-->
തൃശൂര്‍: അവസാന റാപ്പില്‍ ചാടിക്കയറി വരുന്നവര്‍ക്കു സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറെടുക്കുന്നതിനെതിരേ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്‌തം. എതിര്‍പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി നിന്ന് ആനുകൂല്യങ്ങള്‍ പരമാവധി കൈപ്പറ്റിയവര്‍ മറുകണ്ടം ചാടി സീറ്റിനായി വിലപേശുന്നതിലാണ് വര്‍ഷങ്ങളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അമര്‍ഷം. ഇത് പൊട്ടിത്തെറിയിലേക്കു നീങ്ങുമോയെന്ന ആശങ്കയിലാണു നേതൃത്വം.
കൊട്ടാരക്കരയില്‍ പലതവണ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച നേതാവ് രശ്‌മി, ഇത്തവണ നിയമസഭാ സീറ്റിനായി കാത്തിരിക്കുമ്പോഴാണ് ആയിഷാ പോറ്റിയുടെ രംഗപ്രവേശം. കഴിഞ്ഞ ടേമിലെല്ലാം സി.പി.എമ്മിനൊപ്പം ചേര്‍ന്ന് ലഭിക്കാവുന്ന പദവികളൊക്കെ കൈപ്പിടിയില്‍ ചേര്‍ത്ത പോറ്റി, ഇടതുപക്ഷം തഴഞ്ഞെന്നു ബോധ്യമായതോടെയാണ് കോണ്‍ഗ്രസില്‍ ചേക്കേറിയത്. കൊട്ടാരക്കരയില്‍ അവര്‍ സീറ്റുറപ്പിച്ചതോടെ പരാജയത്തിന്റെ ഓരോ ഘട്ടവും തരണം ചെയ്‌ത് വിജയത്തിനായി കാത്തിരുന്ന രശ്‌മി ഔട്ട്. ഈ സാഹചര്യത്തില്‍ വിമതനീക്കം ശക്‌തമാക്കി ബി.ജെ.പി നേതൃത്വവുമായി രശ്‌മി ബന്ധപ്പെട്ടുവരുന്നു.
ഹാസ്യതാരമായി ഉദയംകൊണ്ട നടന്‍ പ്രേംകുമാര്‍ മുന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പിന്തുണയോടെ ചലചിത്ര അക്കാദമി വൈസ് ചെയര്‍മാനും പിന്നീട് ചെയര്‍മാനുമായിരുന്നു. ചെറുവിവാദം ഉയര്‍ന്നതോടെ പ്രേംകുമാറിനെ നീക്കി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ സര്‍ക്കാര്‍ അക്കാദമി ചെയര്‍മാനാക്കി. ഇതോടെ സ്‌ഥാനം പോയ പ്രേംകുമാര്‍ പഴയകാല കെ.എസ്.യു. പ്രവര്‍ത്തകനെന്നു പരിചയപ്പെടുത്തി കോണ്‍ഗ്രസിലെത്തി. പ്രേംകുമാറിനെ തിരുവനന്തപുരത്തെ ഏതെങ്കിലും സീറ്റില്‍ പരിഗണിക്കാനുള്ള നീക്കത്തിലാണു കോണ്‍ഗ്രസ് നേതൃത്വം. ഇതോടെ ഈ സീറ്റുകള്‍ക്കു കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരുന്ന പ്രാദേശിക നേതൃത്വം നിര്‍ദാക്ഷിണ്യം പടിക്കു പുറത്താകുന്ന അവസ്‌ഥയാണ്.
പാലക്കാട്ട് പിണറായിപക്ഷത്തിനു കളമൊരുക്കി സി.പി.എമ്മില്‍ ആളെ കൂട്ടിയ പി.കെ.ശശി കെ.ടി.ഡി.സി ചെയര്‍മാന്‍ സ്‌ഥാനം രാജിവച്ചതോടെ ചര്‍ച്ചകളും സജീവമായി. മുന്‍ സി.പി.എം എം.എല്‍.എയായ പി.കെ.ശശി നിലവില്‍ പാര്‍ട്ടിക്ക് അനഭിമതനാണ്. ലൈംഗികപീഡന പരാതിയില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായിരുന്ന എ.കെ.ബാലന്റെയും പി.കെ. ശ്രീമതിയുടെയും നേതൃത്വത്തിലുള്ള പാര്‍ട്ടി കോടതി വിധിപ്രഖ്യാപനം നടത്തിയതിനെ ട്രോളാക്കിയ കോണ്‍ഗ്രസാണ് ഇപ്പോള്‍ ശശിയെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്‌ത് സീറ്റ് വാഗ്‌ദാനം നല്‍കിയത്. സമാന പരാതിയില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ എം.എല്‍.എയെ ധാര്‍മികതയുടെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ സാഹചര്യത്തിലാണ് ശശിയെ ചേര്‍ത്തുനിര്‍ത്തുന്നത്.
നേതൃത്വത്തിന്റെ ഇത്തരം ഇടപെടലുകള്‍ പ്രവര്‍ത്തകരെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. പി.കെ. ശശി പാലക്കാട്ട് പിണറായി പക്ഷത്തിനായി തേര്‍ തെളിക്കുമ്പോള്‍ ഉള്‍പാര്‍ട്ടി വിഭാഗീയയില്‍ വി.എസ്. പക്ഷത്തിനായി ആയുധമേന്തിയ എ. സുരേഷ് യു.ഡി.എഫ്. പക്ഷത്തേക്കു ചാഞ്ഞ് സീറ്റ് തരപ്പെടുത്താന്‍ തയാറെടുക്കുന്നത് വിരോധാഭാസമായി. സാധാരണ പ്രവര്‍ത്തകന്‍ മാത്രമായിരുന്ന സുരേഷ്, വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയിലാണ് ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. വിഭാഗീയത കത്തിക്കാളിയ കാലത്ത് വാര്‍ത്ത ചോര്‍ത്തിയെന്ന ആരോപണമുന്നയിച്ചാണ് പാര്‍ട്ടി സുരേഷിനെ പുറത്താക്കിയത്.
പലതവണ അപ്പീല്‍ നല്‍കിയെങ്കിലും തിരിച്ചെടുത്തില്ല. അടഞ്ഞ അധ്യായമെന്നു പാര്‍ട്ടി സെക്രട്ടറി തന്നെ വിലയിരുത്തിയതോടെ വലത്തോട്ടായി ചാഞ്ചാട്ടം. കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്‌ഥാനാര്‍ഥിയാകാനുള്ള തയ്യാറെടുപ്പാണിപ്പോള്‍. എതിര്‍സ്‌ഥാനാര്‍ഥി വി.എസിന്റെ മകന്‍ അരുണ്‍ കുമാറാണെങ്കില്‍ വയ്യെന്നു മുന്‍കൂര്‍ ജാമ്യം. വി.എസിനു മരണാന്തര ബഹുമതിയായ പത്മവിഭൂഷണ്‍ നിഷേധിപ്പിച്ച്, അരുണ്‍ കുമാറിനെ മലമ്പുഴയില്‍ സ്‌ഥാനാര്‍ഥിയാക്കാനാണ് സി.പി.എമ്മിന്റെ നീക്കം.
ബി.ജെ.പിയില്‍ കളംപിടിച്ചു തഴച്ചുവളര്‍ന്ന്, വേദിയില്‍ കസേര കിട്ടിയില്ലെന്നു സങ്കടപ്പെട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ സന്ദീപ് വാര്യര്‍ക്കും
സീറ്റു കണ്ടെത്തേണ്ട ഗതികേടിലാണു കോണ്‍ഗ്രസ് നേതൃത്വം. തൃശൂരാണു വാര്യര്‍ക്കു താല്‍പര്യം. എന്നാല്‍ അവിടെ അടുപ്പിക്കില്ലെന്ന് തൃശൂര്‍ നേതാക്കളുടെ കട്ടായം.
കൊട്ടാരക്കരയില്‍ കെട്ടിയിറക്കാമെന്നു കോണ്‍ഗ്രസ് നേതൃത്വം ഉറപ്പ് കൊടുത്ത അഖില്‍ മാരാര്‍, ആയിഷ പോറ്റിയുടെ വരവോടെ അപകടം മണത്ത് എന്‍.ഡി.എ.യിലേക്കു ചേക്കേറുന്ന മട്ടാണ്. എന്‍.ഡി.എ സഖ്യകക്ഷിയായ ട്വന്റി ട്വന്റിയുടെ സ്‌ഥാനാര്‍ഥിയാകാനാണു നീക്കം. തെരഞ്ഞെടുപ്പുകാലത്ത് സീറ്റ് തരപ്പെടുത്താന്‍ മാത്രം മറുകണ്ടം ചാടുന്ന നേതാക്കളുടെ വിശ്വാസ്യതയിലാണു പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിക്കുന്നത്. മറുകണ്ടം ചാടുന്നവര്‍ക്ക് നിശ്‌ചിത കാലയളവില്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വിശ്വാസ്യതയും ആത്മാര്‍ത്ഥതയും പ്രകടിപ്പിച്ച ശേഷമേ സീറ്റ് കൊടുക്കാവൂ എന്നതാണ് ഇവരുടെ ആവശ്യം.
ജിനേഷ് പൂനത്ത്