Saturday, March 14, 2026 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 07.27 PM

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ തന്ന സ്നേഹം; ‘ഭരത് ചന്ദ്ര’നെ നെഞ്ചേറ്റിയത് ഇന്നും എന്റെയുള്ളിലെ വലിയൊരു ആവേശമാണ്; കമ്മീഷണർ 4k യിൽ എത്തുന്നു...’ സുരേഷ്ഗോപി

uploads/news/2026/02/826289/Untitled-7.jpg
Suresh Gopi share happiness of commissioner movie in 4K (Image Source: Instagram)

സുരേഷ് ഗോപി എന്ന നടനെ സൂപ്പർ താര പദവിയിലേക്ക് നയിച്ച കഥാപാത്രമായിരുന്നു ഭരത് ചന്ദ്രൻ ഐ.പി.എസ്. മുപ്പത്തിയൊന്നു വർഷങ്ങൾക്കു മുമ്പ് രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ സംഭാഷണങ്ങളും ആക്ഷന്‍ രംഗങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് ആവേശമാണ്. സോഷ്യല്‍ മീഡിയയില്‍ ഇന്നും തരംഗമാണ് ഇതിലെ സംഭാഷണങ്ങള്‍.
മലയാളത്തിലും തമിഴിലുമൊക്കെ റീ-റിലീസ് തരംഗമാകുന്ന ഇക്കാലത്ത് ‘കമ്മീഷണര്‍’ പോലെയുള്ള സിനിമകള്‍ക്കായും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. പുതിയ സാങ്കേതിക മികവോടെ വലിയ സ്ക്രീനില്‍ ഈ സിനിമ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം റീമാസ്റ്റർ ചെയ്ത ടീസർ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയിരുന്നു. 4K റെസല്യൂഷനിലും ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റത്തിലുമാണ് ‘കമ്മീഷണർ’ വീണ്ടും വലിയ സ്‌ക്രീനുകളിൽ എത്തുന്നത്.
ഇപ്പോഴിതാ ‘കമ്മീഷണര്‍’ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന സന്തോഷം പങ്കിടുകയാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്ഗോപി. വർഷങ്ങൾക്ക് മുമ്പ് പ്രേക്ഷകര്‍ തന്ന ആ സ്നേഹമാണ് തന്നെ ഇവിടെ വരെയെത്തിച്ചതെന്നും കാലം ഒരുപാട് മാറിയെങ്കിലും ആവേശം ഒട്ടും ചോരാതെ കമ്മീഷണര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് 4 കെയില്‍ എത്തുന്നുവെന്നുമാണ് സുരേഷ്ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
‘‘വർഷങ്ങൾക്ക് മുമ്പ് നിങ്ങൾ എനിക്ക് തന്ന ആ സ്നേഹമാണ് എന്നെ ഇന്നിവിടെ എത്തിച്ചത്. ‘ഭരത് ചന്ദ്രൻ’ എന്ന പോലീസ് ഉദ്യോഗസ്ഥനെ നിങ്ങൾ നെഞ്ചേറ്റിയത് ഇന്നും എന്റെ ഉള്ളിലെ വലിയൊരു ആവേശമാണ്. കാലം ഒരുപാട് മാറിയെങ്കിലും ആ ആവേശം ഒട്ടും ചോരാതെ തന്നെ ആ സിനിമ വീണ്ടും നിങ്ങളുടെ മുന്നിലെത്തുകയാണ്.
പഴയ ഓർമ്മകൾ പുതുക്കാം, പുതിയ തലമുറയ്ക്ക് ആ അനുഭവം പങ്കുവെക്കാം.
4k യിൽ കമ്മീഷണർ ഉടൻ വരുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സുരേഷ്ഗോപി ഈ സന്തോഷം ആരാധകരോട് പങ്കിട്ടിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് സുരേഷ്ഗോപി പങ്കിട്ട ഈ സന്തോഷത്തിന് ആരാധകര്‍ നല്‍കുന്നത്.
സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കറും ചേർന്ന് ഒരുക്കിയ ഒരു ആക്ഷൻ ഡ്രാമയായിരുന്നു എം.മണി നിര്‍മ്മിച്ച ‘കമ്മീഷണര്‍’. സുരേഷ് ഗോപിയെ കൂടാതെ, ശോഭന, രതീഷ്, വിജയരാഘവൻ, രാജൻ പി ദേവ്, സോമൻ എന്നിവരുൾപ്പെടെ വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്. മലയാളത്തിൽ വൻ വിജയം നേടിയ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും ഡബ്ബ് ചെയ്യപ്പെട്ട്, അവിടെയും മികച്ച സ്വീകാര്യത നേടി. തെലുങ്കിൽ വൻ വിജയമായ ചിത്രം ആന്ധ്രാപ്രദേശിൽ 100 ​​ദിവസത്തിലധികം പ്രദർശിപ്പിച്ചു. മറ്റ് ഭാഷകളിലും സുരേഷ് ഗോപിക്ക് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കുന്നതിൽ ഈ ചിത്രം നിർണായക പങ്ക് വഹിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW