-->
കൊച്ചി: ആയുധപരിശീലനക്കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന പോപ്പുലര്‍ ഫ്രണ്ട് (പി.എഫ്.ഐ.) പ്രവര്‍ത്തകന്‍ മൊയ്‌തീന്‍കുട്ടിയെ റിമാന്‍ഡ് ചെയ്‌തു. അടുത്തയാഴ്‌ച കസ്‌റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എന്‍.ഐ.എയുടെ നീക്കം.
മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശിയായ മൊയ്‌തീന്‍കുട്ടിയെ കഴിഞ്ഞ ദിവസം യു.എ.ഇയില്‍നിന്ന് തിരിച്ചെത്തിയ ഉടന്‍ കൊച്ചി വിമാനത്താവളത്തില്‍വച്ചാണ് അറസ്‌റ്റ് ചെയ്‌തത്. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് മന്‍സൂര്‍, പറവൂര്‍ സ്വദേശി അബ്‌ദുള്‍ വഹാബ്, പട്ടാമ്പി സ്വദേശി അബ്‌ദുള്‍ റഷീദ്, ആലങ്ങാട് സ്വദേശി മുഹമ്മദ് യാസര്‍ അറാഫത്ത്, എടവനക്കാട് സ്വദേശി ടി.എ. അയൂബ് എന്നിവരാണ് കേസില്‍ ഇനിയും പിടിയിലാകാനുള്ളത്. ഇവര്‍ക്കെതിരേ തെരച്ചില്‍ നോട്ടീസ് നിലനില്‍ക്കുന്നുണ്ട്. ഇയാളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ. ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മൂന്നു വര്‍ഷമായി മൊയ്‌തീന്‍കുട്ടി യു.എ.ഇയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും എന്‍.ഐ.എ. വ്യക്‌തമാക്കി. മൊയ്‌തീന്‍കുട്ടിയുടെ യു.എ.ഇയിലെ പ്രവര്‍ത്തനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
കായിക, യോഗാ പരിശീലനങ്ങളുടെ മറവില്‍ മൊയ്‌തീന്‍കുട്ടിയുടെ നേതൃത്വത്തില്‍ യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചതായും എന്‍.ഐ.എ. വ്യക്‌തമാക്കുന്നു. കായിക ആയുധ പരിശീലന വിങിന്റെ കോര്‍ഡിനേറ്ററായി ഇയാള്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചെന്നു വിവരം ലഭിച്ചിട്ടുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പി.എഫ്.ഐ. ഒരുക്കിയ സായുധസംഘത്തിന് ആയുധപരിശീലനം നല്‍കിയത് മൊയ്‌തീന്‍കുട്ടിയാണെന്നാണ് എന്‍.ഐ.എ. പറയുന്നത്. മൊയ്‌തീന്‍കുട്ടി നേരത്തേ കൈവെട്ടുകേസിലും പ്രതിചേര്‍ക്കപ്പെട്ടയാളാണ്.