Friday, March 13, 2026 Last Updated 30 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.34 PM

ശബരിമല യുവതീപ്രവേശനം: നാലു പതിറ്റാണ്ടു പിന്നിട്ട്‌ ആദ്യ നിയമപോരാട്ടം

uploads/news/2026/02/826824/k5.jpg

പന്തളം: ശബരിമല യുവതീ പ്രവേശന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുമ്പോള്‍ ഈ വിഷയത്തില്‍ നാലു പതിറ്റാണ്ടിനു മുന്‍പ്‌ ഒറ്റയാള്‍ സമരം നടത്തിയ രാജേന്ദ്രന്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. അന്ന്‌ എതിര്‍പക്ഷത്താകട്ടെ ചലിച്ചിത്ര ലോകത്തെ പ്രമുഖരും. ആചാരലംഘനത്തിനെതിരേ കേസ്‌ നല്‍കിയപ്പോള്‍ സംഗതി ഇത്രത്തോളം എത്തുമെന്ന്‌ ചിന്ത ഉണ്ടായിരുന്നില്ലെന്ന്‌ രാജേന്ദ്രന്‍ ഓര്‍ക്കുന്നു.
'നമ്പിനോര്‍ കെടുവതില്ലൈ' എന്ന തമിഴ്‌ സിനിമയ്‌ക്ക്‌ വേണ്ടി ശബരിമലയില്‍ പതിനെട്ടാം പടിക്ക്‌ താഴെ ഒന്നാം പടിയോട്‌ ചേര്‍ന്ന്‌, പുറംതിരിഞ്ഞ്‌ നിന്ന്‌ യൗവനയുക്‌തയായ നടി പാട്ടുപാടി നൃത്തം ചെയ്‌തതിനെതിരേയാണ്‌ രാജേന്ദ്രന്‍
പരാതി നല്‍കിയത്‌. കായംകുളം കാപ്പില്‍ മേക്ക്‌ തെറ്റുവേലില്‍ പരേതനായ വിശ്വനാഥന്‍ ആചാരിയുടെ മകന്‍, ഇപ്പോള്‍ നുറനാട്‌ ഇടക്കുന്നം പൂക്കോയിക്കല്‍ വീട്ടില്‍ സ്‌ഥിരതാമസക്കാരനായ വി. രാജേന്ദ്രന്‍ 1984 മേയിലായിരുന്നു റാന്നി ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തത്‌.
കെ.ശങ്കര്‍ പൈയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ പ്രഭു, എം.എന്‍. നമ്പ്യാര്‍ തുടങ്ങി പ്രമുഖരുടെ നീണ്ടനിരയാണ്‌ അണിനിരന്നത്‌. തിരുവിതാംകൂര്‍ ദേവസ്വം 7500 രൂപാ വാങ്ങി രസീത്‌ നല്‍കിയായിരുന്നു ചിത്രീകരണത്തിന്‌ അനുമതി നല്‍കിയത്‌. താരങ്ങളായ ജയശ്രീ, സുധാചന്ദ്രന്‍, അനു (ഭാമ), വടിവുക്കരശി, മനോരമ എന്നിവരായിരുന്നു ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍. ആറാം പ്രതി സംവിധായകന്‍. അന്നത്തെ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എന്‍. ഭാസ്‌കരന്‍ നായര്‍, അംഗങ്ങളായ സരസ്വതി കുഞ്ഞിക്കൃഷ്‌ണന്‍, ഹരിഹരയ്യര്‍ എന്നിവര്‍ 7 മുതല്‍ 9 വരെ പ്രതികളുമായിരുന്നു.
1980 ബോംബൈയില്‍ നടന്ന ബി.ജെ.പി ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത വ്യക്‌തിയായിരുന്നു വിദ്യാര്‍ഥിയായിരുന്ന രാജേന്ദ്രന്‍. പാര്‍ട്ടിയുടെ കായംകുളം മണ്ഡലം രൂപീകരണ കമ്മിറ്റിയുടെ കണ്‍വീനര്‍ ആയിരുന്ന കാലത്താണ്‌ 'ജൂനിയര്‍ വികടന്‍' എന്ന തമിഴ്‌ മാസികയില്‍ ശബരിമലയില്‍ ഷൂട്ടിങ്‌ നടന്ന ചിത്രങ്ങളും, വാര്‍ത്തയും അച്ചടിച്ചു വന്നത്‌. ഇതോടെയാണ്‌ രാജേന്ദ്രന്‍ കേസിന്‌ ഒരുങ്ങി പുറപ്പെട്ടത്‌.
കായംകുളത്തെ ചില ജൂനിയര്‍ അഭിഭാഷകരുടെ സഹായത്തോടെ പെറ്റീഷന്‍ തയാറാക്കി. കേസ്‌ നല്‍കേണ്ടത്‌ റാന്നി കോടതിയില്‍, എതിര്‍ കക്ഷികള്‍ പ്രമുഖര്‍. വക്കീലിനെ വയ്‌ക്കാന്‍ പണമില്ല, സഹായത്തിനും ആരുമില്ല. എന്നാല്‍, പിന്തിരിയാന്‍ രാജേന്ദ്രന്‍ ഒരുക്കമായിരുന്നില്ല. അയ്യപ്പ സ്വാമിയെ വിശ്വസിച്ചു കൊണ്ട്‌ പെറ്റീഷനുമായി റാന്നി കോടതിയിലെത്തി. ബഞ്ച്‌ ക്ലര്‍ക്കിന്റെ പക്കല്‍ നല്‍കി, വക്കിലാരെന്ന്‌ ചോദിച്ചു സ്വന്തമായി വാദിച്ചുകൊള്ളാം എന്ന്‌ പറഞ്ഞ്‌ ഒരു രൂപ സ്‌റ്റാമ്പ്‌ ഒട്ടിച്ച്‌ പരാതി കൊടുത്തു. അന്ന്‌ ഉച്ചയ്‌ക്ക്‌ ശേഷം മജിസ്‌ട്രേറ്റ്‌ ചേംബറില്‍ വച്ച്‌ രാജേന്ദ്രന്റെ മൊഴി എടുത്തു. മൊഴി കൊടുത്ത്‌ കായംകുളത്തിന്‌ മടങ്ങി.
ഇതെല്ലാം മറന്ന അവസരത്തിലാണ്‌ പ്രമുഖ ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന വാര്‍ത്തയായി കക്ഷികള്‍ക്ക്‌ സമന്‍സ്‌ അയച്ചു എന്നതറിഞ്ഞത്‌. 84 മുതല്‍ കേസ്‌ നടന്നു. രാജേന്ദ്രന്‌ പ്രലോഭനങ്ങള്‍ നിരവധി വന്നു. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്‌ദാനം വരെയുണ്ടായി. വമ്പന്‍ന്മാര്‍ മധ്യസ്‌ഥ ശ്രമത്തിന്‌ വന്നു. കേസ്‌ തോറ്റാല്‍ വന്‍ തുക നഷ്‌ട പരിഹാരം നല്‍കേണ്ട അവസ്‌ഥയില്‍ എത്തി. ദേവസ്വം ബോര്‍ഡ്‌ സ്‌റ്റേക്കായി ശ്രമിച്ചു.
എന്നാല്‍, ഹൈക്കോടതിയില്‍ അഡ്വ. കെ. രാംകുമാര്‍ ഒരു രൂപ പോലും വാങ്ങാതെ സ്‌റ്റേ ഒഴിവാക്കി നല്‍കി. 86-ല്‍ രാജേന്ദ്രന്‌ ഇ.എസ്‌.ഐ. വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്കായി ജോലി ലഭിച്ചു. റാന്നിയില്‍ അഭിഭാഷകനായ ഭാര്‍ഗവന്‍, രാജേന്ദ്രന്‌ വേണ്ടി കോടതിയില്‍ ഹാജരായി. 1990 ഓഗസ്‌റ്റ്‌ 14 ന്‌ റാന്നി ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ പ്രതികള്‍ക്ക്‌ ആയിരം രൂപയോ, മൂന്നു മാസം തടവോ വിധിച്ചു. കേസിനായി അമേരിക്കയില്‍നിന്നു പോലും നടിമാര്‍ റാന്നി കോടതിയിലെത്തിയിരുന്നു. വാദിയുടെ അനുവാദം വാങ്ങി പ്രായം കണക്കിലെടുത്ത്‌ നടി മനോരമയെ കോടതി നിരുപാധികം വെറുതെ വിട്ടിരുന്നു.

നൂറനാട്‌ മധു

Ads by Google
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW