-->
തിരിച്ചടി നേരിടുന്ന കേരളത്തിലെ ആരോഗ്യമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ സമരം. ജനജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഉദാസീനതയും കഴിവുകേടും കൂടുതല്‍ വ്യക്‌തമാക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാതെ വന്നതോടെ സാധാരണക്കാരായ രോഗികളാണു പെരുവഴിയിലായത്. അത്യന്തം ഗൗരവമേറിയ ഇത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ അനാസ്‌ഥ ന്യായീകരിക്കാനാവില്ല.
രോഗികള്‍ക്ക് ആനുപാതികമായ തസ്‌തികകള്‍ സൃഷ്‌ടിക്കുക, അടിസ്‌ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ശമ്പളപരിഷ്‌കരണ കുടിശിക നല്‍കുക, പ്രവേശന തസ്‌തികയിലെ ശമ്പള അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്‌ടര്‍മാര്‍ സമരരംഗത്തുള്ളത്. കേരളാ സ്‌റ്റേറ്റ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ) പ്രഖ്യാപിച്ച സമരത്തിന് കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ പിന്തുണയുമുണ്ട്. സമീപകാലത്ത് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ഡോക്‌ടര്‍മാരുടെ ആവശ്യങ്ങള്‍ തികച്ചും ന്യായയുക്‌തമാണെന്നു പറയേണ്ടിവരും. അതുകൊണ്ടുതന്നെ, അടിയന്തര ഇടപെടലിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിനു കഴിയണമായിരുന്നു. എന്നാല്‍, ഈക്കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടിയ ഉത്തരവാദിത്വമില്ലായ്‌മയാണ് ഡോക്‌ടര്‍മാരുടെ സമരം ഈ വിധത്തില്‍ ഗുരുതരമായ ഘട്ടത്തില്‍ എത്തിച്ചത്.
2025 ജൂലൈ ഒന്നു മുതല്‍ ഡോക്‌ടര്‍മാര്‍ സമരരംഗത്തുണ്ട്. ഈ മാസം പകുതിയോടെ ഒ.പി. ബഹിഷ്‌കരണം, അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകള്‍ നിര്‍ത്തിവയ്‌ക്കുക എന്നീ വിധത്തില്‍ സമരം ശക്‌തിപ്പെടുത്താന്‍ ഡോക്‌ടര്‍മാര്‍ നിര്‍ബന്ധിതരായി. രോഗികള്‍ കഷ്‌ടപ്പെടുന്ന സാഹചര്യം ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നു സര്‍ക്കാര്‍ ഇനിയും മനസിലാക്കിയിട്ടില്ലെന്നത് നിര്‍ഭാഗ്യകരമാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും അമിത ജോലിഭാരവും ആരോഗ്യമേഖലയിലെ 'സിസ്‌റ്റം തകരാറി'നു കാരണമായി നിരന്തരം പറയുന്ന കാര്യമാണ്. ആരോഗ്യമേഖലയുടെ നട്ടെല്ലായ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഉയരുന്ന ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഇത്തരം സംവിധാനങ്ങളെയോര്‍ത്ത് മേനി നടിക്കുന്നതില്‍ എന്തുകാര്യം? ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സമരം ചെയ്യുന്ന ജീവനക്കാരെ പേടിപ്പിക്കാം എന്നാണോ സര്‍ക്കാര്‍ കരുതിയത്? ഡോക്‌ടര്‍മാരുടെ സമരത്തെ നേരിടേണ്ട തരത്തിലല്ല സര്‍ക്കാരിന്റെ സമീപനമെന്നതാണ് ഏറ്റവും വലിയ പോരായ്‌മ. എന്തു കാരണങ്ങള്‍ കൊണ്ടാണെങ്കിലും രോഗികളെ വലച്ചുകൊണ്ടുള്ള സമരത്തിലേക്ക് ആരോഗ്യ മേഖലയെ തള്ളിവിട്ടതു സര്‍ക്കാര്‍ സംവിധാനത്തിന്റെ പോരായ്‌മയായി മാത്രമേ കാണാനാകൂ.
ആരോഗ്യമേഖലയില്‍ സമരം ഉണ്ടാകുമ്പോഴെല്ലാം കൂടുതല്‍ ദുരിതത്തിലാകുക നിര്‍ധനരായ രോഗികളാണ്. ഇത്തരത്തില്‍ നിരവധി രോഗികളാണു മെഡിക്കല്‍ കോളജുകളിലെത്തി ചികിത്സ കിട്ടാതെ നിരാശയോടെ, വിധിയെ പഴിച്ച് മടങ്ങിപ്പോകുന്നത്. വിധിയെ കുറ്റപ്പെടുത്തി ആളുകള്‍ തിരിച്ചു പോകേണ്ട ഇടങ്ങളായി ചികിത്സാ കേന്ദ്രങ്ങള്‍ മാറാന്‍ ഒരിക്കലും ഇടയുണ്ടാക്കരുത്. ഡോക്‌ടര്‍മാരുടെ ആവശ്യം നിറവേറ്റണമെങ്കില്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണു സര്‍ക്കാരിന്റെ പക്ഷം. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് 'വോട്ട് ബാങ്കു'കളെ ആകര്‍ഷിക്കാന്‍ വാരിക്കോരി പ്രഖ്യാപിക്കാന്‍ മടിയില്ലാത്ത സര്‍ക്കാരിന്റെ ഡോക്‌ടര്‍മാരോടുള്ള നിഷേധാത്മക സമീപനം യഥാര്‍ഥത്തില്‍ നാട്ടിലെ പാവപ്പെട്ടവരോടുള്ള വെല്ലുവിളിയായി കാണേണ്ടിവരും.