Thursday, March 12, 2026 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.39 PM

സര്‍ക്കാര്‍ നീങ്ങുന്നത്‌ ബാറുടമകളുടെ വഴിയേ

uploads/news/2026/02/826103/ed.jpg

സര്‍ക്കാരിന്റെ വിലകുറഞ്ഞ ബ്രാണ്ടി 21നു വിപണിയിലെത്തിക്കാനിരിക്കെയാണ്‌ ബാറുകളുടെ പ്രവൃത്തിസമയത്തിലും സര്‍ക്കാര്‍ മാറ്റംവരുത്തിയത്‌. മദ്യപര്‍ക്ക്‌, മദ്യത്തിന്റെ കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തില്‍ 'സര്‍ക്കാര്‍ നയം' കൂടുതല്‍ വിശാലമാക്കപ്പെട്ടിരിക്കുന്നു. മദ്യം ഉള്‍പ്പെടെയുള്ള ലഹരിക്കെതിരേ മന്ത്രിമാരടക്കം പറയുന്ന വാക്കുകളിലെ പൊള്ളത്തരമാണ്‌ ഇതിലൂടെ കൂടുതല്‍ വ്യക്‌തമാക്കപ്പെട്ടത്‌. മദ്യവര്‍ജനത്തിനു മുന്‍ഗണന നല്‍കുന്നതാണു സര്‍ക്കാര്‍ നയമെന്ന്‌ ആവര്‍ത്തിക്കുമ്പോഴും ടൂറിസം മേഖലയുടെ താല്‍പര്യങ്ങളും വരുമാന വര്‍ധനയുംമാത്രം ലക്ഷ്യമിട്ടുള്ള മാറ്റങ്ങളാണ്‌ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുള്ളത്‌. ബാറുകളുടെ പ്രവൃത്തിസമയത്തില്‍ കൊണ്ടുവന്ന മാറ്റവും ഇതിന്റെ ഭാഗംമാത്രമാണ്‌.
നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ ഇനി രാവിലെ 10 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും. അതിനുപുറമേ, അധിക ഫീസ്‌ അടച്ചാല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്കു പുലര്‍ച്ചെ മൂന്നു വരെ പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നു. തെരഞ്ഞെടുപ്പ്‌ പടിവാതിലില്‍ നില്‍ക്കെ ബാറുകളുടെ സമയം നീട്ടിനല്‍കിയതിനു പിന്നില്‍ സര്‍ക്കാരിനു സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്നു പ്രതിപക്ഷംമാത്രമല്ല, ജനങ്ങളും വിശ്വസിക്കുന്നു. ബാറുകളുടെ പ്രവൃത്തിസമയം വര്‍ധിപ്പിക്കണം എന്നത്‌ ഉടമകളുടെ നിരന്തര ആവശ്യമായിരുന്നു. അഞ്ചു വര്‍ഷമായി ഉന്നയിക്കുന്ന ഈ ആവശ്യം ഇപ്പോള്‍ പെട്ടെന്നു നടപ്പിലാക്കിയതിലെ ദുരൂഹത എത്രതന്നെ ന്യായീകരിച്ചാലും സര്‍ക്കാരിനു നീക്കാന്‍ കഴിയുന്നതല്ല.
സംസ്‌ഥാനത്തുടനീളം പുതിയ ബാറുകള്‍, ൈഡ്ര ഡേകളിലും മദ്യം വിളമ്പാന്‍ അനുമതി, ഐ.ടി. പാര്‍ക്കുകളില്‍ മദ്യലഭ്യത എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കുക വഴി യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ വരുമാന വര്‍ധനയാണ്‌ ഉറപ്പിച്ചത്‌. മദ്യത്തില്‍നിന്നുള്ള നികുതിയും ലൈസന്‍സ്‌ ഫീസും സംസ്‌ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗമാണ്‌. 202425 സാമ്പത്തിക വര്‍ഷത്തില്‍മാത്രം 19,561 കോടി രൂപയുടെ മദ്യം വിറ്റഴിക്കുകയുണ്ടായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊണ്ടുവന്ന മാറ്റങ്ങളിലൂടെ 5,500 കോടി രൂപയുടെ അധിക വരുമാനമാണ്‌ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സംസ്‌ഥാനത്തിന്റെ വരുമാനം വര്‍ധിക്കുന്നതു ജനങ്ങള്‍ക്കാകെ ഗുണകരമായ കാര്യമാണ്‌. എന്നാല്‍, സംസ്‌ഥാനത്തിനു ലഭിക്കാന്‍ പോകുന്ന നേട്ടത്തേക്കാള്‍ തിരിച്ചടികളായിരിക്കും അധിക മദ്യലഭ്യതയും ഉപയോഗവും കാരണം ഉണ്ടാകാന്‍ പോകുന്നത്‌. സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച്‌ യാതൊരു ചിന്തയും ഇല്ലാത്ത രീതിയിലാണ്‌ സര്‍ക്കാരിന്റെ നീക്കങ്ങളത്രയും. മദ്യലോബികള്‍ക്കും ബാര്‍ ഉടമകള്‍ക്കുംമാത്രം ഗുണംചെയ്യുന്ന മദ്യനയമാണ്‌ സര്‍ക്കാരിന്റേതെന്ന്‌ കുറ്റപ്പെടുത്തേണ്ടിവരും.
സാധാരണക്കാരായ ആളുകള്‍ തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം മദ്യത്തിനായി ചെലവഴിക്കുന്നതു സംസ്‌ഥാനത്തു നിത്യക്കാഴ്‌ചയാണ്‌. എത്രയോ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയും മനഃസമാധാനവുമാണ്‌ ഇതേത്തുടര്‍ന്നു നഷ്‌ടപ്പെട്ടിട്ടുള്ളത്‌. കൂടാതെ, മദ്യാസക്‌തിമൂലം ശാരീരികവും മാനസികവുമായ അസുഖങ്ങള്‍ സംസ്‌ഥാനത്തു വര്‍ധിക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാനും മദ്യപാനശീലം കാരണമാകുന്നു. ആളുകള്‍ കുടിച്ചുമരിക്കുകയോ കുടുംബങ്ങള്‍ തകര്‍ക്കപ്പെടുകയോ ചെയ്‌താലും കുഴപ്പമില്ല, പണം കിട്ടണം എന്നതാണ്‌ സര്‍ക്കാരിന്റെ മനസിലിരിപ്പെന്നു മദ്യം ഉപയോഗിക്കുന്നവര്‍ പോലും പറഞ്ഞുപോകുന്ന സാഹചര്യമാണു സൃഷ്‌ടിച്ചിരിക്കുന്നത്‌.

Ads by Google
Wednesday 18 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW