-->
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ വിതരണ സംസ്കാരത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ ബാധിക്കുമെന്നും അതിനാൽ അവ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി പറഞ്ഞു. സൗജന്യങ്ങൾ നൽകുന്ന തമിഴ്‌നാട് സർക്കാരിനെ കടന്നാക്രമിച്ച കോടതി, "ഏത് തരത്തിലുള്ള സംസ്കാരമാണ് നിങ്ങൾ ഇവിടെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നത്?" എന്ന് ചോദ്യം ചെയ്തു.
ഉപഭോക്താക്കളുടെ സാമ്പത്തിക നില പരിഗണിക്കാതെ എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകാനുള്ള തമിഴ്‌നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡിന്റെ നിർദേശത്തിന്മേലുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമർശം.
"രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും വരുമാന കമ്മി നേരിടുന്നവയാണ്, എന്നിട്ടും വികസന കാര്യങ്ങൾ അവഗണിച്ചുകൊണ്ട് അവർ ഇത്തരം സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നു," ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.ഇത്തരത്തിലുള്ള ഉദാരമായ വിതരണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തടസപ്പെടുത്തുന്നുവെന്നും എല്ലാവർക്കും സൗജന്യ ഭക്ഷണം, സൈക്കിൾ, വൈദ്യുതി എന്നിവ നൽകുന്നതിന് പകരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സംസ്ഥാനങ്ങൾ ശ്രമിക്കേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ സൗജന്യ വൈദ്യുതി നൽകാനുള്ള ഡിഎംകെ സർക്കാരിന്റെ നിർദേശത്തിൽ കേന്ദ്രസർക്കാരിനും മറ്റുള്ളവർക്കും കോടതി നോട്ടീസ് അയച്ചു.