Thursday, March 12, 2026 Last Updated 5 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.39 PM

വിശപ്പിലൂടെ വിരിയുന്ന വിശുദ്ധി

മനുഷ്യജീവിതത്തെ കൂടുതല്‍ അച്ചടക്കമുള്ളതാക്കാനും സ്രഷ്‌ടാവുമായുള്ള ബന്ധം ദൃഢമാക്കാനും സഹായിക്കുന്ന സവിശേഷമായ ഒരു പരിശീലന കാലയളവാണ്‌ റമദാന്‍. കേവലം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമല്ല, മറിച്ച്‌ മനസിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധീകരിക്കുന്ന ഉന്നതമായ ഒരു ആരാധനാ കര്‍മമാണത്‌. ഇസ്‌ലാമിലെ മറ്റു പല ആരാധനകളില്‍നിന്നും വ്രതത്തെ വ്യത്യസ്‌തമാക്കുന്നത്‌ അതിന്റെ രഹസ്യസ്വഭാവമാണ്‌. ഒരാള്‍ നോമ്പുകാരനാണോ എന്നത്‌ സ്രഷ്‌ടാവിനും ആ വ്യക്‌തിക്കും മാത്രം അറിയാവുന്ന കാര്യമാണ്‌. പ്രകടനപരതയില്ലാത്ത, അഹങ്കാരത്തിന്‌ സ്‌ഥാനമില്ലാത്ത ഈ ആരാധനയിലൂടെ ഒരു മനുഷ്യന്‍ തന്റെ സ്രഷ്‌ടാവിനോടുള്ള പൂര്‍ണമായ താഴ്‌മയും വണക്കവുമാണ്‌ പ്രഖ്യാപിക്കുന്നത്‌.
സൂര്യോദയം മുതല്‍ സൂര്യാസ്‌തമയം വരെ നീളുന്ന ദീര്‍ഘമായ വ്രതം മനുഷ്യനെ വലിയ രീതിയിലുള്ള പരിവര്‍ത്തനങ്ങള്‍ക്ക്‌ വിധേയനാക്കുന്നു. വിശപ്പും ദാഹവും സഹിക്കുന്നതിലൂടെ ഭക്ഷണത്തോടുള്ള അമിതമായ ആസക്‌തിയെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന ശാരീരികവും മാനസികവുമായ ഉന്മേഷം റമദാനിന്‌ ശേഷമുള്ള ജീവിതത്തിലും അച്ചടക്കം നിലനിര്‍ത്താന്‍ വിശ്വാസിയെ സഹായിക്കുന്നു. മിതമായ ആഹാരരീതിയും കൃത്യമായ പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും വഴി ലഭിക്കുന്ന ആത്മീയമായ ശാന്തി വരും നാളുകളിലും ഒരു വഴികാട്ടിയായി കൂടെയുണ്ടാകും.
മനുഷ്യന്റെ പല തെറ്റായ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും പിന്നില്‍ നിയന്ത്രണമില്ലാത്ത ഭോഗാസക്‌തികളുണ്ട്‌. വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ ഉടലെടുക്കുന്ന അമിത വികാരങ്ങളെ നിയന്ത്രിക്കാന്‍ വിശപ്പറിയുക എന്നതിലൂടെ സാധിക്കുന്നു. തനിക്ക്‌ മുന്നില്‍ ആഹാരപദാര്‍ഥങ്ങള്‍ സുലഭമായി ഉണ്ടായിരുന്നിട്ടും ദൈവകല്‍പന പ്രകാരം അവ വേണ്ടെന്ന്‌ വയ്‌ക്കുന്നതിലൂടെ വലിയൊരു ആത്മസംയമനമാണ്‌ വിശ്വാസി ശീലിക്കുന്നത്‌.
യഥാര്‍ഥ നോമ്പ്‌ എന്നത്‌ ആമാശയത്തിന്റെ നിയന്ത്രണം മാത്രമല്ല. അത്‌ കണ്ണും കാതും നാവും കൈകാലുകളും വഴി തെറ്റായതൊന്നും സംഭവിക്കാതെ കാത്തുസൂക്ഷിക്കല്‍ കൂടിയാണ്‌. അനാവശ്യമായ സംസാരം ഒഴിവാക്കുക, പരദൂഷണം പറയാതിരിക്കുക, മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ വ്രതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്‌. നുണ പറയുന്നതും മറ്റുള്ളവരെ കളിയാക്കുന്നതും ഒരാളുടെ വ്രതത്തിന്റെ മൂല്യം ഇല്ലാതാക്കുന്നു. ചുരുക്കത്തില്‍, വ്യക്‌തിത്വത്തെ പൂര്‍ണമായും ശുദ്ധീകരിക്കുന്ന ഒരു പരീക്ഷണ കാലമാണിത്‌. നിങ്ങള്‍ സൂക്ഷ്‌മതയുള്ളവരാവാന്‍ വേണ്ടിയാണ്‌ നോമ്പ്‌ നിര്‍ബന്ധമാക്കിയതെന്നാണ്‌ ഖുര്‍ആന്‍ അധ്യാപനം. ഒരു കാര്യം ചെയ്ാന്‍ കഴിക്കുന്നതിനേക്കാള്‍ പ്രയാസമാണല്ലോ അത്രയും ഇഷ്‌ടപെട്ട ചില കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ സാധിക്കുന്നത്‌. ഭക്ഷണവും ശാരീരിക താല്‍പര്യങ്ങളും പരിധിയില്‍ കവിഞ്ഞ സംസാരങ്ങളും എല്ലാം ഉപേക്ഷിക്കുന്നതിലൂടെ സൂക്ഷമതയുള്ള മനുഷ്യരാവാനുള്ള പരിശീലനത്തിലേക്ക്‌ മനുഷ്യന്‍ എത്തിച്ചേരുന്നുണ്ട്‌.
തനിക്ക്‌ ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച്‌ കൃത്യമായി ബോധ്യപ്പെടുന്നത്‌ അവ താല്‍ക്കാലികമായി ലഭിക്കാതെ വരുമ്പോഴാണല്ലോ. ദാഹിക്കുമ്പോള്‍ വെള്ളവും വിശക്കുമ്പോള്‍ ആഹാരവും എത്രത്തോളം മൂല്യമുള്ളതാണെന്ന്‌ ഒരു നോമ്പുകാരന്‍ തിരിച്ചറിയുന്നു. ഈ തിരിച്ചറിവ്‌ സമൂഹത്തിലെ പാവപ്പെട്ടവരോടും പ്രയാസമനുഭവിക്കുന്നവരോടും സഹാനുഭൂതി കാണിക്കാന്‍ പ്രേരിപ്പിക്കുന്നു. സ്വന്തം സമ്പത്തില്‍നിന്ന്‌ ഒരു വിഹിതം മറ്റുള്ളവര്‍ക്കായി നല്‍കാനും എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാനും ഈ മാസം പ്രചോദനമേകുന്നു.
ആത്മീയ മൂല്യങ്ങളുടെയും ധാര്‍മിക ബോധത്തിന്റെയും അഭാവമാണ്‌ സമൂഹത്തില്‍ അനുദിനം വര്‍ധിക്കുന്ന ലഹരി ഉപയോഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കലുഷിത അന്തരീക്ഷങ്ങള്‍ക്കും കാരണം. മത-ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നത്‌ പഴഞ്ചന്‍ സ്വഭാവമാണെന്ന ധാരണയും ലിബറല്‍ ചിന്താഗതി വിളംബരം ചെയ്ുന്ന സങ്കേതങ്ങളും പുതുതലമുറയെ പല പ്രശ്‌നങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. ധാര്‍മിക മൂല്യങ്ങള്‍ പിന്തുടര്‍ന്നെങ്കിലേ സമാധാന സാമൂഹികാന്തരീക്ഷവും സഹജീവി സ്‌നേഹവും സഹായമനസ്‌കതയും രൂപപ്പെടുകയുള്ളൂ. തെറ്റായ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ബോധമുണ്ടാവാനും സാമൂഹിക വിപത്തുകളില്‍ വീണുപോവാതെ ജാഗ്രതയുള്ളവരാവാനും നോമ്പ്‌ മനുഷ്യനെ പ്രേരിപ്പിക്കുന്നുണ്ട്‌.
പുണ്യങ്ങളുടെ ഈ വസന്തകാലം ഒരു നിമിഷം പോലും പാഴാക്കാതെ ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ക്ക്‌ സാധിക്കേണ്ടതുണ്ട്‌. കൃത്യമായ ലക്ഷ്യബോധത്തോടെയും പ്രാര്‍ഥനയോടെയും നോമ്പുകാലത്തെ സമീപിച്ചാല്‍ മാത്രമേ അതിന്റെ യഥാര്‍ഥ മാധുര്യം അനുഭവിക്കാനാവൂ. ആരാധനകള്‍ക്കൊപ്പം തന്നെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തും രോഗികളെയും പ്രയാസപ്പെടുന്നവരെയും ചേര്‍ത്തുപിടിച്ചും ഇഫ്‌താറുകളില്‍ ഭക്ഷണം പാഴാവാതെ ശ്രദ്ധിച്ചും പ്ലാസ്‌റ്റിക്‌ മുക്‌തമാവാന്‍ ജാഗ്രത പുലര്‍ത്തിയും ഈ വ്രതകാലത്തെ നല്ലൊരു അനുഭവമാക്കാന്‍ നമുക്ക്‌ ഉത്സാഹിക്കാം.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍
(ഇന്ത്യന്‍ ഗ്രാന്‍ഡ്‌ മുഫ്‌തിയും
സമസ്‌ത കേരള ജംഇയ്ത്തുല്‍ ഉലമ
ജനറല്‍ സെക്രട്ടറിയുമാണ്‌ ലേഖകന്‍

Ads by Google
Wednesday 18 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW