ഒരു പദ്ധതിയും ബഹിരാകാശ പേടകത്തില്‍ ഉപയോഗിക്കാവുന്ന റിയാക്‌ടറുകളെക്കുറിച്ചു പറയുന്നില്ല. വായൂരഹിത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന റേഡിയേറ്ററുകള്‍, നൂറ്റാണ്ടുകളോളം നിലനില്‍ക്കുന്ന ഷീല്‍ഡിങ്‌, റിയാക്‌ടറിന്റെ അറ്റകുറ്റപ്പണികള്‍, റേഡിയേഷന്‍ സംരക്ഷണം എന്നിവയിലും അനിശ്‌ചിതത്വങ്ങളുണ്ട്‌. ഭൂമിയില്‍നിന്ന്‌ ഏറെ അകലെയുള്ള ബഹിരാകാശത്ത്‌ ഗാലക്‌റ്റിക്‌ കോസ്‌മിക്‌ കിരണങ്ങളെ അതിജീവിക്കണം. നൂറുകണക്കിന്‌ വര്‍ഷങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന ഊര്‍ജ കണികകളെ തടയാന്‍ പര്യാപ്‌തമായ ഷീല്‍ഡിങ്ങിനു നിലവിലെ സംവിധാനങ്ങള്‍ പോരാ. അതിനായി പേടകത്തിന്റെ പുറംചട്ടയുടെ കനംകൂട്ടേണ്ടിവരും. അതിനാവശ്യമായ വസ്‌തുക്കള്‍ ഇതുവരെ വികസിപ്പിച്ചിട്ടില്ല. എങ്കിലും ക്രിസാലിസ്‌ 'നിലവിലില്ലാത്ത' എന്‍ജിനീയറിങ്‌ ഷീല്‍ഡിങ്ങിനെ ആശ്രയിക്കുന്നു.
ജീവവായു
പുനരുപയോഗിക്കണം

ജലത്തിന്റെയും ജീവവായുവിന്റെയും പുനരുപയോഗമാണ്‌ അടുത്ത വെല്ലുവിളി. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐ.എസ്‌.എസ്‌.) പരീക്ഷണങ്ങളില്‍ വെള്ളം പുനരുപയോഗിക്കുന്നതില്‍ 98 ശതമാനം കാര്യക്ഷമതയാണു ലഭിച്ചത്‌. ദീര്‍ഘകാല യാത്രയ്‌ക്ക്‌ ജലം വെള്ളം പുനരുപയോഗിക്കണം. മനുഷ്യര്‍ക്കു മാത്രമല്ല സസ്യങ്ങള്‍ക്കും ജലം വേണം.
ബാഹ്യ ഇടപെടലില്ലാതെ സ്‌ഥിരമായ അന്തരീക്ഷ ഘടന നിലനിര്‍ത്തുന്നത്‌ ബുദ്ധിമുട്ടാണെന്നു ഭൂമിയിലെ പരീക്ഷണങ്ങള്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. പാരിസ്‌ഥിതിക ചക്രങ്ങള്‍, ജലശേഖരണ സംവിധാനങ്ങള്‍, കാര്‍ഷിക സംയോജനം എന്നിവ രൂപകല്‍പനയുടെ ഭാഗമാണ്‌.
16 തലമുറകളിലൂടെയുള്ള യാത്ര

ഹൈപ്പീരിയണ്‍ മത്സരത്തില്‍ ടീമുകള്‍ ശാരീരിക അതിജീവനത്തോടൊപ്പം നൂറ്റാണ്ടുകളായുള്ള സാമൂഹിക ഐക്യത്തെയും അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. ക്രിസാലിസ്‌ നിര്‍ദേശങ്ങളില്‍ അന്റാര്‍ട്ടിക്‌ ദൗത്യ അനുഭവങ്ങളെ അടിസ്‌ഥാനമാക്കി യാത്രക്കാരെ തെരഞ്ഞെടുക്കുന്ന നയങ്ങളും ഉള്‍പ്പെടും.
അന്റാര്‍ട്ടിക്‌ ദൗത്യത്തില്‍ ഒറ്റപ്പെടലും അടച്ചിടലും ഏകാന്തതയും പരിചിതമല്ലാത്ത സാഹചര്യങ്ങളും ഉള്‍പ്പെടുന്നു. അതു മൂലമുള്ള മാനസിക സമ്മര്‍ദത്തെ അതിജീവിക്കണം. ഈ പ്രശ്‌നങ്ങള്‍ അതിജീവിക്കാന്‍ കഴിയുന്നവരാകണം യാത്രയുടെ ഭാഗമാകേണ്ടത്‌്.
രൂപകല്‍പനയില്‍ സാമൂഹിക ഘടനയ്‌ക്ക്‌ വിശദമായ ശ്രദ്ധ നല്‍കി. ക്രിസാലിസ്‌ ടീം കുടുംബ യൂണിറ്റുകള്‍ക്ക്‌ പകരം കമ്യൂണിറ്റി അടിസ്‌ഥാനമാക്കിയുള്ള ശിശു പരിപാലനം നിര്‍ദേശിച്ചു. കൂടാതെ ജനസംഖ്യാ നിയന്ത്രണവും നിര്‍ദേശിക്കുന്നു. ഒരിക്കലും കണ്ടുമുട്ടാത്ത തലമുറകള്‍ക്കിടയില്‍ സാങ്കേതികവും സാംസ്‌കാരികവുമായ തുടര്‍ച്ച നിലനിര്‍ത്തുന്നതിന്‌ വിജ്‌ഞാന സംരക്ഷണ സംവിധാനങ്ങള്‍ അവര്‍ നിര്‍ദേശിച്ചു. എഐ സഹായത്തോടെയുള്ള തീരുമാനമെടുക്കല്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഭരണം.
ലക്ഷ്യത്തിലെത്തിയാലും...

ഇതൊക്കെയാണെങ്കിലും നൂറ്റാണ്ടുകള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ പ്രോക്‌സിമാ സെന്റൂരി ബി എന്ന ഗ്രഹത്തിലെത്തിയെന്നിരിക്കട്ടേ. ആ ഗ്രഹത്തില്‍ ജീവനു സാധ്യതയില്ലെങ്കില്‍! പ്രോക്‌സിമാ ബി ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചു വ്യക്‌തമായ ധാരണ ശാസ്‌ത്രജ്‌ഞര്‍ക്കില്ല. ഭൂമിയോട്‌ സാമ്യമുള്ളതാണെന്നും അവിടെ ദ്രാവകരൂപത്തില്‍ ജലത്തിനു സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്‌. പക്ഷേ, മനുഷ്യര്‍ക്ക്‌ അതിജീവിക്കാന്‍ പ്രയാസമുള്ള റേഡിയേഷനാണ്‌ ആ ഗ്രഹം നേരിടുന്നതെന്നാണു സൂചന. പിന്നെന്തിനാണ്‌ അങ്ങനെ ഒരു യാത്രയ്‌ക്ക്‌ പദ്ധതിയിടുന്നതെന്നതാണു ചോദ്യം. രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ ബഹിരാകാശ യാത്രയും അതുപോലെയൊരു സ്വപ്‌നമായിരുന്നെന്നാണു മറുപടി.

Ads by Google
Sunday 22 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW