-->
1924-ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു റിലിജിയസ് ആക്‌ട് പ്രകാരം രൂപീകൃതമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തലപ്പത്തും, ബോര്‍ഡിലും വലിയ അഴിമതി നടക്കാന്‍ കാരണം ബോര്‍ഡിലും ഉദ്യോഗസ്‌ഥതലത്തിലും വലിയ തുക കോഴ വാങ്ങി നിയമനവും, സ്‌ഥാനക്കയറ്റവും, സ്‌ഥലമാറ്റവും തരപ്പെടുത്തുന്നതാണ്. മന്നത്തു പദ്‌മനാഭനും ആര്‍. ശങ്കറും അടക്കം കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ വ്യക്‌തികള്‍ ഇരുന്ന കസേരയില്‍ പിന്നീട് സ്‌പിരിറ്റ് കടത്തുകേസില്‍ പ്രതിയായ വ്യക്‌തി വരെ ഭരണം നിയന്ത്രിക്കുന്ന അവസ്‌ഥയിലായി. കായംകുളത്തിനടുത്ത് വീടിന്റെ മുന്‍പില്‍ സ്‌പിരിറ്റ് ടാങ്കര്‍ ലോറിയില്‍ നിറയെ സ്‌പിരിറ്റുമായി ഇരിക്കുമ്പോള്‍ ലോറിക്ക് ലീക്ക് വന്നപ്പോള്‍ വെല്‍ഡിങ് നടത്തി ലോറി പൊട്ടിത്തെറിച്ച് സ്വന്തം വീട്ടുമുറ്റത്ത് ആറു പേര്‍ വെന്തു മരിച്ച കേസിലെ പ്രതി വരെ ബോര്‍ഡുമെമ്പറായി. ഉന്നതനായ ഒരു രാഷ്‌ട്രീയ നേതാവ് ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തിയതും പരസ്യമായ രഹസ്യമാണ്.
ഉപേന്ദ്രനാഥകുറുപ്പും, എന്‍.എസ്.എസ്. പ്രസിഡന്റായിരുന്ന ഭാസ്‌ക്കരന്‍നായരും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റായിരുന്ന അടൂര്‍ എന്‍. കുഞ്ഞിരാമനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സരസ്വതി കുഞ്ഞികൃഷ്‌ണനുമടക്കം നിരവധി പ്രതിഭാസമ്പന്നരായ വ്യക്‌തികള്‍ ഭരിക്കുമ്പോള്‍ അഴിമതി എന്ന വാക്ക് കേട്ടുകേള്‍വി പോലും ബോര്‍ഡില്‍ ഇല്ലായിരുന്നു. ഇപ്പോള്‍ തലപ്പത്തു വരുന്നവര്‍ വന്‍ രാഷ്‌ട്രീയ സ്വാധീനത്തില്‍ വന്ന് കോടികള്‍ സമ്പാദിക്കണം എന്ന ഒറ്റലക്ഷ്യത്തിലാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
ബോര്‍ഡിലെ അഴിമതി കൂടി വന്നപ്പോള്‍ ബോര്‍ഡിന്റെ കാലാവധി അഞ്ച് എന്നത് മൂന്നാക്കിയും പിന്നീട് രണ്ടാക്കിയും സര്‍ക്കാര്‍ കുറച്ചു.
ബോര്‍ഡ് പ്രസിഡന്റിനെയും ഒരു മെമ്പറേയും മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാര്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരാളെ ഹിന്ദു എം.എല്‍.എമാര്‍ അസംബ്ലിയില്‍ വോട്ടിനിട്ട് തെരഞ്ഞെടുക്കുന്നതാണ് ബോര്‍ഡിന്റെ രീതി. ബോര്‍ഡ് ഭാരവാഹികളുടെ നിയമനം കഴിഞ്ഞ് ദേവസ്വം സെക്രട്ടറിയുടെ മുമ്പില്‍ സത്യപ്രതിജ്‌ഞ കഴിഞ്ഞാല്‍ ആര്‍ക്കും ഇടപെടാനോ നിയന്ത്രിക്കാനോ പറ്റാത്ത രീതിയിലാണ് ബോര്‍ഡിന്റെ നിയമാവലി. ഇത് അടിമുടി അഴിമതിക്ക് കാരണമായി. ബോര്‍ഡില്‍ ഉന്നതസ്‌ഥാനത്തേക്കും, പ്രധാനപ്പെട്ട സബ് ഗ്രൂപ്പ് ഓഫീസറായും അസിസ്‌റ്റന്റ് കമ്മീഷണറായും ട്രാന്‍സ്‌ഫറിന് ലക്ഷങ്ങളുടെ ലേലം വിളിയാണ് നടക്കുന്നത്.
മേജര്‍ ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനം തുടങ്ങി കഴകം വരെയുള്ളവരില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങും. ശബരിമല മണ്‌ഡല മഹോത്സവം അഴിമതിയില്‍ കുളിച്ചാണ് നടക്കുന്നത്. ശബരിമലയില്‍ ഒരു വ്യാപാരി 25 വര്‍ഷം ഗോശാലയിലെ മാനേജരുടെ മുറിയിലായിരുന്നു താമസം. വ്യാപാരി പണിതുകൊടുത്ത ആ മുറിയില്‍ വ്യാപാരി കട്ടിലിലും മാനേജര്‍ നിലത്തും കിടക്കും. ശബരിമല നടതുറന്നാല്‍ ഏറ്റവും മുമ്പില്‍ നിന്ന് ദര്‍ശനം നടത്തുന്ന ഈ വ്യക്‌തിയെ ദേവസ്വം കൂടി ഇടപെട്ടാണ് ഒഴിവാക്കിയത്.
അതോടൊപ്പം ദേവസ്വം ബോര്‍ഡിലെ സന്നിധാനത്തുള്ള മിക്ക മുറികളും കൊപ്ര ലേലം എടുക്കുന്നവരും വെടിക്കെട്ട് ലേലം പിടിക്കുന്ന കരാറുകാരും കൈയടക്കി വച്ചിരിക്കുകയാണ്. അവരുടെ സമാന്തര ഭരണം തന്നെ ശബരിമലയില്‍ നടക്കുന്നു. പച്ചക്കറി മുതല്‍ അരവണ നിര്‍മ്മാണം അടക്കം ക്ഷേത്രത്തിലെ പൂജക്കാവശ്യമായ പുഷ്‌പവും ചന്ദനത്തിരിയും വാങ്ങുന്നതില്‍ വരെ കൊടിയ അഴിമതിയാണ്. ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉന്നതാധികാര സമിതി ചെയര്‍മാനായി ശബരിമലയില്‍ മുന്‍പ് ചുമതല ഏറ്റിരുന്നെങ്കിലും ഇദ്ദേഹത്തിന് ഇക്കാര്യത്തില്‍ യാതൊരു മാറ്റവും വരുത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അദ്ദേഹം പ്രസിഡന്റായപ്പോള്‍ മണ്‌ഡലകാലത്തു പായസം കൂട്ടി ഇലയില്‍ ഊണ് ശബരിമലയില്‍ നടപ്പാക്കാന്‍ എടുത്ത തീരുമാനം അന്യസംസ്‌ഥാനക്കാരായ ലക്ഷക്കണക്കിന് ഭക്‌തജനങ്ങളെ കാണാതെയുള്ള മണ്ടന്‍ തീരുമാനമായിപ്പോയി.
ഇപ്പോള്‍ സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ജയിലില്‍ കിടക്കുന്ന സി.പി.എമ്മിന്റെ പത്തനംതിട്ടയിലെ നേതാവിന്റെ ഭരണകാലം ബോര്‍ഡില്‍ നിയമനത്തിന് ലേലം വിളി നടത്തിയിരുന്നതായി പരക്കെ ആക്ഷേപം ഉണ്ട്. അയ്യപ്പനുമായി അടുപ്പമുള്ള കുടുംബം എന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡിന്റെ ഭരണകാലം ശബരിമലയ്‌ക്കും ദേവസ്വം ബോര്‍ഡിനും വലിയ കളങ്കം ആയി. ഇപ്പോള്‍ കഴിഞ്ഞ മന്ത്രിസഭയിലെ സി.പി.ഐയിലെ ഒരു മന്ത്രിതന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറായി വന്നത് ആ പാര്‍ട്ടിയുടെ പ്രതിച്‌ഛായ തന്നെ നഷ്‌ടപ്പെടുത്തിയിരിക്കുകയാണ്.
കൂടാതെ തന്ത്രിയുടെ ഇല്ലാത്ത അധികാര കൈകടത്തല്‍ ബോര്‍ഡിന് ഉണ്ടാക്കിയ നാണക്കേടും കളങ്കവും അയ്യപ്പഭക്‌തരില്‍ വലിയ വിഷമത്തിന് ഇടയാക്കി. ഹൈക്കോടതി ജസ്‌റ്റീസ് ആയിരുന്ന പരിപൂര്‍ണ്ണന്റെ ഇടപെടലാണ് ശബരിമലയിലെ അഴിമതി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഇടയാക്കിയത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു ജില്ലാ ജഡ്‌ജിയെ സ്‌പെഷല്‍ കമ്മീഷണറായി നിയമിക്കുകയും ഹൈക്കോടതിക്ക് ദൈനംദിന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഒരു ബെഞ്ച് ശബരിമലയുടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ രൂപീകൃതമായി. എന്നിട്ടും ശബരിമലയിലെ അഴിമതി നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയിലാണ് ബോര്‍ഡിന്റെ ചട്ടക്കൂട്. ഭക്‌തരെ വന്‍ രീതിയില്‍ ചൂഷണം ചെയ്യുന്ന ഭരണസംവിധാനം പുതിയ നിയമം നിര്‍മിച്ച് അടിമുടി മാറ്റിയാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു പരിധി വരെ എങ്കിലും അഴിമതി മുക്‌തമാകൂ.
കെ.കെ. പുഷ്‌പാംഗദന്‍
(തൊടുപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം മുന്‍ ചെയര്‍മാനാണ്
ലേഖകന്‍.)