-->
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്‍ സിനിമകളിലേക്കുള്ള വഴിത്താരകള്‍ സ്വന്തമായി ഒരുക്കിയ താരം കൂടിയാണ്. മറ്റ് യുവതാരങ്ങള്‍ മലയാളത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ മികച്ച സിനിമകളുടെ ഭാഗമായി മാറിയ താരമാണ് ദുല്‍ഖര്‍. മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യുന്നതിനൊപ്പം മറ്റ് ഭാഷകളിലും ശ്രദ്ധിക്കപ്പെടാന്‍ താരത്തിനു കഴിഞ്ഞു. താരപുത്രന്റെ ഏറ്റവും വലിയ ഭാഗ്യമായി മാറിയത് അന്യഭാഷകളില്‍ താരം ചെയ്ത സിനിമകളൊക്കെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നുള്ളതു തന്നെയാണ്. പാന്‍ ഇന്ത്യന്‍ തലത്തില്‍ വരെ ദുല്‍ഖര്‍ ശ്രദ്ധിക്കപ്പെട്ടു.
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന പുത്തന്‍ ചിത്രമാണ് ‘കാന്ത’. ഈ സിനിമ നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ഇക്കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയിലര്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്. ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിൽ ഉണ്ടാവുക എന്നതാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ഇപ്പോഴിതാ തന്റെ കരിയറില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാൻ സാധ്യതയുള്ള ചിത്രമാണ് ‘കാന്ത’യെന്ന് പറയുകയാണ് ദുല്‍ഖർ സല്‍മാൻ. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് താരം ഇത് പറഞ്ഞത്. ചിത്രത്തിന്റെ നിർമ്മാണം ആറ് വർഷം നീണ്ടുപോയതിനെക്കുറിച്ചും തിരക്കഥ മെച്ചപ്പെടുത്താനായി നടത്തിയ ചർച്ചകളെക്കുറിച്ചും ദുല്‍ഖര്‍ പറഞ്ഞു.
‘‘2019-ല്‍ ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് ‘കാന്ത’യുടെ കഥ ആദ്യമായി കേള്‍ക്കുന്നത്. സംവിധായകൻ സെല്‍വയുടെ കഥ പറച്ചിലില്‍ അത്രയധികം മുഴുകിപ്പോയി, സാധാരണയായി ഒന്നര-രണ്ട് മണിക്കൂറില്‍ അവസാനിക്കുന്ന കഥപറച്ചില്‍ അന്ന് വൈകുന്നേരം ഏഴര വരെ നീണ്ടുപോയി. ആദ്യ പകുതി മാത്രം കേള്‍ക്കാൻ നാല്-അഞ്ച് മണിക്കൂർ എടുത്തതില്‍ അമ്പരന്നു. എന്നാല്‍, കഥയോടുള്ള ഇഷ്ടം കാരണം സമയം പോയതറിഞ്ഞില്ല. സെല്‍വ സംഗീതം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍, ഒരു സിനിമ കാണുന്ന പ്രതീതിയായിരുന്നു.
ഒരു സിനിമയ്ക്കുവേണ്ടി ജീവിതത്തില്‍ ഇത്രയധികം സ്ക്രിപ്റ്റ് മീറ്റിംഗുകള്‍ നടത്തിയിട്ടില്ല. കഥയുടെ ഏതെങ്കിലും ഭാഗം മാറ്റണമെന്ന് പറഞ്ഞാല്‍, സെല്‍വ അതിനനുസരിച്ച് പുതിയ വഴികളിലേക്ക് നീങ്ങുകയും പിന്നീട് പഴയ കഥയിലേക്ക് തിരിച്ചെത്താൻ ഞങ്ങള്‍ ചർച്ചകള്‍ നടത്തുകയും ചെയ്യുമായിരുന്നു. നാലഞ്ച് വർഷത്തോളമായി ഞങ്ങള്‍ ഇത് തുടർന്നുവരികയായിരുന്നു. ഓരോ ‘കാന്താ’ മീറ്റിംഗും അഞ്ച് മണിക്കൂറില്‍ കുറയാതെ നീണ്ടുനിന്നു. ഏകദേശം 10-12 മീറ്റിംഗുകളിലായി 50 മുതല്‍ 80 മണിക്കൂറോളം ഞങ്ങള്‍ കഥകള്‍ കേട്ടിട്ടുണ്ട്.
ഈ സിനിമ കൈവിട്ടുപോകുമോ എന്ന് എനിക്ക് പോലും ഭയമുണ്ടായിരുന്നന്നു. സെല്‍വയുടെ കഥ പറച്ചിലിന്റെ രീതിയും ഓരോ ഘട്ടത്തിലും തിരക്കഥ മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളുമാണ് ഇതിനെല്ലാം കാരണം. എന്റെ കരിയറില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാൻ സാധ്യതയുള്ള ചിത്രമാണ് ‘കാന്ത’. ഒരുപാട് നാളത്തെ കാത്തിരിപ്പിനും നിരന്തരമായ ചർച്ചകള്‍ക്കും ശേഷം ‘കാന്ത’ പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്നതില്‍ വലിയ സന്തോഷം...’’ ദുല്‍ഖര്‍ പറഞ്ഞു.
സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രത്തില്‍ ടി.കെ. മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാന്‍ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗുബാട്ടി എന്നിവര്‍ ചിത്രത്തിലെ മറ്റു നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനിയും, പൊലീസ് ഓഫിസർ ആയി റാണയും എത്തുന്നു, ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര് കുമാരി എന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗുബാട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.
‘കാന്ത’യുടെ ട്രെയിലര്‍ ലോഞ്ചില്‍ റാണ ദഗ്ഗുബട്ടിയും ദുല്‍ഖര്‍ സല്‍മാന്റെ അഭിനയത്തെ പ്രശംസിച്ചിരുന്നു. മികച്ച പ്രകടനമാണ് ദുൽഖർ സൽമാൻ കാഴ്ചവെച്ചിരിക്കുന്നതെന്നും താൻ അദ്ദേഹത്തിന്റെ ആരാധകനായി മാറിയെന്നും റാണ പറഞ്ഞു. ചിത്രം ഇറങ്ങുന്നതോടെ തമിഴ്നാട് മുഴുവൻ ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്ന് വിശേഷിപ്പിക്കുമെന്നും റാണ പറഞ്ഞു. ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിലെത്തുന്ന സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരേയും റാണ പേരെടുത്ത് അഭിനന്ദിച്ചിരുന്നു.