-->
കോട്ടയം: സജീവ ചര്‍ച്ചയായി മാറിക്കഴിഞ്ഞ പാല നിയോജക മണ്ഡലത്തില്‍ ജോസ് കെ. മാണി തന്നെ ഇടതുപക്ഷ സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കും. പാലായില്‍ മറ്റൊരു പേരും ചര്‍ച്ച ചെയ്യുന്നില്ലെന്നു പാര്‍ട്ടി നേതൃത്വം വ്യക്‌തമാക്കി.
ഇടതുമുന്നണിയുടെ പാലാ മണ്ഡലം ജാഥ നയിക്കുന്നതും ജോസ് കെ. മാണിയാണ്. പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കുള്ള അനൗദ്യോഗിക തുടക്കം കൂടിയായിരിക്കും ഈ ജാഥ. ഇടതുമുന്നണിയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചാലുടന്‍ പാര്‍ട്ടിയുടെ സ്‌ഥാനാര്‍ത്ഥികള പ്രഖ്യാപിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി 'മംഗള'ത്തോട് പറഞ്ഞു.
ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച പൂര്‍ത്തിയായശേഷം എല്‍.ഡി.എഫിലെ ഘടക കക്ഷികള്‍ സ്‌ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയാല്‍ മതിയെന്ന് എല്‍.ഡി.എഫ് നേരത്തെ തീരുമാനം എടുത്തിട്ടുണ്ട്. ഈ തീരുമാനത്തിനനുസരിച്ചായിരിക്കും സ്‌ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുകയെന്നും അദ്ദേഹം വ്യക്‌തമാക്കി.
പാലാ എന്നാല്‍ കെ.എം മാണിയെന്നു പറഞ്ഞിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.അത്രയേറെ ആത്മബന്ധം കെ.എം. മാണിക്ക് പാലായുമായി ഉണ്ടായിരുന്നു. കെ.എം. മാണിയുടെ മരണശേഷം നഷ്‌ടമായ പാലാ മണ്ഡലം ജോസ് കെ. മാണിയിലൂടെ തിരിച്ചു പിടിക്കാനാണ് കേരളാ കോണ്‍ഗ്രസ് (എം) ശ്രമിക്കുന്നത്. ജോസ് കെ. മാണി മത്സരിക്കുമോ എന്നകാര്യത്തില്‍ അനിശ്‌ചിതത്വം ഉയര്‍ന്നതോടെ ജോസിന്റെ ഭാര്യ നിഷയുടെ പേരും ഉയര്‍ന്നിരുന്നു.
അടുത്തിടെയായി പാലാ മണ്ഡലത്തിലെ മത-സാമുദായിക പരിപാടികളിലും പൊതുചടങ്ങുകളിലും നിഷയുടെ സജീവ സാന്നിധ്യമുണ്ട്. ഇതോടെയാണ് നിഷ സ്‌ഥാനാര്‍ഥിയാകുമോ എന്ന ആകാംക്ഷ പലരും പങ്കുവച്ചത്. എന്നാല്‍ സ്‌ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഒരു അഭ്യൂഹവും ഇല്ലെന്നും ജോസ് കെ. മാണി തന്നെയായിരിക്കുമെന്നും സ്‌ഥാനാര്‍ത്ഥിയെന്നും നേതൃത്വം വ്യക്‌തമാക്കി. മാത്രമല്ല ജോസ് കെ.മാണിയെ മന്ത്രി റോഷി അഗസ്‌റ്റിന്‍ പാലായില്‍ സ്‌ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ ഭിന്നതയെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തയുടെ മുനയൊടിക്കാന്‍ ജോസ് കെ. മാണി തന്നെ സ്‌ഥാനാര്‍ത്ഥിയാകുന്നതാണ് ഉചിതമെന്ന വിലയിരുത്തലാണ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കള്‍ക്കുമുള്ളത്.
ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കണമെന്നതാണ് നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ ജോസ് കെ. മാണിക്ക് അനൂകൂലമായ നിരവധി ഘടകങ്ങള്‍ പാലായില്‍ രൂപപ്പെട്ടിട്ടുണ്ടെന്നും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
യു.ഡി.എഫ്. സ്‌ഥാനാര്‍ത്ഥിയായി സിറ്റിങ് എം.എല്‍.എ. മാണി സി.കാപ്പന്‍ മത്സരിക്കുമെന്ന് നേരത്തെ വ്യക്‌തമാക്കി കഴിഞ്ഞു. എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി ബി.ജെ.പി. വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജും മത്സരിക്കും. ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗം തയാറാക്കിയ സ്‌ഥാനാര്‍ത്ഥി പട്ടികയില്‍ ഷോണ്‍ ജോര്‍ജിന്റെ പേര് മാത്രമാണുള്ളത്. ഷോണ്‍ ജോര്‍ജ് കൂടി എത്തുന്നതോടെ പാലായില്‍ ശക്‌തമായ ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പായി. പ്രധാന മൂന്നു സ്‌ഥാനാര്‍ത്ഥികളും പാല രൂപതയ്‌്ക്ക് പ്രിയപ്പെട്ടവരാണ്. അതിനാല്‍, കത്തോലിക്കാ സഭ സംസ്‌ഥാനത്തടുനീളം ഏത് നിലപാട് എടുത്താലും പാലായില്‍ ഇത്തവണ നിഷ്‌പക്ഷ നിലപാടായിരിക്കും സ്വീകരിക്കുക.
ഷാലു മാത്യു