-->
എയ്‌ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കും മാനേജ്‌മെന്റുകള്‍ക്കും ആശ്വാസത്തിനും ആഹ്‌ളാദത്തിനും വകനല്‍കുന്ന തീരുമാനങ്ങളാണ് സംസ്‌ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമക്കുരുക്കില്‍പ്പെട്ട ഇരുപതിനായിരത്തോളം അധ്യാപക-അനധ്യാപകരുടെ നിയമനം സ്‌ഥിരപ്പെടുത്താനുള്ള തീരുമാനം സുപ്രധാനമായി. നിയമനാംഗീകാരം ലഭിക്കുന്നവര്‍ക്ക് അതോടെ എല്ലാവിധത്തിലുമുള്ള സര്‍വീസ് ആനുകൂല്യങ്ങളും ലഭിച്ചുതുടങ്ങും. അതുപോലെ, 2025 സെപ്‌റ്റംബര്‍ ഒന്നിനു മുമ്പു നിയമനം ലഭിച്ചവരും എന്നാല്‍ കെ-ടെറ്റ് യോഗ്യത ഇല്ലാത്തവരുമായ അധ്യാപകര്‍ക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ യോഗ്യത നേടിയെടുക്കാവുന്ന തരത്തില്‍ വ്യവസ്‌ഥയില്‍ ഇളവു നല്‍കി താല്‍ക്കാലിക അംഗീകാരം നല്‍കാനുള്ള തീരുമാനവും സ്വാഗതം ചെയ്യപ്പെടുന്നു.
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) സുപ്രീം കോടതിയില്‍നിന്ന് ഒരു വര്‍ഷം മുമ്പു നേടിയെടുത്ത അനുകൂല വിധി എല്ലാ എയ്‌ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം.
എന്‍.എസ്.എസ്. നേടിയെടുത്ത വിധി തങ്ങള്‍ക്കും ബാധകമാക്കണമെന്നു മറ്റു മാനേജ്‌മെന്റുകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം അനുകൂലമല്ലെന്നായിരുന്നു പറഞ്ഞുപോന്നത്. ഒരു വര്‍ഷമായി വൈകിപ്പിച്ച തീരുമാനം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി നടപ്പിലാക്കാനുള്ള തീരുമാനം സര്‍ക്കാരിനെതിരേ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. വലിയൊരു വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമിട്ടുള്ള മലക്കംമറിച്ചിലായി ഇതിനെ വിലയിരുത്തുകയാണ് ഭൂരിഭാഗവും.
1998 മുതലുള്ള ഭിന്നശേഷി സംവരണ ഒഴിവുകള്‍ നികത്തിയശേഷമേ 2018 മുതലുള്ള മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാവൂ എന്നുള്ള ഹൈക്കോടതി വിധിക്കെതിരേയാണ് എന്‍.എസ്.എസ്. സുപ്രീം കോടതിയില്‍നിന്ന് അനുകൂല നിലപാട് നേടിയത്. ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവയ്‌ക്കേണ്ട തസ്‌തികകള്‍ ഒഴികെയുള്ള ജനറല്‍ കാറ്റഗറി സീറ്റുകളിലെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനാണ് കോടതി എന്‍.എസ്.എസിന് അനുമതി നല്‍കിയത്. ഈ ഇളവ് ഇനി മറ്റു മാനേജ്‌മെന്റുകള്‍ക്കും ലഭ്യമാകും എന്നതാണ് നിര്‍ണായക ചുവടുമാറ്റം.
എന്‍.എസ്.എസിനു കിട്ടിയ അനുമതി സംസ്‌ഥാനത്തെ സമാന സാഹചര്യമുള്ള മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത അഡ്വക്കേറ്റ് ജനറലിന്റെ ഭാഗത്തുനിന്നുതന്നെയാണു സര്‍ക്കാരിന് ഇപ്പോള്‍ അനുകൂല നിയമോപദേശം ലഭിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും കൗതുകം. സര്‍ക്കാരിന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിലും മാറ്റമുണ്ടായതായി കരുതുന്നവരേറെ.
തെരഞ്ഞെടുപ്പ് സമയമായതിനാല്‍ എല്ലാ വിഭാഗം ജനങ്ങളെയും അടുപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീവ്രശ്രമം ഈ വിഷയത്തിലും പ്രകടം. അധ്യാപക നിയമന കാര്യത്തില്‍ പല സമുദായങ്ങളും സര്‍ക്കാരിനോട് ഇടഞ്ഞുനില്‍ക്കുന്ന നിലയായിരിന്നു. ഒറ്റയടിക്ക് ഇവരുടെ എതിര്‍പ്പ് കുറയ്‌ക്കാന്‍ കഴിഞ്ഞു എന്നുതന്നെ കരുതാം. എന്നാല്‍, സ്‌കൂളുകളിലെ ഭിന്നശേഷി നിയമനങ്ങളില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയില്‍ ജനങ്ങളുടെ സംശയത്തിനു കുറവുണ്ടാകുന്നില്ല. സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം തെരഞ്ഞെടുപ്പ് കസര്‍ത്താണെന്നും വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.
നിയമനം സംസ്‌ഥാനം അംഗീകരിക്കുമ്പോഴും അന്തിമതീര്‍പ്പ് സുപ്രീം കോടതി വിധിക്കു വിധേയമായിരിക്കുമെന്നു സര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. നിയമനാംഗീകാരം ലഭിക്കുന്നവരുടെ കാര്യത്തില്‍ ഇതൊരു വെല്ലുവിളിയാകും. എന്‍.എസ്.എസ്. നേടിയെടുത്ത വിധി മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇനി ഏപ്രില്‍ 14 ന് ആയിരിക്കും പരിഗണിക്കുക. സുപ്രീം കോടതി നിലപാട് എന്തുതന്നെയായാലും, തെരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്ന പ്രതീക്ഷയില്‍, തങ്ങള്‍ മാനേജ്‌മെന്റുകള്‍ക്ക് ഒപ്പമാണെന്നു വിളിച്ചുപറയുകയാണ് സംസ്‌ഥാന സര്‍ക്കാര്‍.
ഭിന്നശേഷിക്കാര്‍ക്കായി നിയമപരമായി മാറ്റിവയ്‌ക്കേണ്ട നാലു ശതമാനം സംവരണ തസ്‌തികകള്‍ കൃത്യമായി മാറ്റിവച്ചിട്ടുണ്ടെന്നു ബോധ്യപ്പെടുത്തിയാണ് എന്‍.എസ്.എസ്. സുപ്രീം കോടതിയല്‍നിന്ന് അനുകൂല വിധി നേടിയത്. മറ്റു മാനേജ്‌മെന്റുകളും ഈയൊരു നിബന്ധന പാലിക്കുന്നുണ്ടെന്നു സുപ്രീം കോടതിയെ ബോധിപ്പിക്കേണ്ടിവരും.
ഭിന്നശേഷി നിയമനത്തില്‍ മാനേജ്‌മെന്റുകളുടെ ഭാഗത്ത് ഉദാസീനതയുണ്ടെങ്കില്‍ അതും ചോദ്യംചെയ്യപ്പെടണം. പല മാനേജ്‌മെന്റുകളും സംവരണ തസ്‌തികകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്ന സാഹചര്യവും സംസ്‌ഥാനത്തുണ്ട്. ഭിന്നശേഷി സംവരണം മുന്‍കാലപ്രാബല്യത്തോടെ നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള അധ്യാപകരുടെ തസ്‌തികകളെ അതു ബാധിക്കുമോ എന്നതിലടക്കം സങ്കീര്‍ണപ്രശ്‌നങ്ങള്‍ നിരവധിയാണ്.