Wednesday, March 11, 2026 Last Updated 36 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 06.50 PM

‘സ്ത്രീയാണ്, സെലിബ്രിറ്റിയാണ്, ഞാനിപ്പോള്‍ സിംഗിളാണ് എന്നതാവാം കാരണങ്ങള്‍; ശരിക്കും ദേഷ്യം വരാറുണ്ട്; എന്റെ ക്ഷമ എപ്പോള്‍ കൈവിടും എന്നറിയില്ല...’ മീന

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി തിളങ്ങി, നാലു പതിറ്റാണ്ടിലധികമായി വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മീന. ഇപ്പോഴിതാ സമീപകാലത്തായി തന്റെ രണ്ടാം വിവാഹത്തെ സംബന്ധിച്ച് വരുന്ന ഗോസിപ്പുകളിൽ പ്രതികരിക്കുകയാണ് താരം.
Meena, Meena about her second marriage
Meena about her second marriage controversy (Image Source: Instagram)

മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളില്‍ ഒരാളാണ് മീന. ബാലതാരമായി അരങ്ങേറ്റം കുറിച്ച് തൊണ്ണൂറുകളില്‍ മലയാളം-തമിഴ് സിനിമാലോകത്ത് ഏറ്റവും തിരക്കുള്ള നായികയായി മീന തിളങ്ങി. തെന്നിന്ത്യന്‍ സിനിമാ ലോകം ഒരുപോലെ ആഘോഷിച്ച താരമാണ് മീന. രജനീകാന്ത്, കമല്‍ഹാസൻ, മോഹൻലാല്‍, മമ്മൂട്ടി തുടങ്ങി തെന്നിന്ത്യയിലെ എല്ലാ സൂപ്പർ താരങ്ങള്‍ക്കൊപ്പവും മീന നായികയായി തിളങ്ങി.!വര്‍ഷങ്ങള്‍ക്കിപ്പുറവും നായിക നിരയില്‍ തന്നെ തിളങ്ങാന്‍ മീനയ്ക്ക് കഴിയുന്നുണ്ട്. നാലു പതിറ്റാണ്ടിലധികമായ കരിയറിനിടയിൽ സൂപ്പര്‍താരങ്ങളുടെ മകളായും പ്രണയിനിയായും അമ്മയായും അഭിനയിച്ച ഏക നടി എന്ന അപൂർവ്വ റെക്കോർഡ് പോലും മീനയ്ക്കുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരണപ്പെട്ടത്. ഇതിനു പിന്നാലെ മീന രണ്ടാമത് വിവാഹിതയാകാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ പരന്നു. തന്റെ കരിയറിനിടെ വലിയ ഗോസിപ്പുകളോ വിവാദങ്ങളോ ഒന്നും തന്നെ മീനയ്ക്ക് നേരിടേണ്ടതായി വന്നിരുന്നില്ല. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷം രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ മീനയെ ചുറ്റിപ്പറ്റി നിറയുന്നുണ്ട്.
ഇപ്പോഴിതാ സമീപകാലത്തായി തന്റെ രണ്ടാം വിവാഹത്തെ സംബന്ധിച്ച് വരുന്ന ഗോസിപ്പുകളിൽ പ്രതികരിക്കുകയാണ് മീന. രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ഏറെ വേദനിപ്പിക്കാറുണ്ടെന്നും ഇതെല്ലാം കാണുമ്പോൾ ഭയങ്കരമായ ദേഷ്യം വരാറു​ണ്ടെന്നുമാണ് മീന പറയുന്നത്.
‘‘ഇപ്പോള്‍ എന്നെ കുറിച്ച് ഏറ്റവും അധികമായി കേള്‍ക്കുന്ന വിവാദം എന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്. അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ, അല്ലെങ്കിൽ അങ്ങനെയൊരാളുണ്ടെങ്കിൽ അതേക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. ഇതിപ്പോൾ വെറുതേ എന്തെങ്കിലും ഏതെങ്കിലും എഴുതുകയാണ്.
ഞാനൊരു സ്ത്രീയാണ്, സെലിബ്രിറ്റിയാണ്, ഞാനിപ്പോള്‍ സിംഗിളാണ് എന്നൊക്കെയുള്ള കാരണങ്ങളായതുകൊണ്ടാവാം എന്തും പറയാം എന്ന തോന്നലാണ് എഴുതുന്നവര്‍ക്ക്. എന്നെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടലും ശല്യപ്പെടുത്തലുമാണ്, ഇപ്പോള്‍ എല്ലാവരെയും ഞാൻ വെറുതെവിടുന്നു. എന്റെ ക്ഷമ എപ്പോള്‍ കൈവിടും എന്നറിയില്ല. ഇപ്പോള്‍ ഞാന്‍ എല്ലാവരെയും വിട്ടുവച്ചിരിക്കുകയാണ്. വാര്‍ത്തകളില്‍ അല്പമെങ്കിലും സത്യമുണ്ടെങ്കില്‍ കുഴപ്പമില്ലായിരുന്നു. സ്വന്തം കണ്ണുകൊണ്ട് കണ്ടപോലെ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നവരോട് പുച്ഛമാണ് തോന്നുന്നത്.
എന്റെ സമയവും ആരോഗ്യവും എനര്‍ജിയും ഒന്നും എനിക്ക് നെഗറ്റീവായ ഒരു കാര്യത്തിന് വേണ്ടി ചെലവഴിക്കാന്‍ താത്പര്യമില്ല. തെറ്റായ, മോശമായ, ആവശ്യമില്ലാത്ത ഒരു കാര്യത്തിന് വേണ്ടിയും വിലപ്പെട്ട എന്റെ നേരവും ആരോഗ്യവും ചിന്തയും കളയാന്‍ സാധിക്കില്ല.
ഞാൻ വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരാളാണ്. സന്തോഷത്തോടെ ഇരിക്കാനാണ് എനിക്കിഷ്ടം. അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി മനസ് മടുപ്പിക്കാൻ ഞാൻ തയ്യാറല്ല. ഇപ്പോള്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. എന്റെ ചുറ്റുമുള്ളവർ ചെയ്ത തെറ്റുകള്‍ക്ക് അവർ അനുഭവിച്ചത് നേരില്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കർമ്മം വെറുതെ വിടില്ല...വിവാഹത്തെക്കുറിച്ച്‌ എന്റെ അഭിപ്രായമാണ് ചോദിച്ചറിയേണ്ടതെന്നും എന്നാല്‍ എന്നോട് ചോദിക്കാതെ എല്ലാവരും എന്റെ കല്യാണം നടത്താൻ മത്സരിക്കുകയാണ്...’’ മീന പറഞ്ഞു. ഗലാട്ട തമിഴിനു നല്‍കിയ അഭിമുഖത്തിലാണ് മീന മനസ്സു തുറന്നത്. മലയാളികള്‍ കാത്തിരിക്കുന്ന ദൃശ്യമാണ് മീനയുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമ. ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’ എന്ന ബൃഹദ് ഫ്രാഞ്ചൈസിയുടെ ഭാഗമായ മീന, സിനിമയുടെ മൂന്നാം ഭാഗത്തിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2026 ഏപ്രിൽ 2ന് ചിത്രം തിയേറ്ററുകളിലെത്തും.

2009-ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വിദ്യാസാഗറിനെയാണ് മീന വിവാഹം ചെയ്തത്. മകൾ നൈനിക ‘തെറി’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2022-ൽ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നാണ് വിദ്യാസാഗർ അന്തരിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW