Saturday, March 14, 2026 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 01.52 PM

'ആലിന്‍ നമ്മുടെ ഓര്‍മ്മകളില്‍ ജീവിക്കും': കുഞ്ഞുമാലാഖയുടെയും മാതാപിതാക്കളുടെയും ത്യാഗത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

pm, narendra-modi, praise, aalin-sherin, abraham

ന്യൂഡല്‍ഹി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിനെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മന്‍ കി ബാത്തിലൂടെ' ആണ് ആലിന്റെയും മാതാപിതാക്കളുടെയും ത്യാഗത്തെ പ്രധാനമന്ത്രി രാജ്യത്തിന് മുന്നില്‍ വിവരിച്ചത്.

ഒരു കുഞ്ഞിനെ നഷ്ടപ്പെടുക എന്നതിനേക്കാള്‍ വലിയൊരു ദുഃഖം രക്ഷിതാക്കള്‍ക്കില്ലെന്നും, ആ വേദനയ്ക്കിടയിലും മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കാന്‍ തീരുമാനിച്ച ആലിന്റെ അച്ഛന്‍ അരുണ്‍ എബ്രഹാമിനെയും അമ്മ ഷെറിനെയും രാജ്യം ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കേരളത്തില്‍ നിന്നുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന കൊച്ചു പെണ്‍കുട്ടിയെ നമുക്ക് നഷ്ടപ്പെട്ടു. വെറും 10 മാസം മാത്രം പ്രായമുള്ളപ്പോള്‍ ആലിന്‍ നമ്മെ വിട്ടുപിരിഞ്ഞുവെങ്കിലും അവള്‍ വലിയൊരു സന്ദേശമാണ് അവശേഷിപ്പിച്ചു പോയതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. 'അവള്‍ക്ക് മുന്നില്‍ ഒരു ജീവിതം മുഴുവന്‍ ഉണ്ടായിരുന്നു, നിരവധി സ്വപ്നങ്ങളും സന്തോഷങ്ങളും ബാക്കിയാക്കി അവള്‍ പെട്ടെന്ന് വിടവാങ്ങി. അവളുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന വേദന വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ ആ കഠിനമായ ദുഃഖത്തിനിടയിലും തങ്ങളുടെ വിധി മറ്റൊരു കുടുംബത്തിനും നേരിടേണ്ടി വരരുത് എന്ന് ആഗ്രഹിച്ച് അവര്‍ എടുത്ത തീരുമാനം അവരുടെ മഹത്തായ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നു,' പ്രധാനമന്ത്രി പറഞ്ഞു. ആലിന്‍ ഇപ്പോള്‍ നമുക്കൊപ്പമില്ലെങ്കിലും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാക്കളുടെ പട്ടികയില്‍ അവളുടെ പേര് ചേര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി അഞ്ചിന് പള്ളം ബോര്‍മ കവലയിലുണ്ടായ വാഹനാപകടത്തിലാണ് ആലിന് പരിക്കേറ്റത്. മസ്തിഷ്‌ക മരണം സംഭവിച്ചതോടെ കരള്‍, രണ്ട് വൃക്കകള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സന്നദ്ധരാകുകയായിരുന്നു. ഇതുവഴി അഞ്ചു പേര്‍ക്കാണ് പുതുജീവിതം ലഭിച്ചത്. അവയവദാനത്തെക്കുറിച്ചുള്ള അവബോധം ഇന്ത്യയില്‍ വര്‍ധിക്കുന്നത് വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണങ്ങള്‍ക്ക് വലിയ ശക്തി പകരുന്നതാണെന്നും ഇത്തരം ഉദാത്തമായ മാതൃകകള്‍ സമൂഹത്തിന് വലിയ പ്രത്യാശ നല്‍കുന്നതാണെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.

-

Ads by Google
Ads by Google
LATEST NEWS
TRENDING NOW