-->
വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍, ഉപകരണങ്ങള്‍ എല്ലാം തിരികെ ലഭിച്ചോ എന്ന് സ്‌ക്രബ് നഴ്‌സിനോട് ചോദിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് തുന്നലുകള്‍ ഇട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപകരണങ്ങളെല്ലാം കൃത്യമായുണ്ടെന്ന് നഴ്‌സ് മറുപടി നല്‍കിയതായും സര്‍ജന്‍സ് നോട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കൈമാറും.
അതേസമയം, ശസ്ത്രക്രിയ നടന്ന സമയത്ത് ജീവനക്കാരുടെ കുറവും അമിത ജോലിഭാരവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഉഷയുടെ ശസ്ത്രക്രിയയ്ക്കിടയില്‍ തന്നെ മറ്റൊരു ശസ്ത്രക്രിയയ്ക്കായി ജോലി ചെയ്യേണ്ടി വന്നതായി സ്‌ക്രബ് നഴ്‌സ് മൊഴി നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയ സമയത്തെ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ കഴിയാത്ത സാഹചര്യം ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നും സമിതി കണ്ടെത്തി. അഞ്ചു വര്‍ഷം മുന്‍പ് നടന്ന ശസ്ത്രക്രിയയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍ ഇങ്ങനെയാണെങ്കിലും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ജെ ഷാഹിദയെ പ്രതി ചേര്‍ക്കാനാണ് പോലീസിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പോലീസ് ഡിഎംഒയ്ക്ക് അപേക്ഷ നല്‍കും. ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഒന്‍പത് പേരുടെയും മൊഴി രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴ് സെന്റിമീറ്റര്‍ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്കായി അയയ്ക്കും.
നിലവില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള ഉഷാ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അവര്‍ സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വയറ്റില്‍ നിന്നും പുറത്തെടുത്ത കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുന്നത് ഈ കേസില്‍ നിര്‍ണായകമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം കൂടുതല്‍ ശക്തമാകും.