-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ മനഃപൂര്‍വം കുടുക്കിയതാണെന്നും ഇതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാതൊരു തെളിവുമില്ലാതെയാണ് എസ്.ഐ.ടി തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിന്യായത്തിലൂടെ വ്യക്തമായിരിക്കുകയാണ്. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനും വന്‍തോക്കുകളെ രക്ഷിക്കാനുമാണ് അന്വേഷണസംഘം ശ്രമിച്ചതെന്നും, 41 ദിവസം തന്ത്രിയെ ജയിലില്‍ അടച്ചത് സംശയാസ്പദമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാടെടുത്തതിലുള്ള രാഷ്ട്രീയ പകപോക്കലാണ് ഈ അറസ്റ്റിന് പിന്നിലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാന്‍ അന്വേഷണം വഴിതിരിച്ചുവിടുകയായിരുന്നു. സി.പി.ഐ.എം നോമിനിയായിരുന്ന പി.എല്‍ പ്രശാന്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹത്തെ രഹസ്യമായി ചോദ്യം ചെയ്ത് വിട്ടയക്കുകയാണ് ചെയ്തത്. ഹൈക്കോടതി പോലും വന്‍തോക്കുകളെ കുറിച്ച് സൂചന നല്‍കിയിട്ടും എസ്.ഐ.ടി നിഷ്‌ക്രിയമായത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ ഉപയോഗിച്ച് രാഷ്ട്രീയ കളി നടത്തുന്ന സര്‍ക്കാരിന് ജനങ്ങള്‍ ചുട്ട മറുപടി നല്‍കുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. ആഗോള അയ്യപ്പ സംഗമത്തില്‍ പോലും ഗുരുതരമായ സാമ്പത്തിക തിരിമറികള്‍ നടന്നതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. അയ്യപ്പന്റെ പിതാവിന്റെ സ്ഥാനത്തുള്ള തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലും പാലിക്കപ്പെട്ടില്ല. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇത്തരം നീക്കങ്ങള്‍ വിശ്വാസികള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.