-->
പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി അഡ്‌മിറ്റ് ചെയ്‌ത തൃത്താല സ്വദേശിനിയായ യുവതിയും ഗര്‍ഭസ്‌ഥ ശിശുവും മരിക്കാനിടയായത് ഡോക്‌ടര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതരമായവീഴ്‌ച കൊണ്ടാണെന്നും ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും യുവതിയുടെ ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും സംഭവത്തെക്കുറിച്ച് ഡി.എം.ഒ പറഞ്ഞത് പച്ചക്കള്ളമാണെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.
ഈ മാസം 16 നാണ് തൃത്താല മേഴത്തൂര്‍ കുളങ്ങര വീട്ടില്‍ നാസര്‍ ബാഷയുടെ ഭാര്യ നൗഷിജ (29)യെ പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസവും ബ്ലീഡിങ്ങും ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ 19 ന് ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്‌ച രാവിലെ ബന്ധുക്കള്‍ യുവതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു.
താലൂക്ക് ആശുപത്രിയില്‍ വെച്ച് തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. താലൂക്ക് ആശുപത്രിയില്‍നിന്ന് നൗഷിജയെ ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ തന്നെ അമ്മയുടേയും കുഞ്ഞിന്റെയും ഹാര്‍ട്ട് ബീറ്റ് നിലച്ചിരുന്നതായി ആംബുലന്‍സില്‍ കൂടെയുണ്ടായിരുന്ന ഡോക്‌ടര്‍ പറഞ്ഞതായി നൗഷിജയുടെ സഹോദരി നുഷൈബ പറഞ്ഞു. ആശുപത്രിയിലുണ്ടായിരുന്ന മൂന്ന് ദിവസവും നൗഷിജ വേദന കൊണ്ട് പുളയുകയായിരുന്നു. അനസ്‌ത്യേഷ്യ നല്‍കാനുള്ള ഡോക്‌ടറില്ലാത്തതു കാരണം ചികിത്സ വെച്ച് താമസിപ്പിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സാ രേഖകള്‍ നല്‍കാന്‍ പട്ടാമ്പി താലൂക്ക് ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പോസ്‌റ്റ്‌മോര്‍ട്ടവും വൈകിയാണ് നടന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതിയില്ലാതെ രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.
സഹോദരിക്ക് ആശുപത്രിയില്‍നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ചികിത്സാ രേഖകള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ആരോപിച്ച് നൗഷിജയുടെ സഹോദരന്‍ നൗഫല്‍ തൃത്താല പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ചികിത്സാ രേഖകള്‍ ലഭ്യമായത്. ആരോഗ്യ വകുപ്പിന്റെ അനാസ്‌ഥകാരണം 24 മണിക്കൂറിലധികം പോസ്‌റ്റ്‌മോര്‍ട്ടം നടത്താനാകാതെ മൃതദേഹം മോര്‍ച്ചറിയില്‍ കിടത്തേണ്ട ദുരനുഭവവും നേരിട്ടു.
സംഭവം നടന്നിട്ട് രണ്ട് ദിവസമായിട്ടും തൃത്താലയുടെ എം.എല്‍.എകൂടിയായ മന്ത്രി രാജേഷും പട്ടാമ്പി എം.എല്‍.എയും കുടുംബവുമായി ബന്ധപ്പെടുകയോ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്‌തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ്‌മൂലം മരിച്ച നൗഷിജയുടെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്നും, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാര്‍ ആവശ്യപ്പെട്ടു.