Friday, March 13, 2026 Last Updated 34 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.34 PM

കോടികള്‍ 'ആകാശത്ത്‌ '; ഇഴ കീറി മുന്നണികള്‍, പാലാ റിവര്‍വ്യൂ റോഡ്‌ പാതിവഴിയില്‍

uploads/news/2026/02/826822/k3.jpg

പാലാ: പാലാ നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പണിതുടങ്ങിയ പാല റിവര്‍വ്യൂറോഡ്‌ ഊരാക്കുരുക്കില്‍. അതിനായി കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ എലിവേറ്റഡ്‌ പാത ഒരു കിലോമീറ്ററിലേറെ തുണുകളില്‍ നിലം തൊടാതെ ആകാശത്തും. പണിതുടങ്ങിയശേഷം രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴും മുന്നണികള്‍ പരസ്‌പരം പഴിചാരി ജനങ്ങളെ വിഡ്‌ഢികളാക്കുന്നു. പാലാ നഗരത്തിലൂടെയുള്ള സുഗമമായ ഗതാഗതത്തിനും മീനച്ചിലാറിന്റെ തീര വികസനത്തിനും നദീആഭിമുഖ്യമുള്ള വികസനത്തിനും ലക്ഷ്യമിട്ട്‌ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായ സ്വപ്‌ന പദ്ധതിയാണ്‌ റിവര്‍വ്യൂ റോഡ്‌ ദീര്‍ഘിപ്പിക്കല്‍. കോടികള്‍ മുടക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയിട്ടും റോഡിന്റെ ആരംഭ ഭാഗത്ത്‌ കോമളം ഹോട്ടല്‍ ഇരിക്കുന്ന സ്‌ഥലം ഏറ്റെടുക്കുന്നതിന്‌ ഇതുവരെ സാധിച്ചിട്ടില്ല. നിലവിലുള്ള റോഡിലേക്ക്‌ പുതിയ റോഡ്‌ ചേരാന്‍ ഈ സ്‌ഥലം കൂടിവേണം.
ഇതിനാല്‍ മീനച്ചിലാറിന്റെ തീരത്തുകൂടി നിര്‍മ്മിച്ച തൂണൂകളിലൂടെ പാലം വാര്‍ത്തെത്തിയെങ്കിലും പഴയ റോഡില്‍ തൊടാതെ പാലം ഒരുകിലോമീറ്ററോളം ആകാശത്തു നില്‍ക്കുകയാണ്‌. പാലത്തിന്റെ ഇനി വാര്‍ക്കുവാനുള്ള ഭാഗത്തെ ഇരുമ്പു കമ്പികള്‍ തുരുമ്പെടുത്ത്‌ നശിക്കുകയാണ്‌.
പാലാ നഗരത്തില്‍ മീനച്ചിലാറിന്റെ തീരം വഴിയുള്ള റിവര്‍വ്യൂ റോഡ്‌ കൊട്ടാരമറ്റം വരെ നീട്ടുന്ന്‌ പദ്ധതി കെ.എം മാണിയുടെ കാലഘട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അനുവദിച്ച്‌ നിര്‍മ്മാണം ആരംഭിച്ചതാണ്‌. നഗരത്തിനുള്ളില്‍ പ്രവേശിക്കാതെ തന്നെ വാഹനങ്ങള്‍ക്ക്‌ ളാലം ജങ്‌ഷനില്‍ നിന്ന്‌ കൊട്ടാരമറ്റത്തെത്താം. ഏറ്റവുമധികം തിരക്കനുഭവപ്പെടുന്ന കൊട്ടാരമറ്റം മുതല്‍ ആശുപത്രി ജങ്‌ഷന്‍ വരെയുള്ള ഭാഗത്ത്‌ പൂര്‍ണ്ണമായും വണ്‍വേ സംവിധാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടാനും സാധിക്കുമെന്നതും നേട്ടമാണ്‌. മീനച്ചിലാറിന്‍റെ തീരത്തുകൂടി 150ല്‍പരം തൂണുകള്‍ തീര്‍ത്താണ്‌ റോഡ്‌ നിര്‍മിച്ചിരിക്കുന്നത്‌. 12 മീറ്റര്‍ വീതിയുള്ള റോഡില്‍ രണ്ട്‌ മീറ്റര്‍ വീതിയില്‍ നടപ്പാതയുണ്ട്‌. നടപ്പാത ആറ്റിലേക്ക്‌ തള്ളി നില്‍ക്കും. റിവര്‍വ്യൂ റോഡ്‌ പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ പ്രധാന ജങ്‌ഷനുകളിലെ ഗതാഗതത്തിരക്ക്‌ പൂര്‍ണമായും നിയന്ത്രിക്കാനാകും. ഹോട്ടല്‍ ഇരിക്കുന്ന ഭാഗത്തെ സ്‌ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അനിശ്‌ചിതമായി നീളുന്നതാണ്‌ പ്രധാന പ്രശ്‌നമെങ്കിലും ഇതിനു നടപടിയുണ്ടാക്കാതെ ഇരുമുന്നണികളും പരസ്‌പരം പഴിചാരി തലയൂരുകയാണ്‌. ചുവപ്പുനാട അഴിച്ച്‌ നടപടികള്‍ പൂര്‍ത്തിയാക്കി സ്‌ഥലം പൊതുമാരാമത്ത്‌ വകുപ്പിന്‌ കൈമാറിയാല്‍ മാത്രമേ റോഡ്‌ യാഥാര്‍ഥ്യമാവൂ. ഇതിനായി ഇനിയും എത്രകാലം കാത്തിരിക്കണമെന്ന കാര്യത്തില്‍ അനിശ്‌ചിതത്വം തുടരുകയാണ്‌.

സി.ജി. ഡാല്‍മി

തുക സര്‍ക്കാര്‍ കൈമാറാത്തത്‌ തടസം: മാണി സി.കാപ്പന്‍ എം.എല്‍.എ

റിവര്‍വ്യു റോഡ്‌ ദീര്‍ഘിപ്പിക്കല്‍ പദ്ധതി അനിശ്‌ചിതത്വത്തിലാവാന്‍ കാരണം ഗവ.ആശുപത്രിക്ക്‌ സമീപം റോഡ്‌ തുടങ്ങുന്ന ഭാഗത്തെ കോമളം ഹോട്ടല്‍ ഉടമയുടെ സ്‌ഥലം ഏറ്റെടുക്കാനാവശ്യമായ 52 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറാത്തതാണ്‌.. പലതവണ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരേയും കണ്ട്‌് പ്രശ്‌നം അതീവ ഗൗരവത്തോടെ ധരിപ്പിച്ചുവെങ്കിലും സര്‍ക്കാരിന്റെ മെല്ലെപ്പോക്ക്‌ തുടരുകയാണ്‌. സര്‍ക്കാര്‍ ഫണ്ടിന്റെ അഭാവമാണോ പാലായോടുള്ള അവഗണനയാണോ ഇതിന്‌ പിന്നിലെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.

കടമ്പകളും നടപടിക്രമങ്ങളും ഏറെ: ജോസ്‌. കെ.മാണി എം.പി
പാലായുടെ സ്വപ്‌ന പദ്ധതിയായ റിവര്‍വ്യുറോഡ്‌ ദീര്‍ഘിപ്പിക്കല്‍ യാഥാര്‍ഥ്യമാവാന്‍ കോമളം ഹോട്ടല്‍ ഉടമയുടെ കേവലം 2 സെന്റ്‌ സ്‌ഥലം മാത്രമെ ഏറ്റെടുക്കേണ്ടതുള്ളുവെങ്കിലും ഏറ്റെടുക്കല്‍ നടപടി ക്രമങ്ങളും കടമ്പകളും പൂര്‍ത്തിയാവാത്തതാണ്‌ തടസം. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഒട്ടേറെ നോട്ടിഫിക്കേഷനുകള്‍ നടത്തണം. സാമൂഹികാഘാത പഠന റിപ്പോര്‍ട്ട്‌ അടക്കമുള്ള നോട്ടിഫിക്കേഷനുകള്‍ ഇതിനകം വന്നുകഴിഞ്ഞു.മറ്റ്‌ നോട്ടിഫിക്കേഷനുകള്‍കൂടി സമയബന്ധിതമായി പൂര്‍ത്തിയാക്കി റവന്യുവകുപ്പ്‌ തുക ഉടമയ്‌ക്ക്‌ നല്‍കി സ്‌ഥലം ഏറ്റെടുത്ത്‌് പൊതുമരാമത്ത്‌ വകുപ്പിന്‌ കൈമാറിയാലുടന്‍ നിര്‍മ്മാണം പുനരാരംഭിച്ച്‌ ഉടന്‍ പൂര്‍ത്തിയാക്കാനാവും.അതിനുള്ള തീവ്രശ്രമം തുടരുകയാണ്‌.

ഒന്നിച്ചുനില്‍ക്കാത്തത്‌ പാലായുടെ ശാപം: ഷോണ്‍

റിവര്‍വ്യു റോഡ്‌ ദീര്‍ഘിപ്പിക്കല്‍ പോലുള്ള പാലായുടെ വികസനത്തിനുതകുന്ന പദ്ധതികള്‍ അനിശ്‌ചിതമായി നീളാന്‍ കാരണം വികസന കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കാതെ സ്‌ഥലം എം.എല്‍.എയും ഭരണകക്ഷിയിലെ പ്രമുഖ നേതാവും രാഷ്‌ട്രീയം പറഞ്ഞു നടക്കുന്നതാണ്‌. പരസ്‌പരം പഴിചാരിയിട്ട്‌ കാര്യമില്ല.വികസന കാര്യത്തില്‍ രാഷ്‌ടീയം മാറ്റിവച്ച്‌ ഒന്നിച്ചുനിന്നാല്‍ ചെറിയ സമയത്തിനുള്ളില്‍ ഇതുപോലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാം.

Ads by Google
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW