-->
ഹരിപ്പാട്: ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്‌പ്പിലും കൂട്ടത്തല്ലിലും നിരവധി പേര്‍ക്കു പരുക്ക്. ശനിയാഴ്‌ച അര്‍ധരാത്രിയോടെ കാര്‍ത്തികപ്പള്ളി പുളിക്കീഴിലായിരുന്നു സംഭവം. പുളിക്കീഴ് ഭാഗത്തെ കെ.ടി.ഡി.സി. ബാറില്‍ 21 നു രാത്രി മദ്യപിക്കാന്‍ എത്തിയ യുവാക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണം. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട ഇരു കൂട്ടരും ക്രിമിനല്‍ പശ്‌ചാത്തലം ഉള്ളവരാണെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്‌ച അര്‍ധരാത്രി പന്ത്രണ്ടരയോടെ പുളിക്കീഴ് ഗുരു മന്ദിരത്തിന് സമീപത്ത് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവമായി ബന്ധപ്പെട്ട് കുതിര കെട്ടുന്ന ഭാഗത്ത് പത്തോളം വരുന്ന യുവാക്കള്‍ ബൈക്കില്‍ എത്തുകയും സംഘര്‍ഷം അഴിച്ചുവിടുകയുമായിരുന്നു. സംഘര്‍ഷത്തിനിടയില്‍ ബൈക്കില്‍ എത്തിയ സംഘത്തിലെ തൃക്കുന്നപ്പുഴ തുലാംപറമ്പ് രാഗം വീട്ടില്‍ വിഷ്‌ണു(33) കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് എതിര്‍പക്ഷത്തിന് നേരെ വെടി ഉതിര്‍ത്തു.
തോക്കില്‍ തിരകള്‍ ഇല്ലായെന്ന് മനസിലാക്കിയ എതിര്‍സംഘം പ്രദേശത്തുണ്ടായിരുന്ന പട്ടികയും മരത്തടികളുമെല്ലാം എടുത്ത് വിഷ്‌ണുവിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. തോക്ക് തൃക്കുന്നപ്പുഴ പോലീസ് കസ്‌റ്റഡിയിലെടുത്തു. തലയ്‌ക്ക് ഗുരുതരമായ പരുക്കേറ്റ വിഷ്‌ണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു സംഘത്തിലും പെട്ട പത്തോളം പേര്‍ വണ്ടാനം മെഡിക്കല്‍ കോളജിലും പരുമല സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
എന്നാല്‍, തൃക്കുന്നപ്പുഴ പോലീസ് മൊഴിയെടുക്കാന്‍ എത്തിയപ്പോഴേക്കും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നവര്‍ കടന്നുകളഞ്ഞു. വിഷ്‌ണുവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കണ്ടാല്‍ അറിയാവുന്ന പത്തുപേര്‍ക്കെതിരെ കേസെടുത്തു. മറ്റൊരു മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഹരിപ്പാട് ശാസ്‌താ മുറി സ്വദേശി അപ്പു, തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി ശരത്, പല്ലന സ്വദേശികളായ അഭിലാഷ്, സജിന്‍ എന്നിവര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന ഒരാള്‍ക്കെതിരെയും കേസെടുത്തു. സംഭവസ്‌ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.