-->
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ജീവകാരുണ്യ പദ്ധതിയായ സഹോദരന്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്നു. നാനാജാതി മതസ്‌ഥരായ േശിതര്‍ക്ക് ഇതിനോടകം 21 കോടി രൂപയുടെ സാമ്പത്തികസഹായം വിതരണം ചെയ്‌തു. സഹോദരന്‍ പദ്ധതിയുടെ നാലാം വാര്‍ഷികത്തിന് നിരണം സെന്റ് മേരീസ് വലിയ പള്ളി വേദിയാകും. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനകജൂബിലിയോടനുബന്ധിച്ചു പൂര്‍ത്തീകരിക്കുന്ന 100 ഭവനങ്ങളുടെ ഫണ്ടുശേഖരണം ചടങ്ങില്‍ നടക്കും.
പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും നിരണംഭദ്രാസനാധിപനുമായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോറ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഉച്ചയ്‌ക്ക് 2.30 ന് പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്യും. മാര്‍ത്തോമ്മാ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ. യൂയാക്കീം മാര്‍ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തും. മലങ്കര കത്തോലിക്ക സഭ തിരുവല്ല ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നല്‍കും. നിരണം വലിയപള്ളി ഇടവകാംഗമായ പിന്നണിഗായകന്‍ കെ.ജി. മാര്‍ക്കോസിനെ ചടങ്ങില്‍ ആദരിക്കും. സഹോദരന്‍ പദ്ധതി ഡയറക്‌ടര്‍ ഫാ. യാക്കോബ് റമ്പാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ചക്കുളത്തുകാവ് ട്രസ്‌റ്റ് വൈസ് ചെയര്‍മാന്‍ ഡോ. രമേശ് ഇളമണ്‍ നമ്പൂതിരി, വൈദിക ട്രസ്‌റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്‌റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്‌സാണ്ടര്‍ ഏബ്രഹാം, ഇടവക വികാരി ഫാ. ഷിബു തോമസ് ആമ്പല്ലൂര്‍ എന്നിവര്‍ പ്രസംഗിക്കും. സഹോദരന്‍ പദ്ധതിയില്‍ അംഗങ്ങളായ സോദരസംഘാഗങ്ങളുടെ സംഗമവും അന്നേദിവസം നടക്കുമെന്ന് പദ്ധതി ഡയറക്‌ടര്‍ ഫാ. യാക്കോബ് റമ്പാന്‍, സെക്രട്ടറി ഫാ. അലക്‌സ് തോമസ്, ട്രഷറര്‍ ഫാ. ബൈജു ജോണ്‍സണ്‍ എന്നിവര്‍ അറിയിച്ചു.