-->
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുന്‍ മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളി. മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ജില്ലാ സെഷന്‍സ് കോടതി ശരിവച്ചു. ഇതോടെ അയോഗ്യത നിലനില്‍ക്കുമെന്നതിനാല്‍, ഈ തെരഞ്ഞെടുപ്പിലും അടുത്ത തെരഞ്ഞെടുപ്പിലും ആന്റണി രാജുവിനു മത്സരിക്കാനാകില്ല.
താന്‍ കുറ്റക്കാരനാണെന്ന കണ്ടെത്തലും ശിക്ഷാവിധിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആന്റണി രാജു ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍ലിയെ രക്ഷപ്പെടുത്താനായി പ്രധാന തൊണ്ടിമുതലായ അടിവസ്‌ത്രത്തില്‍ കൃത്രിമം നടത്തിയെന്ന കേസിലാണ് ആന്റണി രാജു ശിക്ഷിക്കപ്പെട്ടത്.
സാല്‍വദോര്‍ സര്‍ലി അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ചിരുന്ന 61 ഗ്രാം ഹാഷിഷ് കേസിലെ നിര്‍ണായക തെളിവായിരുന്നു. 10 വര്‍ഷം ശിക്ഷ ലഭിച്ച വിദേശപൗരന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ എത്തിയപ്പോഴായിരുന്നു തിരിമറി.
സുനില്‍ ജെ. സണ്ണി