Wednesday, March 11, 2026 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.32 PM

മസാലക്കമ്പനികള്‍ കണ്ണടച്ചു; കുരുമുളകിന്‌ കഷ്‌ടകാലം

കുരുമുളകില്‍ നഷ്‌ടക്കണക്ക്‌

മസാലക്കമ്പനികളില്‍ നിന്നുള്ള വാങ്ങല്‍ കുറഞ്ഞതോടെ കുരുമുളകിന്‌ കഴിഞ്ഞ വാരം വിലത്തകര്‍ച്ച. കഴിഞ്ഞ വാരം വില്‍പ്പന നടത്തിയ കര്‍ഷകര്‍ക്ക്‌ കിലോ ഒമ്പതുരൂപ നഷ്‌ടം. വിളവെടുപ്പു കഴിഞ്ഞ പുതിയ മുളകിന്റെ വരവ്‌ തുടങ്ങി. കൊച്ചിയില്‍ കഴിഞ്ഞ വാരം 277 ടണ്‍ കുരുമുളക്‌ വില്‍പ്പനയ്‌ക്കെത്തി. മുന്‍ വാരത്തെ അപേക്ഷിച്ച്‌ 34 ടണ്‍ അധികമാണിത്‌. അനുദിനം വില കുറയാന്‍ തുടങ്ങിയതോടെ വാങ്ങലുകാര്‍ ചുവടുമാറ്റി. വാങ്ങലുകാരുടെ അഭാവം വിപണിയില്‍ നിലനിന്നതും വില ഇടിയാന്‍ കാരണമായി. ഒപ്പം പുതിയ കച്ചവടം ഒന്നും നടന്നില്ല.
മസാലക്കമ്പനികള്‍ക്കു വേണ്ടി മുന്‍കൂര്‍ കച്ചവടമാക്കിയവരുടെ വാങ്ങലുകളാണ്‌ കഴിഞ്ഞ വാരം നടന്നത്‌.
വയനാട്ടില്‍ നിന്ന്‌ പുതിയ മുളകിന്റെ വരവ്‌ കുറവായിരുന്നു. കര്‍ണാടകയിലെ ഗുഡല്ലൂരില്‍ നിന്ന്‌ കച്ചവടക്കാര്‍ മാര്‍ക്കറ്റ്‌ വിലയെക്കാള്‍ കിലോ ഏഴു രൂപ കൂടുതല്‍ വിലയിട്ട്‌ കടമായി വാങ്ങല്‍ തുടങ്ങി. കര്‍ണാടക, തമിഴ്‌നാട്‌ കര്‍ഷകര്‍ കാപ്പിക്കൃഷിയിലേക്ക്‌ മാറിയതിനാല്‍ കൊച്ചിയില്‍ തമിഴ്‌നാട്‌-കര്‍ണാടക ഡിമാന്റ്‌ കുറവാണ്‌.
ആന്ധ്രയിലെ ആദിവാസികള്‍ക്കിടയില്‍ വര്‍ഷംതോറും 8,000 ടണ്‍ കുരുമുളക്‌ ഉല്‍പ്പാദനമുണ്ട്‌. കൃഷിയില്‍ ഇവര്‍ പ്രധാനമായും ജൈവ വളത്തെയാണ്‌ ആശ്രയിക്കുന്നത്‌. പക്ഷേ, ഇതിനു കേന്ദ്ര ഏജന്‍സികള്‍ അംഗീകാരം നല്‍കാത്തതില്‍ ആന്ധ്രയിലെ ആദിവാസി കര്‍ഷകര്‍ തൃപ്‌തരല്ല. ആദിവാസികള്‍ക്ക്‌ കിട്ടേണ്ട സാമ്പത്തിക നേട്ടം കേന്ദ്ര ഏജന്‍സികളാണ്‌ കൈയാളുന്നത്‌. ഇത്‌ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‌ കീഴിലുള്ള സുഗന്ധവ്യജ്‌ഞന ഏജന്‍സികളൊന്നും തയാറാകാത്തതില്‍ പ്രതിഷേധത്തിലാണ്‌ കര്‍ഷകര്‍.
ജൈവക്കൃഷി രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആന്ധ്രയിലെ കുരുമുളകിന്‌ നല്ല ഡിമാന്റുണ്ട്‌. കൂടാതെ ഇന്ത്യയില്‍ നിന്ന്‌ കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്‌ജനങ്ങള്‍ എല്ലാം ഇറക്കുമതി ചെയ്‌തവയാണ്‌. മറ്റ്‌ രാജ്യങ്ങളിലെ സുഗന്ധവ്യഞ്‌ജനങ്ങള്‍ക്ക്‌ ഇന്ത്യന്‍ നിരക്കിനെക്കാള്‍ വില കുറവാണ്‌.
അതിനാല്‍ വന്‍കിട ഇറക്കുമതിക്കാര്‍ മറ്റ്‌ രാജ്യങ്ങളിലെ സുഗന്ധവ്യഞ്‌ജനങ്ങളാണ്‌ ഇന്ത്യന്‍ ഉത്‌പന്നമെന്ന പേരില്‍ കയറ്റുമതി ചെയ്യുന്നത്‌.
ഇന്ത്യയിലെ സുഗന്ധവ്യജ്‌ഞന കര്‍ഷകര്‍ക്ക്‌ കിട്ടേണ്ട സാമ്പത്തിക നേട്ടമാണ്‌ ഇത്തരത്തില്‍ ഇറക്കുമതിക്കാര്‍ പോക്കറ്റിലാക്കുന്നത്‌. ഇതിനെതിരേ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ പ്രതിഷേധശബ്‌ദം ഉയര്‍ത്താത്തതില്‍ കര്‍ഷകര്‍ക്കു രോഷമുണ്ട്‌.
രാജ്യാന്തര സുഗന്ധവ്യഞ്‌ജന കയറ്റുമതി സമൂഹത്തിന്റെ ഒത്തുചേരല്‍ ഇന്ന്‌ കൊച്ചിയിലെ കുണ്ടന്നൂരിലാണ്‌. സ്വദേശീയരും വിദേശീയരുമായി ആയിരത്തോളം പേര്‍ പങ്കെടുക്കും. കുരുമുളകിന്റെ ഭാവിയെ സംബന്ധിച്ച ചര്‍ച്ചകളിലാണ്‌ കയറ്റുമതിക്കാരുടെ പ്രതീക്ഷ. അഖിലേന്ത്യാ സുഗന്ധവ്യജ്‌ഞന കയറ്റുമതി സമൂഹമാണ്‌ ഒത്തുചേരലിനു നേതൃത്വം നല്‍കുന്നത്‌. കയറ്റുമതി നിരക്ക്‌ ഇന്ത്യ ഒരു ടണ്‍ കുരുമുളകിന്‌ 8,050 ഡോളര്‍, ഇന്തോനീഷ്യ 7,000, ബ്രസീല്‍ 6,000, വിയറ്റ്‌നാം 6,700, ശ്രീലങ്ക 7,000 ഡോളര്‍. വാരാന്ത്യ വില കൊച്ചി കുരുമുളക്‌ അണ്‍ ഗാര്‍ബിള്‍ഡ്‌ കിലോ 699 രൂപ. ഗാര്‍ബിള്‍ഡ്‌ 719 രൂപ. പുതിയ മുളക്‌ 689 രൂപ.
കണ്ണ്‌ രാജ്യാന്തര
വിലവര്‍ധനയില്‍

തയ്യാര്‍ നിരക്കില്‍ രാജ്യാന്തര തലത്തില്‍ ബാങ്കോക്കില്‍ വില ഉയര്‍ന്നിരിക്കെ വരുംദിവസങ്ങളില്‍ റബര്‍ വില കൂടുമെന്ന പ്രതീക്ഷയിലാണ്‌ കര്‍ഷകരും വ്യാപാരികളും. രാജ്യാന്തര അവധിവ്യാപാരങ്ങളില്‍ ചൈനയും ടോക്കിയോയും വില ഉയര്‍ത്തിയിട്ടുണ്ട്‌.
ഉത്‌പാദനം കുറഞ്ഞതോടെയാണ്‌ വില്‍പ്പനയ്‌ക്ക്‌ റബര്‍ വരവ്‌ കുറഞ്ഞത്‌. ഇതിനിടയില്‍ ടയര്‍ നിര്‍മാതാക്കള്‍ റബറിന്റെ ലഭ്യതക്കുറവ്‌ തുറന്നുപറഞ്ഞതും വില ഉയരാന്‍ ഇടയാക്കിയെന്നാണ്‌ കമ്പനികള്‍ക്ക്‌ വിതരണം ചെയ്യുന്നവരും ബ്രോക്കര്‍മാരും പറയുന്നത്‌.
പുതിയ ഇലകള്‍ വന്നു തുടങ്ങിയെങ്കിലും വേനല്‍മഴ നന്നായി ലഭിച്ചാല്‍ അടുത്ത മാസം മുതല്‍ ടാപ്പിങ്‌ തുടങ്ങുമെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. ടയര്‍ കമ്പനികളില്‍നിന്ന്‌ ഡിമാന്റ്‌ തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വില കൂടുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍. വാരാന്ത്യ വില കൊച്ചി ആര്‍.എസ്‌.എസ്‌-4 കിലോ 216 രൂപ, ആര്‍.എസ്‌.എസ്‌-5 കിലോ 213 രൂപ, ബാങ്കോക്ക്‌ ആര്‍.എസ്‌.എസ്‌-4 കിലോ 218 രൂപ.
കേരോത്‌പന്നങ്ങള്‍ക്ക്‌
ശനിദശ

സംസ്‌ഥാനത്ത്‌ വെളിച്ചെണ്ണ, കൊപ്ര വില കുത്തനെ കുറഞ്ഞു. നാളികേര സീസണ്‍ തുടങ്ങിയതോടെ ഒരു മാസമായി കേരോത്‌പന്നങ്ങള്‍ക്കു വിലത്തകര്‍ച്ചയാണ്‌. വെളിച്ചെണ്ണ ലിറ്ററിന്‌ എട്ടു രൂപയും കൊപ്ര കിലോ പത്തു രൂപയുമാണ്‌ കഴിഞ്ഞവാരം മാത്രം കുറഞ്ഞത്‌. ഒരു മാസത്തിനിടയില്‍ വെളിച്ചെണ്ണ ലിറ്ററിന്‌ 17 രൂപ കുറഞ്ഞു.
വില കുതിച്ചു കയറിയ നാളുകള്‍ക്കുശേഷം വെളിച്ചെണ്ണയോട്‌ ഉപയോക്‌താക്കള്‍ മുഖംതിരിച്ച മട്ടാണ്‌. വില കുറഞ്ഞ മറ്റ്‌ ഭക്ഷ്യ എണ്ണകളോടാണ്‌ പ്രിയം. പാം ഓയില്‍ ലിറ്ററിന്‌ ചില്ലറ വില 160 രൂപയാണ്‌. നാളികേരസീസണ്‍ തുടങ്ങിയതോടെ വില്‍പ്പനയ്‌ക്ക്‌ വെളിച്ചെണ്ണയുടെ വരവ്‌ കൂടി. വില കുറഞ്ഞിട്ടും വില്‍പ്പനയും താഴേക്കാണെന്ന്‌ വ്യാപാരികള്‍ പറയുന്നു.
അയല്‍സംസ്‌ഥാനങ്ങളില്‍ വെളിച്ചെണ്ണ- കൊപ്ര വില കേരളത്തിലേതിനേക്കാള്‍ കുറവാണ്‌. തമിഴ്‌നാട്ടിലെ കാങ്കയം മൊത്ത വിപണിയില്‍ വെളിച്ചെണ്ണയ്‌ക്ക്‌ ലിറ്ററിന്‌ 230 രൂപയും കൊപ്ര കിലോയ്‌ക്ക്‌ 160 രൂപയുമാണ്‌. ഇവിടെ വെളിച്ചെണ്ണ 290 രൂപയും കൊപ്ര 177 രൂപയുമാണ്‌ വില.
വരും ദിവസങ്ങളിലും സംസ്‌ഥാനത്ത്‌ വിലയിടിയാനുള്ള സാഹചര്യമാണ്‌. തമിഴ്‌നാട്ടിലും കര്‍ണാടകയിലും സീസണ്‍ തുടങ്ങുകയാണ്‌. ശബരിമലയിലെകൊപ്ര കര്‍ണാടകയാണ്‌ വാങ്ങിയത്‌. ഇത്‌ വെളിച്ചെണ്ണയാക്കി കേരളത്തിലേക്ക്‌ വന്‍തോതില്‍ വില്‍പ്പനയ്‌ക്കെത്തിക്കാനാണ്‌ കര്‍ണാടകയുടെ നീക്കം. ഇത്‌ സംസ്‌ഥാനത്തെ കേരോത്‌പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കും.
തൃശൂരില്‍ കഴിഞ്ഞവാരം വെളിച്ചെണ്ണ ലിറ്ററിന്‌ 10 രൂപയും കൊപ്ര കിലോ എട്ടു രൂപയും കോഴിക്കോട്‌ വെളിച്ചെണ്ണയ്‌ക്ക്‌ 15 രൂപയും കൊപ്രയ്‌ക്ക്‌ 10 രൂപയും വില കുറഞ്ഞു. വാരാന്ത്യവില കൊച്ചി വെളിച്ചെണ്ണ മില്ലിങ്‌ ലിറ്ററിന്‌ 295 രൂപ, തയ്യാര്‍ 290, കൊപ്ര തെളിവ്‌ കിലോ 177 രൂപ, ഓടെ 175 രൂപ, തൃശൂര്‍ വെളിച്ചെണ്ണ 292 രൂപ. കൊപ്ര 180 രൂ., കോഴിക്കോട്‌ വെളിച്ചെണ്ണ 304 രൂപ, കൊപ്ര 178 രൂപ. കൊച്ചിയില്‍ കഴിഞ്ഞ വാരം 36,500 ലിറ്റര്‍ വെളിച്ചെണ്ണയാണ്‌ മൊത്തവ്യാപാരത്തില്‍ വില്‍പ്പനയ്‌ക്കെത്തിയത്‌.
ഏറിയും കുറഞ്ഞും
സ്വര്‍ണവില

കഴിഞ്ഞ വാരം സ്വര്‍ണ വില കുറഞ്ഞും കൂടിയുമാണ്‌ വ്യാപാരം തുടര്‍ന്നത്‌. വാരാന്ത്യം പവന്‌ 1,120 രൂപയുടെ വര്‍ധനയുണ്ടായി. പശ്‌ചിമേഷ്യയില്‍ യുദ്ധഭീഷണി തല പൊക്കിയാല്‍ കരുതല്‍ ശേഖരത്തിലേക്ക്‌ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങുന്നത്‌ പതിവാണ്‌. രാജ്യാന്തര വില ഉയര്‍ന്നതാണ്‌ ആഭ്യന്തര വിലയെ ബാധിച്ചത്‌. രാജ്യാന്തര വിലയില്‍ സ്വര്‍ണം ഔണ്‍സിന്‌ (31.1 ഗ്രാം) 67 ഡോളര്‍ കൂടി. ആഭ്യന്തര വില പവന്‌ 1,16, 800 രൂപ. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന്‌ 5,108 ഡോളര്‍.
വിനിമയ നിരക്കില്‍ രൂപയ്‌ക്കു കഴിഞ്ഞ വാരം പന്ത്രണ്ട്‌ പൈസ നഷ്‌ടം. ഡോളറിനെതിരേ രൂപ 90.68 ആയി ഇടിഞ്ഞു.
ലേലത്തില്‍ വില്‍പ്പനയ്‌ക്ക്‌ കഴിഞ്ഞ വാരം തേയില വരവ്‌ കൂടി. ഓര്‍ത്തോഡക്‌സ്‌ പൊടിത്തേയില കിലോ രണ്ടു രൂപ കുറച്ചാണ്‌ ആഭ്യന്തര പായ്‌ക്കറ്റ്‌ വ്യാപാരികള്‍ വാങ്ങിയത്‌. കയറ്റുമതി ഇനത്തില്‍പ്പെട്ട ഇലത്തേയില വിലയില്‍ മാറ്റമില്ല. പൊടിത്തേയില 6,88,600 കിലോയും ഇലത്തേയില 2,30,000 കിലോയും വില്‍പ്പനയ്‌ക്കെത്തി.

Ads by Google
Sunday 22 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW