-->
ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നവരാണോ നിങ്ങള്‍ ?. എങ്കില്‍ ആഹാരക്രമത്തില്‍ മാത്രമല്ല, നമ്മുടെ അടുക്കളയിലേക്ക് വാങ്ങുന്ന ചെറിയ ചെറിയ സാധനങ്ങളില്‍ പോലും ശ്രദ്ധ വേണ്ടി വരും. ഗുണമേന്മയേക്കാള്‍ വിലക്കുറവ് നോക്കുകയാണെങ്കില്‍ നമ്മളെ കാത്തിരിയ്ക്കുന്നത് വലിയ രോഗങ്ങള്‍ തന്നെയാകും എന്നതിന് മറ്റ് കാരണങ്ങള്‍ ഒന്നും തന്നെ വേണ്ട എന്നു പറയാം. ആരോഗ്യത്തെ ബാധിക്കാവുന്ന നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലാത്ത ഇക്കാര്യങ്ങള്‍ വീട്ടില്‍ നിന്ന് ഒഴിവാക്കാന്‍ നോക്കാം....
* റിഫൈന്‍ഡ് ഓയില്‍ - അമിതമായി സംസ്‌കരിച്ചതും ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി വേര്‍തിരിച്ചെടുത്തതുമായ റിഫൈന്‍ഡ് ഓയിലുകള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് സുരക്ഷിതം. ഇവയിലെ ഒമേഗ-6 ഫാറ്റി ആസിഡുകള്‍ വയറിലെ അസ്വസ്ഥതകള്‍ക്കും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകും. ഇതിന് പകരമായി നാടന്‍ വെളിച്ചെണ്ണയോ മറ്റ് കോള്‍ഡ് പ്രസ്ഡ് ഓയിലുകളോ ഉപയോഗിക്കാവുന്നതാണ്.
* പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡുകള്‍ - മിക്ക അടുക്കളകളിലും സ്ഥാനം പിടിച്ചിരിക്കുന്ന ഒരു ഉപകരണമാണ് കട്ടിങ് ബോര്‍ഡുകള്‍. ഇവ നമ്മുടെ വിരല്‍ മുറിയാതെ പച്ചക്കറികള്‍ എളുപ്പത്തില്‍ പലരീതിയില്‍ അരിഞ്ഞെടുക്കാന്‍ സഹായിക്കുന്നു. എന്നാല്‍ വലിക്കുറവ് നോക്കി പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡുകള്‍ വാങ്ങുമ്പോള്‍ അതില്‍ അടങ്ങിയ മൈക്രോപ്ലാസ്റ്റിക് പച്ചക്കറി അരിയുന്ന കൂട്ടത്തില്‍ ശരീരത്തിനുള്ളില്‍ എത്താനും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കാനും ശരീരവീക്കത്തിലേക്കും നയിക്കുന്നു. ഇത് കാന്‍സറിന് വരെ കാരണമാകാം. അതുകൊണ്ട് പ്ലാസ്റ്റിക്കിന് പകരം തടിയുടെ ഗുണനിലവാരമുള്ള കട്ടിങ് ബോര്‍ഡ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് സുരക്ഷിതം.
* വൈറ്റ് ഷുഗര്‍ - വൈറ്റ് ഷുഗര്‍ അഥവാ പഞ്ചസാരയുടെ അമിത ഉപയോഗം ഇന്‍സുലിന്‍ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കാം. ഇത് ഫാറ്റി ലിവര്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകാം. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ആരോഗ്യത്തില്‍ പെട്ടെന്ന് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കും.
* ഗുണനിലവാരമില്ലാത്ത ചോക്ലേറ്റുകള്‍ - കഴിക്കാനുള്ള ആഗ്രഹം കൊണ്ട് വിലക്കുറവുള്ള ചോക്ലേറ്റ് വാങ്ങി കഴിക്കുന്ന ശീലം ആരോഗ്യത്തിന് നല്ലതല്ല. ഇത്തരം ചോക്ലേറ്റുകളില്‍ കൊക്കോയ്ക്ക് പകരം പഞ്ചസാരയും വെജിറ്റബിള്‍ ഫാറ്റും എമല്‍സിഫയറുകളും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മപ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
* ഇന്‍സ്റ്റന്റ് ഫുഡ് - തിരക്കുപിടിച്ച ജീവിതത്തിനിടെ പാചകം ചെയ്യാന്‍ സമയം കിട്ടാതാകുമ്പോള്‍ പ്രിസര്‍വേറ്റീവുകളും അമിത ഉപ്പും കൃത്രിമ നിറങ്ങളും കലര്‍ന്ന ഇന്‍സ്റ്റന്റ് ഫുഡ് പാക്കുകള്‍ വാങ്ങുക ഇന്ന് സാധാരണമാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് വിപരീതഫലമുണ്ടാക്കും. ഇത് ദഹനപ്രക്രിയ വഷളാക്കാനും ശരീരവീക്കത്തിനും കാരണമാകും.