-->
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റാണ ദഗ്ഗുബട്ടി. ഇന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയ സാന്നിധ്യമായി ഭല്ലാദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ റാണ മാറി. ഈ മിന്നും വിജയത്തിനു ശേഷം ഒരുപാട് ഓഫറുകളും സിനിമകളും റാണയെ തേടിയെത്തി. എന്നാല്‍ റാണയുടെ വ്യക്തിജീവിതം അപ്പാടെ മാറി മറിഞ്ഞതും ഈ സിനിമയ്ക്ക് ശേഷമാണ്.
ബാഹുബലിയുടെ വൻ വിജയത്തിന് പിന്നാലെ വൃക്ക തകരാറിലാകൽ, ഹൃദയത്തിന് ചുറ്റുമുള്ള കാൽസിഫിക്കേഷൻ തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകളിലൂടെയാണ് താരം കടന്നുപോയത്. സിനിമകളിൽ നിന്ന് പൂര്‍ണ്ണമായി മാറി നിന്ന താരം, ട്രാൻസ്പ്ലാൻറിനായി അമേരിക്കയിലേക്ക് പോയി, അതിജീവനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തന്റെ രോഗമുക്തിക്ക് ശേഷമുള്ള കാലഘട്ടത്തെ ‘ചാപ്റ്റർ 2’ എന്നാണ് റാണ വിശേഷിപ്പിക്കുന്നത്.
ഇപ്പോഴിതാ ആരോഗ്യപരമായ വെല്ലുവിളികൾ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് റാണ ദഗ്ഗുബട്ടി. വൃക്ക തകരാറിലാകുകയും ഹൃദയസംബന്ധമായ സങ്കീർണ്ണതകൾ ഉണ്ടാവുകയും ചെയ്തതിനെത്തുടർന്ന്, അമേരിക്കയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സമയത്തെക്കുറിച്ചാണ് റാണ പറയുന്നത്. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി ചെയ്യാമെന്നേറ്റിരുന്ന സിനിമകളിൽനിന്ന് പിന്മാറിയെന്നും അഡ്വാൻസ് തുക മടക്കിനൽകിയെന്നും താരം പറയുന്നു.
‘‘ജീവിതം വേഗത്തിൽ മുന്നോട്ട് പോകുമ്പോൾ, പെട്ടെന്ന് ഒരു പോസ് ബട്ടൺ മുഴങ്ങി. ആദ്യമായി രോഗവിവരം അറിഞ്ഞപ്പോൾ അത് വലിയൊരു ആഘാതമായിരുന്നു. ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കില്ലല്ലോ. ഞാൻ ഇല്ലാതായേക്കാം എന്ന യാഥാർത്ഥ്യം ആദ്യമായി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
രക്തസമ്മർദ്ദവും ഹൃദയത്തിന് ചുറ്റും കാൽസിഫിക്കേഷനും ഉണ്ടായിരുന്നു. വൃക്കകൾ തകരാറിലായി. ഇതെല്ലാം ചേർന്ന് പക്ഷാഘാതത്തിനോ രക്തസ്രാവത്തിനോ ഉള്ള 70 ശതമാനം സാധ്യതയും മരിക്കാനുള്ള 30 ശതമാനം സാധ്യതയുമുണ്ടായിരുന്നു. എന്റെ സിനിമകളാണ് എന്നെ ഓരോന്നും അതിജീവിക്കാനും ഒരു നായകനെപ്പോലെ ഉയർന്നുവരാനും പഠിപ്പിച്ചത്. എനിക്ക് ആദ്യമായി രോഗനിർണയം നടത്തിയപ്പോൾ, അതൊരു ഞെട്ടലായിരുന്നു.
നിങ്ങൾക്ക് ഒന്നും സംഭവിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നില്ല, അല്ലേ? നിങ്ങൾ സാധാരണയായി ചിന്തിക്കുന്നത് അങ്ങനെയല്ലേ. നിങ്ങളുടെ ചിന്തയിൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം തന്നെ നിങ്ങളാണ്. എനിക്ക് സ്ഥാനഭ്രംശം സംഭവിക്കാമെന്ന് ഞാൻ ആദ്യമായി മനസ്സിലാക്കിയത് അസുഖം വന്നപ്പോഴാണ്. ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ സുഖമില്ലെങ്കിൽ എന്തു തോന്നണമെന്ന് നിങ്ങൾക്കറിയാം; എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾക്കറിയാം. എന്നാൽ നിങ്ങൾക്ക് അത് സംഭവിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾക്കറിയില്ല. അതെ, നിങ്ങൾക്ക് ധാരാളം ആളുകളിൽ നിന്ന് സഹതാപം ലഭിക്കുന്നു, എന്താണ് സംഭവിച്ചതെന്ന് അറിയാൻ അവർ ശരിക്കും ആഗ്രഹിക്കുന്നു, കാരണം അവരും ഞെട്ടലിലാണ്.
എന്റെ ജീവിതരീതിയടക്കം ഇത് മാറ്റിമറിച്ചു. നമ്മൾ ഒരു ദിവസം ഇവിടെ ഉണ്ടാകില്ല എന്ന സത്യം മനസ്സിലാക്കിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഞാൻ ഇല്ലെങ്കിലും നിലനിൽക്കുന്ന രീതിയിലാണ് ഇപ്പോൾ എല്ലാം കെട്ടിപ്പടുക്കുന്നത്. മുമ്പ് എല്ലാം എന്നെ കേന്ദ്രീകരിച്ചായിരുന്നു, എന്നാൽ ഇപ്പോൾ ജീവിതത്തോടുള്ള സമീപനം മാറി. കരിയറിൽ ഒരു സിനിമ ചെയ്ത് വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് ആരോഗ്യം വഷളായത്.
അതിജീവനം മാത്രമായിരുന്നു അക്കാലത്ത് എന്റെ ഏക ലക്ഷ്യം. അമേരിക്കയിൽ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ഒരു വർഷം ചെലവഴിച്ച ശേഷം ഒടുവിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു യാഥാർത്ഥ്യത്തെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. എന്റെ ശാരീരിക രൂപത്തിൽ വലിയ മാറ്റമുണ്ടായി. കുറെ സിനിമകൾ ഞാൻ കമ്മിറ്റ് ചെയ്തത് ചെയ്യാനുണ്ടായിരുന്നു. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന സിനിമ ഉൾപ്പെടെയുള്ള പ്രോജക്റ്റുകൾ അതിലുണ്ടായിരുന്നു. പക്ഷേ, ആ കഥാപാത്രങ്ങൾക്ക് വേണ്ട രൂപമൊന്നും അപ്പോൾ എനിക്കില്ല. അതുകൊണ്ട് ഞാൻ വാങ്ങിയ അഡ്വാൻസ് തുകകളെല്ലാം തിരികെ നൽകുകയായിരുന്നു.
സ്വന്തം രൂപം തന്നെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഞാനൊരു നടനല്ലായിരുന്നുവെങ്കിൽ, ഈ സാഹചര്യത്തോട് എനിക്ക് പൊരുത്തപ്പെടാൻ കഴിയുമായിരുന്നോ എന്ന് അറിയില്ല. സാമ്പത്തികമായും തൊഴിൽപരമായും വലിയൊരു തീരുമാനമായിരുന്നു, അത് പക്ഷേ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് പ്രായോഗികമായ ഒരു തീരുമാനമെടുക്കുകയായിരുന്നു.
ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ ആ കാലഘട്ടം എന്റെ ജീവിത ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു.
എന്റെ ആരോഗ്യ പ്രതിസന്ധിയുടെ അനന്തരഫലങ്ങളിലൊന്ന്, അസുഖത്തിന് മുമ്പ് ഒപ്പുവെച്ച നിരവധി സിനിമകളുടെ അഡ്വാൻസ് തുക തിരികെ നൽകാനുള്ള തീരുമാനമായിരുന്നു. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന പ്രോജക്റ്റ് ഉൾപ്പെടെയുള്ള വേഷങ്ങൾക്ക് ആവശ്യമായ ശാരീരിക രൂപം ചികിത്സ കഴിഞ്ഞെത്തിയപ്പോൾ ഉണ്ടായിരുന്നില്ല. അക്കാരണത്താൽ ആ ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക മുഴുവൻ തിരികെ നൽകി...’’ റാണ ദഗ്ഗുബട്ടി പറഞ്ഞു. റിയ ചക്രബർത്തിയുടെ പോഡ്കാസ്റ്റ് ഷോ ആയ ചാപ്റ്റർ 2-ലായിരുന്നു റാണയുടെ വെളിപ്പെടുത്തൽ. റാണ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും തന്റെ കരുത്തുറ്റ സ്വഭാവം കൈവിട്ടിരുന്നില്ലെന്ന് റിയ ചക്രവർത്തി ഓർമ്മിപ്പിച്ചു. ഒരു ഉച്ചകോടിക്കിടെ ഇരുന്ന കസേര റാണയുടെ കരുത്തിൽ തകർന്നുപോയ സംഭവം റിയ തമാശരൂപേണ പങ്കുവെച്ചു. ശാരീരിക പരിമിതികൾ കരിയറിനെ ബാധിച്ചപ്പോഴും നിർമാതാക്കൾക്ക് തന്റെ പേരിൽ സാമ്പത്തിക നഷ്ടം ഉണ്ടാകരുത് എന്ന ഉറച്ച നിലപാടാണ് റാണ സ്വീകരിച്ചത്.
ദുൽഖർ സൽമാൻ, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ കാന്ത എന്ന ചിത്രമാണ് റാണയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ സിനിമയുടെ നിർമാതാവും റാണയായിരുന്നു. മിറൈ, പരാശക്തി എന്നീ ചിത്രങ്ങളിൽ കാമിയോ വേഷങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.