-->
ന്യൂഡല്‍ഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ നടന്ന അര്‍ദ്ധനഗ്ന പ്രതിഷേധം പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ അറിവോടും സമ്മതത്തോടും കൂടി നടന്ന പരിപാടിയെന്ന് ബിജെപി. യൂത്ത് കോണ്‍ഗ്രസ് നടത്തിയ പരിപാടിയുടെ മുഖ്യ ആസൂത്രകന്‍ രാഹുലിന്റെ സുഹൃത്താണെന്നും വെറും പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്നതിനപ്പുറത്ത് രാഹുല്‍ഗാന്ധിയുമായി അടുപ്പവും സ്വാധീനമുള്ളയാളാണെന്നും ബിജെപി പറഞ്ഞു.
പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ നരസംഹയാദവ് രാഹുല്‍ഗാന്ധിക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രം പുറത്തുവിട്ടാണ് ബിജെപിയുടെ ആരോപണം. നഗ്‌നതാ പ്രതിഷേധത്തില്‍ ലോകത്തിനുമുന്നില്‍ രാജ്യം അപകീര്‍ത്തിപ്പെട്ടത് രാഹുല്‍ ഗാന്ധിയുടെ അറിവും സമ്മതവും നേടിയശേഷമാണെന്നും രാഹുലും മുഖ്യ സംഘാടകന്‍ നരിസിംഹ യാദവും സുഹൃത്തുക്കളാണെന്നും ബിജെപി ആരോപിക്കുന്നു.
ഇരുവരുമൊന്നിച്ചുള്ള ചിത്രവും പുറത്തുവിട്ടിരിക്കുകയാണ്. എഐ ഉച്ചകോടിയിലെ ഇന്നത്തെ നഗ്ന പ്രതിഷേധത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാള്‍ നരസിംഹ യാദവ് ആയിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്തതായി കോണ്‍ഗ്രസ് അവകാശപ്പെടുന്ന നിര്‍ദ്ദിഷ്ട ഭാരത-യുഎസ് വ്യാപാര കരാറിനെതിരെ ആയിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസുകാര്‍ എ ഐ ഉച്ചകോടി വേദിയില്‍ മേല്‍വസ്ത്രമൂരി പ്രതിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലും യാദവുമൊത്തുള്ള ഫോട്ടോയും പുറത്തുവിട്ടത്.
രാഹുല്‍ ഗാന്ധി യാദവിനൊപ്പം നില്‍ക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള ഒരു പഴയ ചിത്രമാണ് ബിജെപി പുറത്തുവിട്ടത്. ഈ പഴയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ഷര്‍ട്ട് ധരിക്കാതെയുള്ള പ്രതിഷേധത്തെക്കുറിച്ചുള്ള വിവാദം കൂടുതല്‍ ശക്തമായി. പോലീസ് കസ്റ്റഡിയിലായ ആളുകളില്‍ ഒരാള്‍ കൃഷ്ണ ഹരി എന്നയാളാണ്. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയാണ്,
ബീഹാര്‍ നിവാസിയാണ്. മറ്റൊരാള്‍ കുന്ദന്‍ യാദവ്, ബീഹാറില്‍ നിന്നുതന്നെ. ഇനിയൊരാള്‍ അജയ് കുമാറും മറ്റൊരാള്‍ നരസിംഹ യാദവുമാണ്. അയാള്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ കോര്‍ഡിനേറ്റര്‍ ആണ്, ഇയാളാണ് രാഹുലുമായി ചിത്രത്തിലുള്ളത്.