-->
കൊച്ചി: നവീകരിച്ച കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ചോര്‍ച്ച. കഴിഞ്ഞദിവസം രാത്രി പെയ്‌ത മഴയില്‍ മേല്‍ക്കൂരയിലൂടെ വെള്ളം ഇരിപ്പിടങ്ങളിലേക്ക് കുത്തിയൊലിച്ചെത്തുന്നതിന്റെ വീഡിയോ വൈറല്‍.
സ്‌പോണ്‍സറും വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ)യും രാജ്യാന്തര നിലവാരത്തില്‍ പുതുക്കിപ്പണിത സ്‌റ്റേഡിയത്തിലാണു ദുര്‍ഗതി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പുതിയ സീസണിലെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഇന്നലെ നടക്കും മുമ്പാണു സ്‌റ്റേഡിയത്തിന്റെ ശോച്യാവസ്‌ഥ പുറത്തുവന്നത്. മത്സരത്തിനു മുന്നോടിയായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ എത്തിയ ജീവനക്കാരാണ് മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നത് കണ്ടത്. ഗാലറിക്ക് മുകളിലെ മേല്‍ക്കൂര പലയിടങ്ങളിലും തകര്‍ന്ന നിലയിലാണ്. മഴ പെയ്യുമ്പോള്‍ ഇരിപ്പിടങ്ങളിലേക്കാണു വെള്ളം വീഴുന്നത്. മഴ പെയ്‌താല്‍ കുട ചൂടി കളി കാണേണ്ട അവസ്‌ഥയാകുമെന്ന് ആരാധകരും പറയുന്നു.
അര്‍ജന്റീനാ ടീമിന്റെ സന്ദര്‍ശനം ലക്ഷ്യമിട്ട് ഏകദേശം 70 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണു ജി.സി.ഡി.എയും സ്‌പോണ്‍സറും സ്‌റ്റേഡിയത്തില്‍ നടത്തിയത്. ചെലവായ തുകയുടെ കൃത്യം കണക്ക് ഇതുവരെ പുറത്തു വന്നിട്ടുമില്ല. ജോലികള്‍ ശാസ്‌ത്രീയമല്ലെന്നും സുതാര്യമല്ലെന്നും ആരോപിച്ച് നേരത്തെ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.