-->
കൊച്ചി: സന്ധ്യയോടു മമ്മൂട്ടി ചോദിച്ചു: 'ഇപ്പോള്‍ എങ്ങനെയുണ്ട്?'. കൃത്രിമക്കാലില്‍ എഴുന്നേറ്റുനിന്നു സന്ധ്യ പറഞ്ഞു: 'നടന്നുതുടങ്ങി'. അതോടെ അദ്ദേഹം സന്ധ്യയുടെ കൈ പിടിച്ചു. എന്നിട്ടു പറഞ്ഞു: 'ഇനി വീടിന്റെയും സ്‌ഥലത്തിന്റെയും കാര്യമല്ലേ... അതും നടക്കും...ഉറപ്പ്...' സന്ധ്യയുടെ മുഖം വിടര്‍ന്നു, ആശ്വാസത്തിന്റെ തെളിച്ചം പടര്‍ന്നു.
കഴിഞ്ഞ ഒക്‌ടോബര്‍ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരുക്കേറ്റ് കാല്‍ നഷ്‌ടപ്പെട്ട സന്ധ്യയ്‌ക്ക് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ ഏര്‍പ്പാടാക്കിയതും കൃത്രിമക്കാല്‍ വയ്‌ക്കുന്നതിനു സഹായം ചെയ്‌തതും മമ്മൂട്ടിയായിരുന്നു. ചികിത്സയ്‌ക്കും കൃത്രിമക്കാലിനുമായി 20 ലക്ഷം രൂപയോളമാണ് വേണ്ടിവന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്‌ഥാനമായ കെയര്‍ ആന്‍ഡ് ഷെയറും രാജഗിരി ആശുപത്രിയും ചേര്‍ന്നു പൂര്‍ണമായും സൗജന്യമായിട്ടായിരുന്നു സന്ധ്യയ്‌ക്കു ചികിത്സയും കൃത്രിമക്കാലും നല്‍കിയത്.
കൃത്രിമക്കാല്‍വച്ചശേഷം ആദ്യമായി ഡോക്‌ടറെ കാണാന്‍ രാജഗിരിയില്‍ എത്തിയതായിരുന്നു സന്ധ്യ. മമ്മൂട്ടിയെ നേരില്‍കണ്ടു നന്ദി പറയണമെന്ന സന്ധ്യയുടെ ആഗ്രഹം രാജഗിരി ആശുപത്രി അധികൃതരാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികളെ അറിയിച്ചത്. ഷൂട്ടിങ് ആവശ്യത്തിനു കൊച്ചിയിലായിരുന്ന മമ്മൂട്ടി തിരക്കുകള്‍ മാറ്റിവച്ചു സന്ധ്യയെ കാണാനെത്തി. സാരിയും ചെടിയും സമ്മാനിച്ചാണ് സന്ധ്യയെ അദ്ദേഹം യാത്രയാക്കിയത്. മണ്ണിടിച്ചില്‍ സര്‍വതും നഷ്‌ടമായ സന്ധ്യയ്‌ക്കു സ്‌ഥലവും വീടും നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന ഉറപ്പും നല്‍കി.
രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ.ജിജി കുരുട്ടുകുളം, ഹെല്‍ത്ത് കെയര്‍ വൈസ് പ്രസിഡന്റ് ജോസ് പോള്‍, കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്‌ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഡയറക്‌ടര്‍മാരായ ജോര്‍ജ് സെബാസ്‌റ്റ്യന്‍, റോബര്‍ട്ട് കുര്യാക്കോസ്, സന്ധ്യയുടെ സഹോദരന്‍ സന്ദീപ് എന്നിവരും ആശുപത്രിയിലെത്തി.