Thursday, March 12, 2026 Last Updated 15 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.53 AM

ആണവ മേഖലയും ഇനി അദാനിക്ക്‌

തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജം, പ്രതിരോധം, അടിസ്‌ഥാന സൗകര്യ വികസനം തുടങ്ങിയ ഇന്ത്യയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം അദാനി ഗ്രൂപ്പിന്റെ വലിയ സാന്നിധ്യമുണ്ട്‌. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ഓപ്പറേറ്റര്‍മാരും വിമാനത്താവള നടത്തിപ്പുകാരുമായ ഇവര്‍ ഹരിത ഊര്‍ജം മുതല്‍ ഡിഫന്‍സ്‌ മാനുഫാക്‌ചറിങ്‌ വരെ വിപുലമായ ബിസിനസ്‌ ശൃംഖല നിയന്ത്രിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി 2001ല്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ട്‌ 2002ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി 2014 മേയ്‌ 21 വരെ തല്‍സ്‌ഥാനത്ത്‌ തുടരുന്ന കാലത്താണ്‌ ഗൗതം അദാനി ഒരു പ്രധാന ബിസിനസുകാരനായി വളരുന്നത്‌. അതിനു മുമ്പ്‌ അദാനി ഗുജറാത്തില്‍പ്പോലും ഒരു ഇടത്തരം വ്യവസായി ആയിരുന്നു.
2002ലെ ഗുജറാത്ത്‌ കലാപകാലത്ത്‌ സംസ്‌ഥാനത്തെ വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ എല്ലാം മുഖ്യമന്ത്രി മോദിയെ തള്ളിപ്പറഞ്ഞപ്പോള്‍ മോദിയെ പിന്തുണച്ച വ്യവസായികള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ ഗൗതം അദാനിയായിരുന്നു. 2003 സെപ്‌റ്റംബര്‍- ഒക്‌ടോബര്‍ മാസങ്ങളില്‍ നടന്ന ആദ്യത്തെ 'വൈബ്രന്റ്‌ ഗുജറാത്ത്‌' മീറ്റിങ്ങില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം (150 ബില്യണ്‍ രൂപയുടെ) വാഗ്‌ദാനം ചെയ്‌തത്‌ അദാനിയായിരുന്നു. അദാനി- മോദി ബന്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു ഇത്‌.
അദാനി ഗ്രൂപ്പിന്റെ വിറ്റുവരവ്‌ 2001-02ല്‍ 37.41 ബില്യണ്‍ രൂപയായിരുന്നത്‌ 2013- 14ല്‍ 756.59 ബില്യണ്‍ രൂപയായി 20 മടങ്ങ്‌ വര്‍ധിച്ചു. മോദിയുടെ മുഖ്യമന്ത്രിപദവിയുടെ അവസാനത്തോടെ അദാനി എന്റര്‍ൈപ്രസസ്‌, അദാനി പവര്‍, അദാനി തുറമുഖങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ (എ.പി.എസ്‌.ഇ.ഇസഡ്‌) എന്നിവയുടെ സയോജിത വിപണിമൂല്യം റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ മൂല്യത്തിനടുത്തായിരുന്നു.
2013-14 കാലത്ത്‌ മോദി പ്രധാനമന്ത്രി സ്‌ഥാനത്തേക്ക്‌ എത്തിച്ചേരുന്നു എന്ന ധാരണ രൂപപ്പെട്ടപ്പോള്‍ അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച ത്വരിതഗതിയിലായി. 2013 സെപ്‌റ്റംബറിനും 2014 സെപ്‌റ്റംബറിനും ഇടയില്‍ അദാനി കമ്പനികളുടെ വിപണി മൂലധനം 250 ശതമാനം വര്‍ധിച്ചു. 2014ലെ തെരഞ്ഞെടുപ്പിനു മുമ്പ്‌ ഇന്ത്യയിലുടനീളം പ്രചാരണത്തിന്‌ മോദി, അദാനിയുടെ ചാര്‍ട്ടേര്‍ഡ്‌ വിമാനമാണ്‌ ഉപയോഗിച്ചത്‌. 2014 മേയ്‌ 22ന്‌ പ്രധാനമന്ത്രിയായി സ്വത്യപ്രതിജ്‌ഞ ചെയ്‌ത ദിവസം, മോദി അദാനിയുടെ സ്വകാര്യ വിമാനത്തിലാണ്‌ അഹമ്മദ്‌ബാദില്‍നിന്നും ഗുജറാത്തിലേക്ക്‌ പറന്നത്‌. ആ വിമാനത്തിന്റെ വലതുവശത്ത്‌ ഇന്ത്യന്‍ പതാകയും ഇടതുവശത്ത്‌ അദാനി ഗ്രൂപ്പിന്റെ ലോഗോയും ആലേഖനം ചെയ്‌തിരുന്നു.
കഴിഞ്ഞ ദശകത്തില്‍ രാജ്യത്തെ എട്ടു വിമാനത്താവളങ്ങളുടെ നടത്തിപ്പും പതിമൂന്നു തുറമുഖങ്ങളുടെ നടത്തിപ്പും അദാനി ഏറ്റെടുത്തിട്ടുണ്ട്‌. മൊത്തത്തില്‍ ഇന്ത്യയുടെ വിമാന യാത്രക്കാരുടെയും തുറമുഖ ശേഷിയുടെയും നാലിലൊന്ന്‌ അദാനി ഗ്രൂപ്പിന്റെ കൈവശത്തിലാണ്‌.
അദാനി ഗ്രൂപ്പിന്റെ പല അന്താരാഷ്‌ട്ര കരാറുകളും ഒപ്പുവച്ചത്‌ മോദിയുടെ ചില രാജ്യങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കു തൊട്ടുപിന്നാലെയോ ഗവണ്‍മെന്റ്‌ തലവന്മാര്‍ ഇന്ത്യ സന്ദര്‍ശിച്ചതിനു ശേഷമോ ആയിരുന്നു എന്നത്‌ ലോക വ്യവസായരംഗം മുഴുവന്‍ അറിയുന്ന കാര്യമാണ്‌.
2023ല്‍ ശ്രീലങ്കയിലെ ഒരു കാറ്റാടി വൈദ്യുത പദ്ധതിയില്‍ 442 മില്യണ്‍ ഡോളര്‍ (യു.എസ്‌.) നിക്ഷേപിക്കാന്‍ അദാനി ഗ്രീനിനെ ശ്രീലങ്ക തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം കൊളംബോയില്‍ ഒരു പാര്‍ലമെന്ററി പാനലിന്‌ മുന്നില്‍ ഹാജരായ സിലോണ്‍ വൈദ്യുതി ബോര്‍ഡിലെ ഒരു ഉന്നത ഉദ്യോഗസ്‌ഥന്‍, കരാര്‍ അംഗീകരിക്കാന്‍ മോദി അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ്‌ ഗോതബയ രാജ്‌പക്‌സെയില്‍ സമ്മര്‍ദം ചെലുത്തിയതായി പറഞ്ഞിരുന്നു. പിന്നെ സംഭവിച്ചത്‌ ആ ഉദ്യോഗസ്‌ഥന്‌ തന്റെ പ്രസ്‌താവന പിന്‍വലിച്ചു രാജിവയ്‌ക്കേണ്ടിവന്നു എന്നതാണ്‌.
2024ല്‍ കെനിയയില്‍ തുറമുഖം, വൈദ്യുതി നിലയം, റെയില്‍വേലൈന്‍ തുടങ്ങി അടിസ്‌ഥാന സൗകര്യ പദ്ധതികളുടെ കരാറുകള്‍ അദാനി ഗ്രൂപ്പിനു നല്‍കിയ മുന്‍ കെനിയന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ അവകാശപ്പെട്ടത്‌, ഒരു ദശാബ്‌ദം മുമ്പ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ മോദിയാണ്‌ തന്നെ അദാനി ഗ്രൂപ്പിനു പരിചയപ്പെടുത്തിയതെന്നാണ്‌.
ഷെയ്‌ഖ്‌ ഹസീന ബംഗ്ലാദേശ്‌ പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയിലെ ഗോഡയില്‍ 1600 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിച്ച്‌ അയല്‍രാജ്യത്തേക്ക്‌ വൈദ്യുതി എത്തിക്കുന്നതിനുള്ള ഒരു കരാറില്‍ അദാനി എത്തി. ഓസ്‌ട്രേലിയയിലെ അദാനിയുടെ ഖനികളില്‍നിന്നാണ്‌ കല്‍ക്കരി ഇറക്കുമതി ചെയ്‌തത്‌. ഇവിടെനിന്നുള്ള വൈദ്യുതിക്ക്‌ അമിതവില നിര്‍ണയിച്ചു എന്ന ആരോപണം ബംഗ്ലാദേശില്‍ ഷെയ്‌ഖ്‌ ഹസീനയ്‌ക്കെതിരേ പ്രതിപക്ഷം ഉന്നയിച്ചത്‌ വലിയ വിവാദമായിരുന്നു.
ഓസ്‌ട്രേലിയ, വിയറ്റ്‌നാം, ഗ്രീസ്‌, ഇസ്രായേല്‍, ഇന്തോനേഷ്യ, കെനിയ, നേപ്പാള്‍, ടാന്‍സാനിയ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ആയുധങ്ങള്‍, കല്‍ക്കരി ഖനനം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ അദാനിയുടെ ബിസിനസ്‌ താത്‌പര്യങ്ങള്‍ വികസിപ്പിക്കാന്‍ ഇന്ത്യന്‍ ഭരണത്തലവന്റെ പലവിധത്തിലുള്ള സഹായ സഹകരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ പല അന്താരാഷ്‌ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്‌തിരുന്നു.
ഇന്ത്യയ്‌ക്കകത്ത്‌ എത്ര തന്ത്രപ്രധാന മേഖഖലയും അദാനിക്ക്‌ അപ്രാപ്യമല്ല. പാകിസ്‌താനുമായുള്ള ഇന്ത്യയുടെ അതിര്‍ത്തിയില്‍നിന്ന്‌ ഒരു കിലോമീറ്ററിനുള്ളില്‍ ഒരു പുനരുപയോഗ ഊര്‍ജപാര്‍ക്ക്‌ നിര്‍മിക്കാന്‍ അദാനി ഗ്രൂപ്പിനു പങ്കാളിത്തമുള്ള പദ്ധതിക്ക്‌ ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ സുരക്ഷാ പ്രോട്ടോക്കോളുകളില്‍ ഇളവു വരുത്തിയതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ടു ചെയ്‌തിരുന്നു.
രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലയെ ബാധിക്കുന്ന അറ്റോമിക്‌ എനര്‍ജി ആക്‌ട്‌ 1962 സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ്‌ ആക്‌ട്‌ 2010 ബില്ലുകള്‍ റദ്ദാക്കി 2025 ഡിസംബറില്‍ പകരം 'ശാന്തിബില്‍' പാര്‍ലമെന്ററി സമിതിയുടെ പരിശോധയ്‌ക്കു വിടാതെ പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച്‌ പാസാക്കിയത്‌ ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന്‌ രണ്ടുമാസത്തിനകംതന്നെ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്‌. സസ്‌റ്റെയിനബിള്‍ ഹാര്‍നെസിങ്‌ ആന്‍ഡ്‌ അഡ്വാസ്‌മെന്റ്‌ ഓഫ്‌ ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോമിങ്‌ ഇന്ത്യ ബില്ല്‌ 2025 പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ അംഗം മനീഷ്‌ തിവാരി ചോദിച്ചിരുന്നു ആണവോര്‍ജരംഗത്ത്‌ നിക്ഷേപം നടത്താന്‍ തങ്ങള്‍ക്കു താത്‌പര്യം ഉണ്ടെന്ന്‌ അദാനി പ്രഖ്യാപിച്ച്‌ വെറും ഒരു മാസം കഴിയുമ്പോഴേക്കും ഇതിനു സഹായകമായ ഒരു ബില്‍ സഭയിലെത്തുന്നത്‌ യാദൃച്‌ഛികമാണോ എന്ന്‌. അദാനിയെന്നു കേള്‍ക്കാത്ത താമസം ഭരണപക്ഷം ഒച്ചവച്ച്‌ പ്രതിരോധിക്കുകയായിരുന്നു.
'ശാന്തിബില്ലി'ലെ ഏറ്റവും ജനദ്രോഹപരമായവശം അതിനു മുതല്‍മുടക്കുന്നയാളെ ജനങ്ങളോടുള്ള പ്രാഥമികമായ ഉത്തരവാദിത്വത്തില്‍നിന്ന്‌ ഒഴിവാക്കുന്നു എന്നതാണ്‌. ''നിര്‍മാണത്തിലിരിക്കുന്ന ആണവകേന്ദ്രത്തിനുണ്ടാകുന്ന കേടുപാടുകള്‍, അതേസ്‌ഥലത്തെ മറ്റു കേന്ദ്രങ്ങള്‍ക്കോ ബന്ധപ്പെട്ട വസ്‌തുവകകള്‍ക്കോ ഉണ്ടാകുന്ന നാശനഷ്‌ടങ്ങള്‍, സംഭവസമയത്ത്‌ ആണവ വസ്‌തുക്കള്‍ വഹിച്ചുകൊണ്ടിരുന്ന ഗതാഗത മാര്‍ഗത്തിനുണ്ടാകാവുന്ന നാശനഷ്‌ടങ്ങള്‍ എന്നിവയ്‌ക്ക്‌ ഓപ്പറേറ്റര്‍മാര്‍ ബാധ്യസ്‌ഥരായിരിക്കില്ല'' എന്ന്‌ ശാന്തിബില്‍ 2025ല്‍ പറയുന്നു. ജനങ്ങളുടെ സുരക്ഷാ ആവശ്യങ്ങളെ മറികടന്ന്‌ സ്വകാര്യ മൂലധനമാര്‍ജിക്കാന്‍ ശ്രമിക്കുന്നത്‌ ശരിയല്ലെന്ന്‌ ലോകസഭയില്‍ ബില്‍ ചര്‍ച്ചയ്‌ക്കുവന്നപ്പോള്‍ ഡോ. ശശി തരൂരും പറഞ്ഞിരുന്നു. ആണവ അപകടമുണ്ടായാല്‍ നഷ്‌ടപരിഹാര ബാധ്യത ആണവോര്‍ജ ഉത്‌പന്ന വിതരണക്കാര്‍ക്ക്‌ ഒഴിവാക്കി നല്‍കുന്ന വ്യവസ്‌ഥയ്‌ക്കെതിരേ പ്രതിഷേധം ഉയര്‍ത്തിയ പ്രതിപക്ഷം സഭയില്‍നിന്നിറങ്ങിപ്പോയിരുന്നു.
ആണവനിലയങ്ങളും റിയാക്‌ടറുകളും നിര്‍മിക്കാന്‍ ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ ലൈസന്‍സിനായി അനുമതി നല്‍കിയ നിയമം പ്രാബല്യത്തില്‍വന്ന്‌ രണ്ടുമാസംപോലും തികയും മുമ്പ്‌ അദാനി ഗ്രൂപ്പ്‌ ആണവോര്‍ജ കമ്പനി രൂപീകരിച്ചു എന്ന വിവരം പുറത്തുവന്നിരിക്കുന്നു. അദാനി പവറിന്റെ കീഴില്‍ അദാനി ആറ്റമിക്‌ എനര്‍ജി ലിമിറ്റഡ്‌ (എ.എ.ഇ.എല്‍.) എന്ന കമ്പനി രൂപീകരിച്ചതായി അദാനി ഗ്രൂപ്പ്‌ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ്‌ സ്വകാര്യ സ്‌ഥാപനം ആണവോര്‍ജ കമ്പനി രൂപീകരിക്കുന്നത്‌.
ബ്രിട്ടീഷ്‌ ഈസ്‌റ്റ്‌ ഇന്ത്യാ കമ്പനി ഇന്ത്യയുടെ സമ്പത്ത്‌് പിടിച്ചെടുത്തതുപോലെ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്‌ അദാനി ഗ്രൂപ്പിന്‌ കൈമാറുകയാണെന്നു പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി കുറേക്കാലമായി ആരോപണം ഉന്നയിച്ചുവരുന്നതാണ്‌. പാര്‍ലമെന്റില്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനിയെക്കുറിച്ച്‌ ചോദ്യങ്ങള്‍ ചോദിക്കാനോ ആ പേര്‌ ഉച്ചരിക്കാനോ സ്‌പീക്കറോ ഭരണപക്ഷമോ അനുവദിക്കാറില്ല. എങ്കിലും കിട്ടുന്ന ഏതവസരത്തിലും രാഹുല്‍ഗാന്ധി മോദി- അദാനി ബന്ധം ഉച്ചത്തില്‍ വിളിച്ചു പറയാറുണ്ട്‌. രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കുന്നതിനും ഭാവിയില്‍ മത്സരിക്കുന്നതിനു വിലക്കേര്‍പ്പെടുത്താനും ഭരണപക്ഷം നീക്കം നടത്തുന്നതിനു പിന്നില്‍ അദാനിയുടെ പങ്ക്‌ ചെറുതല്ല.
ഇന്ത്യയിലെ മുഖ്യധാരാ ദേശീയ മാധ്യമങ്ങള്‍ മിക്കവാറും വന്‍കിട കോര്‍പ്പറേറ്റുകള്‍ സ്വന്തമാക്കിക്കഴിഞ്ഞതോടെ അദാനിയടക്കമുള്ളവരുടെ കോര്‍പ്പറേറ്റ്‌ അഴിമതിയും ജനവിരുദ്ധതയും തുറന്നുകാണിക്കാന്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ തീരെയില്ലാതായിരിക്കുന്നു. റിപ്പോര്‍ട്ടേഴ്‌സ്‌ വിതൗട്ട്‌ ബോര്‍ഡേഴ്‌സ്‌ (ആര്‍എസ്‌.എഫ്‌.) എന്ന സംഘടന പറയുന്നത്‌ 2017നുശേഷം അദാനി ഗ്രൂപ്പ്‌ തങ്ങളെ വിമര്‍ശിക്കുന്ന 15 മാധ്യമ പ്രവര്‍ത്തകരെയെങ്കിലും കേസുകൊടുത്ത്‌ നിശബ്‌ദരാക്കിയെന്നാണ്‌. അദാനി കമ്പനി നല്‍കിയ മാനനഷ്‌ടക്കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്ക്‌ ഒരുവര്‍ഷം തടവും 5000 രൂപ പിഴയും ഗുജറാത്തിലെ ഗാന്ധിനഗര്‍ മജിസ്‌ട്രേറ്റ്‌ കോടതി ശിക്ഷവിധിച്ചത്‌ ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യവും അപകടത്തിലാണെന്ന്‌ സൂചിപ്പിക്കുന്നു.

Ads by Google
Saturday 21 Feb 2026 09.53 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW