-->
കൊച്ചി: രാജ്യത്ത് വൈദ്യുതി വാഹനങ്ങളുടെ വില്‍പനയില്‍ കുതിപ്പ്. ഇരുചക്ര, മുച്ചക്ര, പാസഞ്ചര്‍ വെഹിക്കിള്‍ എന്നുതുടങ്ങി എല്ലാ വിഭാഗത്തിലും ഉള്‍പ്പെടുന്ന വാഹനങ്ങളില്‍ വില്‍പന വര്‍ധിച്ചു.
ഇന്ധന വാഹനങ്ങളോടുള്ള പ്രീയം കുറയുന്നുതായിട്ടാണ് ഈ കുതിപ്പുകള്‍ എടുത്തുകാണിക്കുന്നത്.
പോയ വര്‍ഷം ജനുവരി മാസത്തില്‍ 98,427 ഇരുചക്രവാഹനങ്ങള്‍ വിറ്റഴിച്ച സ്‌ഥാനത്ത് 2026 ജനുവരിയില്‍ വില്‍പന 1,22,812 ആയി വര്‍ധിച്ചു. 24.77 ശതമാനമാണ് വളര്‍ച്ച. നഗരകേന്ദ്രീകൃത ഗതാഗതത്തിലാണ് ഇലക്‌ട്രികല്‍ ഇരുചക്രവാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ഈ പട്ടികയില്‍ ടി.വി.എസ്‌്. ഒന്നാം സ്‌ഥാനത്തും ബജാജ്, ഏഥര്‍ എനര്‍ജി എന്നീ നിര്‍മാതാക്കള്‍ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങളിലുമാണ്. കഴിഞ്ഞ ജനുവരിയില്‍ ടി.വി.എസ്. 34,558 വാഹനങ്ങളാണു വിറ്റത്.
2025 ജനുവരിയില്‍ അത് 24,028 ആയിരുന്നു. ബജാജ് ഓട്ടോ കഴിഞ്ഞ ജനുവരിമാസത്തില്‍ 21,999 ഇരുചക്രവാഹനങ്ങള്‍ വിറ്റു.
21470 എണ്ണമാണ് ജനുവരി 2025 ല്‍ വിറ്റത്. ഏഥര്‍ എനര്‍ജി 2025 ജനുവരി മാസത്തില്‍ 13,097 വിറ്റപ്പോള്‍ ഇക്കഴിഞ്ഞ ജനുവരിയിലത് 21999 ആയി ഉയര്‍ന്നു. ഈ പട്ടികയില്‍ ഒലയുടെ വില്‍പനയിടിഞ്ഞു.
ഇരുചക്ര വാഹനങ്ങളുടെ വിപണി വിഹിതം 2025 ജനുവരിയിലെ 6.4 എന്നതില്‍ നിന്നു ഈ വര്‍ഷം ജനുവരിയില്‍ 6.6 ആയി ഉയര്‍ന്നിട്ടുണ്ട്.
ഇലക്‌ട്രിക് ഓട്ടോറിക്ഷകളുടെ വില്‍പനയില്‍ സമാന കാലയളവില്‍ 26.43 ശതമാനമാണ് വര്‍ധന. 59,930 ഇലക്‌ട്രിക് ഓട്ടോറിക്ഷകളാണ് 2025 ജനുവരിയില്‍ മാത്രം വിറ്റത്.
2026 ജനുവരിയില്‍ 75627 ആയി ഉയര്‍ന്നു. ബജാജ്, മഹീന്ദ്ര എന്നീ നിര്‍മാതാക്കളാണ് വില്‍പനയില്‍ യഥാക്രമം ഒന്നും രണ്ടും സ്‌ഥാനത്ത്. ഓട്ടോറിക്ഷകളുടെ വിപണിവിഹിതം 56 ശതമാനത്തില്‍ നിന്ന് 59.6 ആയി ഉയര്‍ന്നിട്ടുണ്ട്.
ഇലക്‌ട്രിക് കാര്‍ വില്‍പനയില്‍ മുന്നില്‍ ടാറ്റാ മോട്ടോഴ്‌സാണ്. 2025 ജനുവരി മാസത്തില്‍ 5313 കാറുകള്‍ വിറ്റു. 2026 ജനുവരിയില്‍ 8007 ആയി വര്‍ധിച്ചു. ജെ.എസ്.ഡബ്‌ള്യൂ എം.ജി. മോട്ടോര്‍സ് 2026 ജനുവരിയില്‍ 4703 വാഹനങ്ങള്‍ വിറ്റപ്പോള്‍ 4530 എണ്ണമാണ് 2025 ല്‍ വിറ്റഴിച്ചത്. ഈ ഗണത്തില്‍ മൂന്നാം സ്‌ഥാനം മഹീന്ദ്ര ലിമിറ്റഡിനാണ്. 3668 കാറുകളാണ് മഹീന്ദ്ര കഴിഞ്ഞ ജനുവരിയില്‍ മാത്രം വിറ്റത്.
പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ വിപണി വിഹിതം ഇക്കഴിഞ്ഞ ജനുവരിയില്‍ 3.6 ശതമാനമാണ്. 2025 ജനുവരിയില്‍ ഇത് 2.5 ശതമാനമായിരുന്നു. ഇലക്‌ട്രിക് കൊമേഴ്‌സ്യല്‍ വാഹനങ്ങളില്‍ വില്‍പനയും വര്‍ധിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലും ടാറ്റയാണ് മുമ്പന്തിയില്‍. 2025 ജനുവരിയില്‍ 956 വാഹനങ്ങള്‍ വിറ്റ സ്‌ഥാനത്ത് ഈ വര്‍ഷം ജനുവരിയില്‍ 2060 ലേക്ക് വില്‍പന ഉയര്‍ത്തി. ഇക്കഴിഞ്ഞ ജനുവരിയില്‍ 1.92 ശതമാനമാണ് കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ ആകെ വിപണി വിഹിതം.
ബൈജു ഭാസി