-->
രാജ്യത്ത് മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു മുന്നിലാണെന്നു പറയുമ്പോഴും ആരോഗ്യ മേഖലയില്‍ സംഭവിക്കുന്ന തുടര്‍വീഴ്‌ചകള്‍ കേരളത്തിനു തിരിച്ചടിയും നാണക്കേടുമാകുന്നു. ആളുകളുടെ ജീവനെടുക്കുന്ന തരത്തിലുള്ള പോരായ്‌മകള്‍ ആവര്‍ത്തിക്കുകയാണ്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്‌ത്രക്രിയയ്‌ക്കിടെ വയറ്റില്‍ സര്‍ജിക്കല്‍ ഉപകരണം (കത്രിക) മറന്നുവച്ചെന്ന ഗുരുതര ചികിത്സാപ്പിഴവ് സംസ്‌ഥാനത്തെ ആരോഗ്യ മേഖലയുടെ വിശ്വാസ്യതയ്‌ക്കാണു മങ്ങലേല്‍പ്പിച്ചത്. ഒപ്പം, ഇത്തരം സംഭവങ്ങള്‍ ആളുകള്‍ക്കു കടുത്ത ആശങ്കയുമാകുന്നു. ചികിത്സാപ്പിഴവുകള്‍ തുടരുമ്പോഴും കൃത്യമായ അന്വേഷണമോ നടപടികളോ ഉണ്ടാകാത്തതാണു കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണം.
പിഴവുകള്‍ വാര്‍ത്തയാകുന്നതോടെ സംഭവത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ജീവനക്കാരും പ്രതിഷേധം കനക്കുന്നതോടെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ മുഖം രക്ഷിക്കാനുള്ള അധികാരികളുടെ ശ്രമവും ഇത്തവണയും സംഭവിച്ചു. വീഴ്‌ചകളെ ഗൗരവത്തോടെ കണ്ട് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനായില്ലെങ്കില്‍ തിരിച്ചടികള്‍ ഇനിയുമുണ്ടാകും. 'സിസ്‌റ്റം' തകരാറിലാണെന്നു വിളിച്ചുപറയുന്നവരെ വിമര്‍ശിച്ചും ദ്രോഹിച്ചും ഒതുക്കാന്‍ നോക്കുന്ന സമയത്ത് പിഴവുകള്‍ തിരുത്താനാണു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്‌ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ചുവര്‍ഷം ജീവിച്ച ഹര്‍ഷീന നീതിക്കുവേണ്ടി നിയമനടപടി തുടരുന്നതിനിടയ്‌ക്കാണ് സമാനമായ മറ്റൊരു സംഭവംകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫ് (59) എന്ന വീട്ടമ്മയുടെ വയറ്റിലാണു ശസ്‌ത്രക്രിയയ്‌ക്ക് ഉപയോഗിക്കുന്ന കത്രിക അഞ്ചു വര്‍ഷമായി കുടുങ്ങിക്കിടക്കുന്നത്. 2021 മേയ് അഞ്ചിനു ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്‌ത്രക്രിയയ്‌ക്കിടെയാണ് ഇത്തരത്തിലൊരു പിഴവ് സംഭവിച്ചതെന്നു കരുതുന്നു. അതിനുശേഷം ഇവര്‍ കടുത്ത വയറുവേദനയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ചുവരുകയാണ്. കടുത്ത വേദനയെത്തുടര്‍ന്ന് പലതവണ ഇതേ ആശുപത്രിയില്‍ ചികിത്സയ്‌ക്ക് എത്തിയെങ്കിലും മൂത്രത്തില്‍ കല്ലാണെന്നു പറഞ്ഞ് അധികൃതര്‍ മടക്കി അയയ്‌ക്കുകയായിരുന്നത്രേ. ഗതികെട്ട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണു വയറ്റിനുള്ളില്‍ 'സര്‍ക്കാരിന്റെ കത്രിക' കണ്ടെത്തിയത്. തുടര്‍ന്നു മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തിലെത്തിയെങ്കിലും ഗുളിക നല്‍കി 23 ന് വരാന്‍ പറഞ്ഞു മടക്കി അയച്ചു. എന്നാല്‍, ഇനി മെഡിക്കല്‍ കോളജിലേക്ക് ഇല്ലെന്ന നിലപാടിലാണ് ഉഷ. ഉഷയെ ചേര്‍ത്തുപിടിക്കാനും എല്ലാ സഹായവും ചെയ്യാമെന്നു പറഞ്ഞ് മന്ത്രിയടക്കമുള്ളവര്‍ രംഗത്ത് ഇറങ്ങുന്നതുമാകും ഇനി കേരളം കാണുക. മാധ്യമശ്രദ്ധയുണ്ടെങ്കില്‍ മാത്രം ഈക്കൂട്ടര്‍ നല്‍കുന്ന പരിഗണനയും ശ്രദ്ധയും 'ചികിത്സ' ആവശ്യമായ മറ്റൊരു കാര്യമാണ്.
കോഴിക്കോട്ടെ ഹര്‍ഷീനയ്‌ക്കു നീതി ഉറപ്പാക്കുമെന്നു പറഞ്ഞതു സംസ്‌ഥാനത്തെ ആരോഗ്യമന്ത്രിയാണ്. എന്നിട്ട് എന്തായി? ഹര്‍ഷീന നല്‍കിയ നഷ്‌ടപരിഹാരക്കേസ് കോഴിക്കോട് സബ് കോടതിയുടെ പരിഗണനയിലാണ്. സംഭവത്തില്‍ രണ്ടു ഡോക്‌ടര്‍മാര്‍ക്കും രണ്ടു നഴ്‌സുമാര്‍ക്കുമെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് 2024 ജൂലൈമുതല്‍ വിചാരണാ നടപടികള്‍ സ്‌റ്റേ ചെയ്യപ്പെട്ടു. ഈ സ്‌റ്റേ നീക്കാന്‍ സര്‍ക്കാര്‍ എന്തു നടപടിയാണു സ്വീകരിച്ചത്? ആരോഗ്യമന്ത്രി പറഞ്ഞു പറ്റിച്ചു എന്ന് ഹര്‍ഷീനയ്‌ക്കു പറയേണ്ടിവരുന്നു. ഭാവിയില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ഉഷയ്‌ക്കും സമാന അനുഭവമാകും നേരിടേണ്ടിവരുക.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവുമൂലം പല്ലശന സ്വദേശിയായ ഒന്‍പതുവയസുകാരി വിനോദിനിക്കു വലതുകൈ നഷ്‌ടമായതു സംസ്‌ഥാനം മറന്നിട്ടുണ്ടാകില്ല. ഡോക്‌ടര്‍മാര്‍ മുറിവ് ശ്രദ്ധിക്കാതെ പ്ലാസ്‌റ്റര്‍ ഇട്ടതിനെത്തുടര്‍ന്ന് അണുബാധയുണ്ടാകുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച് കൈ മുറിച്ചുമാറ്റുകയും ചെയ്യേണ്ടിവന്നു. പ്രതിപക്ഷ നേതാവിന്റെ സാമ്പത്തിക സഹായത്തോടെയാണ് പിന്നീട് കുട്ടിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചത്. ചികിത്സാപ്പിഴവുപോലെതന്നെ ഗുരുതരമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന നിസംഗതയും അവഗണനയും.
സര്‍ക്കാര്‍ ആശുപത്രികളില്‍ എന്തെങ്കിലും മോശം സംഭവിച്ചാല്‍ ഉടന്‍ എടുത്തുപറയുന്നത് ആവശ്യത്തിന് ജീവനക്കാരില്ലെന്നും ഉപകരണങ്ങളുടെ ലഭ്യതക്കുറവുമായിരിക്കും. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളിലെ 'സിസ്‌റ്റം തകരാറി'നു പിന്നിലെ യഥാര്‍ഥകാരണം ചുമതലപ്പെട്ടവരുടെ കെടുകാര്യസ്‌ഥതയും താന്‍പോരിമയും ഉത്തരവാദിത്വമില്ലായ്‌മയുമാണെന്ന് എത്രയോവട്ടം തെളിഞ്ഞിരിക്കുന്നു. പോരായ്‌മകള്‍ യഥാസമയം പരിഹരിക്കാനും ആത്മാര്‍ഥമായി ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കാനും അധികാരികള്‍ ശ്രമിക്കാറില്ല. ഫലം അനുഭവിക്കേണ്ടിവരുന്നതു സാധാരണക്കാരായ രോഗികളാണ്. മികച്ച ചികിത്സ കൃത്യമായി ലഭിക്കാന്‍ ഭാഗ്യം വേണ്ടിവരുന്ന അവസ്‌ഥയാണ് സംസ്‌ഥാനത്തെ ജനങ്ങളുടേത്.