-->
തിരുവനന്തപുരം: വേളിയിൽ കടലിൽ കൈകൾ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 40 നും 50 നും ഇടയിൽ പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ വേളി പള്ളിക്കു സമീപം കടലിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്.
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കരയ്‌ക്കെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൈകൾ കെട്ടിയ നിലയിൽ കണ്ടെത്തിയതിനാൽ ഇത് ഒരു കൊലപാതകമാണോ എന്നും ആരെങ്കിലും കൊലപ്പെടുത്തി കടലിൽ തള്ളിയതാണോ എന്നും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. കാണാതായവരെ കേന്ദ്രീകരിച്ചും തുമ്പ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.