-->
ഹോര്‍മോണ്‍ തകരാര്‍ മൂലം അണ്ഡാശയത്തിന്റെ പുറം ഭാഗത്ത് ചെറിയ സഞ്ചികള്‍ രൂപപ്പെടുന്ന രോഗമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്. ക്രമം തെറ്റിയ ആര്‍ത്തവം, ഉയര്‍ന്ന ആന്‍ഡ്രോജന്‍ തോത്, വര്‍ദ്ധിച്ച രോമവളര്‍ച്ച, മുഖക്കുരു, വന്ധ്യത എന്നിവയും ഈ ഹോര്‍മോണ്‍ തകരാര്‍ മൂലം ഉണ്ടാകാം. സ്ത്രീകളില്‍ 10 ശതമാനം പേരെ ബാധിക്കുന്ന ഹോര്‍മോണ്‍ തകരാര്‍ രോഗമാണ് പിസിഒഎസ്. പി.സി.ഒ.എസ് (PCOS) ഉള്ളവര്‍ കഠിനമായ ഡയറ്റിംഗ് ഒഴിവാക്കണമെന്നും, പകരം ഹോര്‍മോണ്‍ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന രീതിയില്‍ ഭക്ഷണം ക്രമീകരിക്കണമെന്നും പ്രമുഖ പോഷകാഹാര വിദഗ്ധ ഖുഷി ഛബ്ര വ്യക്തമാക്കുന്നു. പി.സി.ഒ.എസ് മാറ്റാന്‍ ഭക്ഷണം കുറയ്ക്കുകയല്ല, മറിച്ച് ശരിയായ പോഷകഗുണമുള്ള ഭക്ഷണം കൃത്യമായ അളവില്‍ കഴിക്കുകയാണ് വേണ്ടത്.
കഠിനമായ ഡയറ്റിംഗ് പി.സി.ഒ.എസിനെ ബാധിക്കുന്നത് എങ്ങനെ?
പലപ്പോഴും ഭാരം കുറയ്ക്കാനായി ആളുകള്‍ കലോറി വല്ലാതെ കുറയ്ക്കാറുണ്ട്. എന്നാല്‍ പി.സി.ഒ.എസ് ഉള്ളവര്‍ ഇത്തരത്തില്‍ പട്ടിണി കിടക്കുന്നത് വിപരീതഫലമാണ് ഉണ്ടാക്കുക. കലോറി വളരെ കുറയുമ്പോള്‍ ശരീരത്തില്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കൂടുന്നു. ഇത് ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് (പ്രത്യേകിച്ച് വയറിന് ചുറ്റും) അടിഞ്ഞുകൂടാന്‍ കാരണമാവുകയും ചെയ്യുന്നു. അമിതമായ വിശപ്പും ഭക്ഷണത്തോടുള്ള ആര്‍ത്തിയും വര്‍ദ്ധിക്കുന്നു.
ഭക്ഷണക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍
1. പ്രഭാതഭക്ഷണം (Breakfast) - ദിവസത്തിന്റെ തുടക്കം വളരെ പ്രധാനമാണ്. കുറഞ്ഞത് 30 ഗ്രാം പ്രോട്ടീനും ഒപ്പം ധാരാളം നാരുകളും (Fibre) അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും പകല്‍ സമയത്തെ വിശപ്പ് കുറയ്ക്കാനും സഹായിക്കും.
2. മറ്റു ഭക്ഷണങ്ങള്‍ - ഉച്ചഭക്ഷണത്തിലും അത്താഴത്തിലും താഴെ പറയുന്നവ ഉള്‍പ്പെടുത്തുക:
പ്രോട്ടീന്‍, നാരുകള്‍, നല്ല കൊഴുപ്പുകള്‍ (Healthy Fats): ഇവ ഹോര്‍മോണ്‍ നിയന്ത്രണത്തിനും വയര്‍ നിറഞ്ഞതായി തോന്നിക്കാനും സഹായിക്കുന്നു.
3. കാര്‍ബോഹൈഡ്രേറ്റ്‌സ് (Complex Carbs) - കാര്‍ബോഹൈഡ്രേറ്റ്‌സ് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതില്ല, പകരം ശരിയായവ തിരഞ്ഞെടുക്കുക. ക്വിനോവ, ഓട്സ്, ചാമ/മില്ലറ്റുകള്‍, അന്നജം അടങ്ങിയ പച്ചക്കറികള്‍ എന്നിവ ഉപയോഗിക്കുക. ഇവ പെട്ടെന്ന് രക്തത്തിലെ പഞ്ചസാര വര്‍ദ്ധിപ്പിക്കില്ല.