-->
ന്യൂഡല്‍ഹി: അവയവ ദാനത്തിലൂടെ അഞ്ചുപേര്‍ക്ക് ജീവന്‍ നല്‍കിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ പേര് മന്‍ കി ബാത്തില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുനാവായ കുംഭമേള, തൃശൂരില്‍ 570 ഇനം ധാന്യങ്ങള്‍ കൃഷി ചെയ്‌ത ഗ്രാമം എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
അഞ്ചു പേര്‍ക്ക് ജീവന്‍ നല്‍കിയാണ് പത്തനംതിട്ട മല്ലപ്പള്ളി വാലുമണ്ണില്‍ അരുണും ഏബ്രഹാമിന്റെയും ഭാര്യ ഷെറിന്‍ ആന്‍ ജോണിന്റെയും 10 മാസം പ്രായമുള്ള മകള്‍ ആലിന്‍ ഷെറിന്‍ ലോകത്തോട് വിട പറഞ്ഞത്. ഒരു പാട് സ്വപ്‌നങ്ങള്‍ ബാക്കി വച്ചാണ് ആലിന്‍ പോയതെന്നു പ്രധാനമന്ത്രി പറഞ്ഞു. വലിയ വേദനയ്‌ക്കിടയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്‌ത മാതാപിതാക്കളെ ആദരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ എം.സി. റോഡില്‍ കോട്ടയം പള്ളം ബോര്‍മ കവലയിലുണ്ടായ അപകടത്തിലാണ് ആലിന്‍ ഷെറീനു പരുക്കേറ്റത്. ദിവസങ്ങളോളം ചികിത്സയിലായിരുന്നു ആലിന്‍. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്‌ടര്‍മാര്‍ മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണു അരുണ്‍ ഏബ്രഹാമും ഷെറിന്‍ ആന്‍ ജോണിയും അവയവദാനത്തിന് തീരുമാനിച്ചത്.
ആലിന്‍ ഷെറീന്റെ ഹൃദയവാല്‍വ് ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്കും കരള്‍ കിംസ് ആശുപത്രിയിലേക്കും വൃക്കകള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് എത്തിച്ചത്. കണ്ണുകള്‍ നേത്ര ബാങ്കിനു കൈമാറി. സംസ്‌കാരത്തിന്റെ വീണ്ടെടുപ്പായിരുന്നു തിരുനാവായയിലെ കുംഭമേളയെന്നു മോദി പറഞ്ഞു. തൃശൂരിലെ ഒരു ഗ്രാമത്തിലെ വയലില്‍ പ്രാദേശികവും ഇതര സംസ്‌ഥാങ്ങളില്‍നിന്നുള്ളതുമായ 570 ഇനം ധാന്യങ്ങള്‍ വിളയിച്ചത് കാര്‍ഷിക മേഖലയിലെ വൈവിധ്യത്തിന് ഉദാഹരണമാണെന്നും മോദി പറഞ്ഞു.