-->
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച കൊല്ലം നിലമേല്‍ സ്വദേശികളായ ആറംഗ സംഘത്തിലെ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ ചികിത്സയില്‍. ഭക്ഷ്യ വിഷബാധയാകാം മരണകാരണമെന്ന സംശയത്തില്‍ അസ്‌മാക് എന്ന സായാഹ്ന സീഫുഡ് റസ്‌റ്റോറന്റ് അധികൃതര്‍ അടച്ചുപൂട്ടി.
കൊല്ലം നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58) മകളുടെ ഭര്‍ത്താവ് ഷാജി (48) എന്നിവരാണ് മരിച്ചത്.
ഷാജിയുടെ ഭാര്യ സജിമോളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലമേലില്‍ കട നടത്തുന്ന റഷീദ, മകള്‍ സജിമോള്‍ ഭര്‍ത്താവ് ഷാജി ഇവരുടെ രണ്ട് മക്കള്‍, സുഹൃത്തും നിലമേല്‍ ആക്രിക്കട നടത്തുന്നയാളുമായ കണ്ണന്‍ എന്നിവരടങ്ങുന്ന ആറംഗം സംഘം കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയാണ് സീ ഫുഡ് കഴിക്കാനായി വിഴിഞ്ഞത്തേക്ക് തിരിച്ചത്. രാത്രി പത്തരയോടെ ഇവര്‍ അസ്‌മാക്ക് റസ്‌റ്ററന്റില്‍ എത്തി. മീന്‍മുട്ട , കണവ തോരന്‍, കൊഞ്ച്, കല്ലുമ്മക്കായ് (ചിപ്പി), അപ്പം, പെറോട്ട എന്നിവ ഓര്‍ഡര്‍ ചെയ്‌തു. ഭക്ഷണം കഴിച്ച ശേഷം രാത്രി പന്ത്രണ്ടോടെ കാറില്‍ കയറി മടങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. യാത്രയ്‌ക്കിടെ റഷീദയ്‌ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. കാര്‍ ഓടിച്ച ഷാജി ഛര്‍ദ്ദിച്ച് അവശനായെന്നും കൂടെയുണ്ടായിരുന്ന കണ്ണന്‍ പറയുന്നു. തുടര്‍ന്നാണ് നിലമേലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെവച്ച് ഗുരുതരാവസ്‌ഥയിലായ റഷീദയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന സജിമോളെ ഇന്നലെ വൈകുന്നേരത്തോടെ വിദഗ്‌ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വിവരമറിഞ്ഞ് ചടയമംഗലം പോലീസും വിഴിഞ്ഞം പോലീസും ഹോട്ടലില്‍ പരിശോധന നടത്തിയശേഷം ഹോട്ടല്‍ അടച്ചുപൂട്ടി. ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മറ്റാര്‍ക്കും അസ്വസ്‌ഥത ഉണ്ടായിട്ടില്ലെന്നും ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് പരിശോധനയ്‌ക്കുശേഷമേ സ്‌ഥിരീകരിക്കാനാവൂ എന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യ വകുപ്പ് അധികൃതരും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് മടങ്ങി. ഫുഡ് സേഫ്‌റ്റി കമ്മിഷണറോട് റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.