Wednesday, March 11, 2026 Last Updated 17 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.39 PM

മദ്യവര്‍ജനം പ്രഖ്യാപിത ലക്ഷ്യം; വെള്ളം ചേര്‍ക്കല്‍ തരാതരം

കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ എന്നും പ്രകമ്പനം കൊള്ളിക്കുന്ന ഒന്നാണ്‌ സര്‍ക്കാരിന്റെ മദ്യനയം. മദ്യനയം എന്നും രാഷ്‌ട്രീയ വിവാദങ്ങളുടെയും സാമൂഹിക ചര്‍ച്ചകളുടെയും കേന്ദ്ര ബിന്ദുവാണ്‌. മദ്യവര്‍ജനമെന്ന ഉദാത്തമായ ലക്ഷ്യവുമായി അധികാരത്തിലെത്തിയ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍, 10 വര്‍ഷം പിന്നിടുമ്പോള്‍ മദ്യനയത്തില്‍ വരുത്തിയ കാതലായ മാറ്റങ്ങള്‍ വെള്ളം ചേര്‍ക്കല്‍ എന്നതിലുപരി ഒരു പൂര്‍ണമായ നയവ്യതിയാനമായി മാറിയിരിക്കുന്നു.
ഏറ്റവും ഒടുവില്‍ ബാര്‍ സമയം ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം ഈ മാറ്റത്തിന്റെ വേഗം വര്‍ധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ പെട്ടെന്നുള്ള ഈ തീരുമാനത്തിന്‌ പിന്നില്‍ ദുരൂഹതകളും ആരോപിക്കപ്പെടുന്നു. ബാര്‍ മുതലാളിമാരെ പ്രീണിപ്പിച്ച്‌ വന്‍തോതില്‍ പണം കൊയ്യാനുള്ള അജന്‍ഡയാണ്‌ ഇതിന്‌ പിന്നിലെന്നും ആക്ഷേപമുണ്ട്‌. യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്തെ മദ്യനിരോധന നീക്കങ്ങളെ പ്രായോഗികമല്ലെന്ന്‌ പറഞ്ഞ്‌ തള്ളിയാണ്‌ എല്‍.ഡി.എഫ്‌. മദ്യവര്‍ജനം എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്‌. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ പരിശോധിച്ചാല്‍ മദ്യലഭ്യത സുഗമമാക്കുന്ന രീതിയാണ്‌ കാണാന്‍ കഴിയുന്നത്‌.
അധികാരത്തിലെത്തിയ ഉടന്‍ തന്നെ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കി. ടെക്കികളുടെ ആവശ്യവും തൊഴില്‍ സാഹചര്യവും പരിഗണിച്ച്‌ ഐ.ടി. പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ പ്രത്യേക ലൈസന്‍സ്‌ ഏര്‍പ്പെടുത്തി. കള്ളു ചെത്ത്‌ വ്യവസായത്തെ ആധുനികവല്‍ക്കരിക്കാനെന്ന പേരില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി. ഇപ്പോള്‍ ബാര്‍ സമയം രാവിലെ മുതല്‍ അര്‍ധരാത്രി വരെ ദീര്‍ഘിപ്പിക്കാനുള്ള പുതിയ ആലോചനയ്‌ക്ക്‌ പിന്നില്‍ പ്രധാനമായും രണ്ട്‌ വാദങ്ങളാണ്‌ സര്‍ക്കാര്‍ മുന്നോട്ട്‌ വെക്കുന്നത്‌.
ടൂറിസം വികസനവും സംസ്‌ഥാനത്തിന്റെ വരുമാന വര്‍ധനവുമാണത്‌. സംസ്‌ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്‌ മദ്യനയത്തിലെ ഉദാരവല്‍ക്കരണത്തിന്‌ പിന്നിലെ പ്രധാന ചാലക ശക്‌തിയെന്ന്‌ സര്‍ക്കാര്‍ കരുതുന്നു. കേരളത്തിന്റെ തനതു നികുതി വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത്‌ വിദേശമദ്യ വില്‍പനയില്‍നിന്നാണ്‌. ബാര്‍ സമയം വര്‍ധിപ്പിക്കുന്നത്‌ വില്‍പന കൂടുന്നതിനും അതുവഴി ഖജനാവിലേക്ക്‌ കൂടുതല്‍ പണം എത്തുന്നതിനും കാരണമാകും. ജി.എസ്‌.ടി. നടപ്പിലാക്കിയതോടെ സംസ്‌ഥാനങ്ങള്‍ക്ക്‌ സ്വതന്ത്രമായി നികുതി നിശ്‌ചയിക്കാന്‍ കഴിയുന്ന ചുരുക്കം മേഖലകളില്‍ ഒന്നാണ്‌ മദ്യം. കേന്ദ്ര വിഹിതം കുറയുന്ന സാഹചര്യത്തില്‍ മദ്യത്തെ ഒരു കറവപ്പശുവായി സര്‍ക്കാര്‍ കാണുന്നു. ടൂറിസം മേഖലയിലെ മത്സരക്ഷമതയില്‍ നൈറ്റ്‌ ലൈഫ്‌ എന്ന ആശയത്തിന്‌ സര്‍ക്കാര്‍ വലിയ മുന്‍ഗണന നല്‍കുന്നു. രാജ്യാന്തര ടൂറിസം ഭൂപടത്തില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മദ്യലഭ്യതയിലെ നിയന്ത്രണങ്ങളാണെന്ന്‌ ടൂറിസം ലോബി വാദിക്കുന്നു. രാജ്യാന്തരസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മദ്യലഭ്യതയിലെ നിയന്ത്രണങ്ങള്‍ തടസമാകുന്നുവെന്ന്‌ ടൂറിസം വകുപ്പ്‌ വാദിക്കുന്നു. ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളിലെ ബാറുകളുടെ സമയം വര്‍ധിപ്പിക്കുന്നത്‌ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നും നക്ഷത്ര പദവിയുള്ള ഹോട്ടലുകളുടെ ലാഭം വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.
ഐ.ടി. പാര്‍ക്കുകളില്‍ മദ്യം വിളമ്പാനുള്ള അനുമതി നേരത്തെ തന്നെ നല്‍കിയിരുന്നു. ആഗോള കമ്പനികളെ കേരളത്തിലേക്ക്‌ ആകര്‍ഷിക്കാന്‍ ഇത്തരം ഉദാരമായ നയങ്ങള്‍ അനിവാര്യമാണെന്നാണ്‌ സര്‍ക്കാരിന്റെ വിശദീകരണം. മദ്യനിരോധനത്തിനു പകരം മദ്യവര്‍ജനം എന്നതായിരുന്നു എല്‍.ഡി.എഫിന്റെ ഔദ്യോഗിക നിലപാട്‌. എന്നാല്‍ പ്രായോഗിക തലത്തില്‍ സംഭവിച്ചത്‌ ഇതിന്‌ വിപരീതമാണ്‌.
മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നത്‌ കേരളത്തിന്റെ സാമൂഹിക പശ്‌ചാത്തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്‌ മദ്യവിരുദ്ധ സമിതികളും മതസംഘടനകളും മുന്നറിയിപ്പ്‌ നല്‍കുന്നു. മദ്യലഭ്യത കുറയ്‌ക്കുക വഴി ഉപയോഗം കുറയ്‌ക്കാമെന്ന പ്രാഥമിക തത്വത്തിന്‌ വിരുദ്ധമായാണ്‌ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌. ഇത്‌ കുടുംബ ശൈഥില്യങ്ങളിലേക്കും ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും. സ്‌ത്രീസുരക്ഷ, റോഡപകടങ്ങള്‍, ക്രിമിനല്‍ കേസുകളുടെ വര്‍ധന എന്നിവയും ബാര്‍ സമയം ദീര്‍ഘിപ്പിക്കുന്നതിലൂടെ ആശങ്കാജനകമായി മാറും. ഐ.ടി പാര്‍ക്കുകള്‍, ക്ലബുകള്‍, കൂടുതല്‍ ബാറുകള്‍ എന്നിവയിലൂടെ മദ്യം പടിവാതില്‍ക്കല്‍ എത്തുന്നു. ബാര്‍ സമയം കൂട്ടുന്നത്‌ മദ്യം എപ്പോഴും ലഭ്യമാകുന്ന സാഹചര്യം സൃഷ്‌ടിക്കുന്നു. ബാര്‍ സമയം ദീര്‍ഘിപ്പിക്കുന്നത്‌ കേരളത്തിലെ ക്രമസമാധാന നിലയെയും ബാധിക്കുമെന്ന ആശങ്ക ശക്‌തമാണ്‌.രാത്രി വൈകിയുള്ള മദ്യപാനവും ൈഡ്രവിങ്ങും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവും. സാധാരണക്കാരായ തൊഴിലാളികള്‍ ജോലി കഴിഞ്ഞുള്ള സമയം ബാറുകളില്‍ ചെലവിടുന്നത്‌ അവരുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കും. മദ്യലഭ്യത കൂടുമ്പോള്‍ മറ്റു മാരക ലഹരി മരുന്നുകളിലേക്കുള്ള ചുവടുവെപ്പായി അത്‌ മാറുമോയെന്ന ഭയവും നിലനില്‍ക്കുന്നു.വരുമാനവും വികസനവും പ്രധാനമാണെങ്കിലും ഒരു ജനതയുടെ സാമൂഹിക ആരോഗ്യം അതിനേക്കാള്‍ വിലപ്പെട്ടതാണ്‌.
മദ്യനയത്തിലെ ഓരോ ഇളവും സര്‍ക്കാരിന്‌ ലാഭമുണ്ടാക്കിയേക്കാം, എന്നാല്‍ അത്‌ ദൂരവ്യാപകമായ സാമൂഹികാഘാതങ്ങള്‍ സൃഷ്‌ടിക്കും. വരുമാനത്തിന്‌ മറ്റു വഴികള്‍ തേടുന്നതിന്‌ പകരം മദ്യത്തെ ആശ്രയിക്കുന്നത്‌ ഒരു ക്ഷേമരാഷ്‌ട്രത്തിന്‌ ഭൂഷണമല്ല. പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളും പ്രായോഗിക രാഷ്‌ട്രീയത്തിലെ ലാഭേച്‌ഛയും തമ്മിലുള്ള വലിയ അന്തരമാണ്‌ ഇവിടെ പ്രകടമാകുന്നത്‌. വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള മദ്യനയ പരിഷ്‌കാരങ്ങള്‍ ഒരു ക്ഷേമ രാഷ്‌ട്രത്തിന്‌ യോജിച്ചതാണോയെന്ന ചോദ്യം പ്രസക്‌തമാണ്‌.
ടൂറിസം വികസനത്തിന്‌ നൈറ്റ്‌ ലൈഫ്‌ ആവശ്യമാണെങ്കിലും, അത്‌ സാധാരണക്കാരന്റെ ജീവിതത്തെയും സാമൂഹികാന്തരീക്ഷത്തെയും എങ്ങനെ ബാധിക്കുമെന്ന്‌ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കേണ്ടതുണ്ട്‌. ആദര്‍ശങ്ങള്‍ക്കും സാമ്പത്തിക താല്‍പര്യങ്ങള്‍ക്കുമിടയില്‍ കേരളത്തിന്റെ സാമൂഹിക ആരോഗ്യം ബലികഴിക്കപ്പെടരുത്‌. ഭരണകൂടം ആദര്‍ശങ്ങളിലേക്ക്‌ തിരിച്ചുനടക്കുമോ അതോ സാമ്പത്തിക നേട്ടങ്ങള്‍ക്കായി നയങ്ങളില്‍ ഇനിയും വെള്ളം ചേര്‍ക്കുമോ എന്നാണ്‌ കേരളം ഉറ്റുനോക്കുന്നത്‌.

ഉണ്ണി വി.ജെ. നായര്‍

Ads by Google
Wednesday 18 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW