Saturday, March 14, 2026 Last Updated 15 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.41 PM

കല്ലട ജലസേചന പദ്ധതി അഴിമതി: ശിക്ഷ ശരിവച്ച്‌ ഹൈക്കോടതി

കൊച്ചി: കല്ലട ജലസേചന പദ്ധതി അഴിമതിക്കേസില്‍ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ശിക്ഷയ്‌ക്കെതിരേ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ജസ്‌റ്റിസ്‌ എ. ബദറുദ്ദീന്‍ തള്ളി. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ കുലശേഖരപുരം ഉപ കനാലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു കരാറുകാരനായ തിരുവല്ല സ്വദേശി ടി.ഒ. ഏബ്രഹാം, കല്ലട ഇറിഗേഷന്‍ പ്രോജക്‌ടിന്റെ സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ ആലുവ സ്വദേശി കെ.പി. ഫിലിപ്പ്‌ എന്നിവരുടെ ഹര്‍ജിയാണു തള്ളിയത്‌.
ഔദ്യോഗിക കൃത്യവിലോപത്തിനു മൂന്നുവര്‍ഷം വീതം കഠിനതടവിനും 17 ലക്ഷം രൂപ വീതം പിഴ അടയ്‌ക്കാനും പിഴ അടയ്‌ക്കാത്ത പക്ഷം ഒരു വര്‍ഷംകൂടി തടവിനും ക്രിമിനല്‍ ഗൂഢാലോചനയ്‌ക്ക്‌ ഒരു വര്‍ഷം വീതം തടവിനും തിരുവനന്തപുരം വിജിലന്‍സ്‌ സ്‌പെഷല്‍ കോടതി ശിക്ഷിച്ചിരുന്നു.
1988 ലെ കരാര്‍ പ്രകാരം കുലശേഖരപുരം ഉപ കനാലിന്റെ 700 മീറ്റര്‍ ഭാഗം 24,45,000 രൂപയ്‌ക്ക്‌ ഒന്‍പതു മാസംകൊണ്ടു പണി പൂര്‍ത്തീകരിക്കണം എന്നായിരുന്നു വ്യവസ്‌ഥ. എന്നാല്‍, കരാര്‍ പ്രകാരം സമയബന്ധിതമായി പണിപൂര്‍ത്തിയാക്കാതെ പണിക്കിടയില്‍ ഉപ കരാറുകള്‍ ഉണ്ടാക്കി കരാറിലെ വ്യവസ്‌ഥകള്‍ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ കരാര്‍ പ്രകാരമുള്ള തുക കൂടാതെ 34,78,415 രൂപ ക്രമക്കേട്‌ നടത്തി അധികമായി കരാറുകാരനു നല്‍കുകയായിരുന്നു എന്ന വിജിലന്‍സ്‌ സ്‌പെഷല്‍ കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി ശരിവച്ചു. അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ മരണപ്പെട്ടതിനാല്‍ സ്‌പെഷല്‍ കോടതി വിധിച്ച പിഴസംഖ്യ അനന്തരാവകാശികളില്‍നിന്ന്‌ ഈടാക്കാനും ഹൈക്കോടതി ഉത്തരവായി.
വിജിലന്‍സിനുവേണ്ടി സ്‌പെഷല്‍ ഗവ. പ്ലീഡര്‍ എ. രാജേഷ്‌, സീനിയര്‍ ഗവ. പ്ലീഡര്‍ എസ്‌. രേഖ എന്നിവര്‍ ഹാജരായി.

Ads by Google
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW