-->
മലപ്പുറം: മലപ്പുറത്ത് മിനിലോറി 65 അടിയോളം ആഴമുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മേല്‍മുറി പൈത്തിനിപ്പറമ്പ് സ്വദേശി മുഹമ്മദ് മുസ്‌തഫ കുന്നത്തൊടി(43)യാണു മരിച്ചത്. മലപ്പുറം ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഇന്നലെ ഉച്ചയ്‌ക്ക് 1.15നായിരുന്നു അപകടം. വിവിധ കടകളിലേക്ക് പാചകപ്പൊടികളുമായി പോവുകയായിരുന്ന മലപ്പുറം മലയില്‍ ഗ്രൂപ്പിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് പൂര്‍ണ്ണമായും മുങ്ങിപ്പോയി. ൈഡ്രവര്‍ ജാഫറും സെയില്‍സ്‌മാനായ മുസ്‌തഫയുമാണ് ലോറിയിലുണ്ടായിരുന്നത്. പരുക്കേറ്റ ജാഫറിനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഴ് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രാത്രി 8.30നാണ് ലോറിയുടെ ക്യാബിന്‍ വെട്ടിപ്പൊളിച്ച് മുസ്‌തഫയുടെ മൃതദേഹം പുറത്തെടുത്തത്. ഇറക്കം ഇറങ്ങുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് നഷ്‌ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുവഴി പോവുകയായിരുന്ന വിദ്യാര്‍ത്ഥിയാണ് ആദ്യം അപകടം കണ്ടത്. തുടര്‍ന്ന്, നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ൈഡ്രവര്‍ ജാഫറിനെ അപകടം നടന്ന ഉടനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എന്നാല്‍ ലോറിയെയും മുസ്‌തഫയെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
തിരൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും സ്‌കൂബാ ടീം അംഗങ്ങളും മുങ്ങല്‍ വിദ്ധരുമാണ് ആദ്യഘട്ടത്തില്‍ എത്തിയത്. ഫലം കാണാതെ വന്നതോടെ കൂടുതല്‍ അഗ്‌നിര്‌കഷാ സേനാ യൂണിറ്റുകളും ക്രെയിനും എത്തിക്കുകയായിരുന്നു. എന്നാല്‍, ആദ്യശ്രമത്തില്‍ ക്രെയിനിലെ കേബിളിന്റെ നീളക്കുറവ് പ്രതിസന്ധി സൃഷ്‌ടിച്ചു. പിന്നീട് കേബിളിന്റെ നീളം വര്‍ദ്ധിപ്പിച്ചെങ്കിലും പൊട്ടിപ്പോവുകയായിരുന്നു. മറ്റൊരു കേബിള്‍ കൊണ്ടുവന്ന് ക്രെയിന്‍ കേബിളുമായി ഘടിപ്പിച്ച ശേഷം ആറ് മണിക്കൂറിന് ശേഷമാണ് ലോറിയുടെ മുന്‍ഭാഗം ഉയര്‍ത്താന്‍ സാധിച്ചത്.പ്രദേശത്തെ വൈരങ്കോട് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകരും അനുബന്ധ സൗകര്യങ്ങളും അതിവേഗം എത്തുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നു. ക്വാറിയുടെ ആഴവും വെള്ളക്കെട്ടില്‍ മാലിന്യവും പ്ലാസ്‌റ്റിക്കും നിറഞ്ഞു കിടന്നതും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കി. 40 വര്‍ഷം മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ച ഈ ക്വാറിയാണിത്. ഇതിനോട് ചേര്‍ന്നാണ് റോഡുള്ളത്. എതിര്‍വശത്ത് മറ്റൊരു ക്വാറിയും പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെയും ഇവിടെ അപകടങ്ങള്‍ നടന്നിട്ടും സൂചനാ ബോര്‍ഡുകള്‍ സ്‌ഥാപിക്കാത്തത് അനാസ്‌ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മുഹമ്മദ് മുസ്‌തഫയുടെ പിതാവ്: പരേതനായ മൊയ്‌തീന്‍കുട്ടി. മാതാവ്: പരേതയായ ആയിഷക്കുട്ടി. ഭാര്യ: സുഹൈല. മക്കള്‍: ഷാമില്‍, ഫാത്തിമ റിദ.