-->
കറുത്ത വര്‍ഗക്കാര്‍ക്ക് യു.എസ്. പ്രസിഡന്റ് സ്‌ഥാനം സ്വപ്‌നമായിരുന്ന കാലം. അവിടേക്കാണു 'പ്രതീക്ഷ നിലനിര്‍ത്തുക' എന്ന മുദ്രാവാക്യവുമായി ജസ്സി ജാക്‌സണ്‍ കടന്നുവന്നത്. പിന്നീട് ആ പ്രതീക്ഷ യാഥാര്‍ഥ്യമായത് ബരാക് ഒബാമയിലൂടെയാണ്. ഒബാമയുടെ വിജയപ്രസംഗം വീക്ഷിച്ചപ്പോള്‍ അദ്ദേഹം കണ്ണുനീരണിഞ്ഞു. ഒരു ദൗത്യം പൂര്‍ത്തിയാകുകയായിരുന്നു അവിടെ.
കറുത്ത വര്‍ഗക്കാര്‍ക്കായി പോരാടാന്‍ അദ്ദേഹം
പല വഴികളിലൂടെ യാത്ര ചെയ്‌തു. വൈദികന്‍, സാമൂഹിക പ്രവര്‍ത്തകന്‍, രാഷ്‌ട്രീയക്കാരന്‍, ടിവി അവതാരകന്‍ എന്നിങ്ങനെ വേഷങ്ങള്‍ മാറിക്കൊണ്ടിരുന്നു.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറുടെ ശിഷ്യനായിട്ടായിരുന്നു തുടക്കം. ആ പാതയിലൂടെ 1960കളിലെ അമേരിക്കന്‍ പൗരാവകാശ പ്രസ്‌ഥാനത്തിലെ പ്രധാന നേതാവായി ജസ്സി മാറി. പിന്നീട് രാഷ്‌ട്രീയത്തിലേക്ക്, പിന്നെ അവതാരകന്‍, തെരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ എന്നീ റോളുകളിലും അമേരിക്കക്കാര്‍ അദ്ദേഹത്തെ കണ്ടു. കുടുംബാംഗങ്ങളുണ്ടാക്കിയ പ്രശ്‌നങ്ങളുടെ പേരില്‍ പിന്നീട് അദ്ദേഹം തലകുനിച്ച് അദ്ദേഹം പൊതുരംഗത്തുനിന്നു പിന്മാറി.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറുടെ ശിഷ്യനെന്ന നിലയില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയായിരുന്നു ജെസ്സിയുടെ ആദ്യ ദൗത്യം. അതിനായുള്ള ശ്രമം രാഷ്‌ട്രീയത്തിലേക്ക് വഴിതിരിഞ്ഞ് ഒഴുകി. മറ്റ് ആഫ്രിക്കന്‍- അമേരിക്കന്‍ വംശജര്‍ അമേരിക്കന്‍ പ്രസിഡന്റ് സ്‌ഥാനം ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും അവര്‍ക്കു കാര്യമായ സ്വധീനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
വോട്ടെടുപ്പില്‍ ഗണ്യമായ വിഹിതം നേടിയ ആദ്യ വ്യക്‌തി ജാക്‌സണായിരുന്നു. ഇതു ബരാക് ഒബാമ, കമലാ ഹാരിസ് തുടങ്ങിയ പിന്‍ഗാമികള്‍ക്ക് വഴി തെളിയിച്ചു.
1988ലെ ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷനില്‍ അദ്ദേഹം നടത്തിയ പ്രസംഗം, 'പ്രതീക്ഷ നിലനിര്‍ത്തുക' എന്ന ആവര്‍ത്തിച്ചുള്ള മുദ്രാവാക്യത്തോടെയാണ് അവസാനിച്ചത്. ഇത് ഒബാമയുടെ 2008ലെ വിജയകരമായ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തിന്റെ 'പ്രതീക്ഷയും മാറ്റവും' എന്ന മുദ്രാവാക്യത്തില്‍ പ്രതിധ്വനിച്ചു. പിന്നീട് ജസ്സി ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന രാഷ്‌ട്രതന്ത്രജ്‌ഞനായി സ്വയം സ്‌ഥാനമുറപ്പിച്ചു.
പക്ഷേ, വിവാദങ്ങള്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയ്‌ക്കു തടസമായി. ഭാര്യയുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളും, അദ്ദേഹത്തിന്റെ മകനും രാഷ്‌ട്രീയ പിന്‍ഗാമിയുമായ ജസ്സി ജാക്‌സണ്‍ ജൂനിയറുടെ പേരില്‍ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേടുകളും അദ്ദേഹത്തിന്റെ പ്രതിച്‌ഛായയ്‌ക്കു മങ്ങലേല്‍പ്പിച്ചു.
2017ല്‍, അദ്ദേഹത്തിനു പാര്‍ക്കിന്‍സണ്‍സ് രോഗം സ്‌ഥിരീകരിച്ചു. അതോടെ പൊതുജീവിതത്തില്‍നിന്ന് പിന്‍മാറി. പിന്നീട്, സമാനമായ ലക്ഷണങ്ങളുള്ള പ്രോഗ്രസീവ് സുപ്രണുക്ലിയര്‍ പാള്‍സിയാണ് ജസ്സിയെ ബാധിച്ചതെന്നു കണ്ടെത്തി. എങ്കിലും മടങ്ങിവരവ് ഉണ്ടായില്ല.
1941 ഒക്‌ടോബര്‍ 8ന് സൗത്ത് കരോലിനയിലെ ഗ്രീന്‍വില്ലില്‍ അവിവാഹിതയായ ഹെലന്‍ ബേണ്‍സിന്റെ മകനായായിരുന്നു ജനനം. അവിവാഹിത ഗര്‍ഭം ധരിച്ചെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ പ്രാദേശിക ബാപ്‌റ്റിസ്‌റ്റ് പള്ളി നേതൃത്വത്തിനായില്ല. അവര്‍ ഹെലനെ പുറത്താക്കി. അന്ന് അവര്‍ക്ക് 16 വയസായിരുന്നു പ്രായം. 33 വയസ്സുള്ള വിവാഹിതനായ അയല്‍ക്കാരന്‍ റോബിന്‍സണുമായുള്ള ബന്ധത്തിന്റെ ഫലമായിരുന്നു ജസ്സി.
അദ്ദേഹത്തിനു രണ്ട് വയസ്സുള്ളപ്പോള്‍ ചാള്‍സ് ജാക്‌സണെ ഹെലന്‍ വിവാഹം കഴിച്ചു. റോബിന്‍സണുമായി ബന്ധം ജസ്സി ജാക്‌സണ്‍ തുടര്‍ന്നു. ചാള്‍സ് ജാക്‌സണ്‍ കടുത്ത മതവിശ്വാസിയായിരുന്നു.
സൗത്ത് കരോലിനയില്‍ വളര്‍ന്ന ജസ്സി, അക്കാലത്തെ എല്ലാ കറുത്തവര്‍ഗക്കാരെയും പോലെ വര്‍ണവിവേചനം നേരിട്ടു. കറുത്ത വര്‍ഗക്കാര്‍ക്കായുള്ള പ്രത്യേകം സ്‌കൂളുകളിലായിരുന്നു പഠനം. പൊതുസ്‌ഥലങ്ങളില്‍ ബസുകളിലും റെസ്‌റ്റോറന്റുകളിലും വിവേചനം അനുഭവിച്ചു.
ഹൈസ്‌കൂളില്‍ ജസ്സി മികച്ച പ്രകടനം കാഴ്‌ചവച്ചു. ക്ലാസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, എല്ലാത്തരം ടീം സ്‌പോര്‍ട്‌സുകളിലും മികവ് പുലര്‍ത്തി.
ഇല്ലിനോയിസ് സര്‍വകലാശാലയിലെ ഫുട്‌ബോള്‍ സ്‌കോളര്‍ഷിപ്പ് ജീവിതത്തില്‍ വഴിത്തിരിവായി. ആ നേട്ടം ലക്ഷ്യങ്ങള്‍ പിന്തുടരാനും ദാരിദ്ര്യത്തില്‍നിന്ന് രക്ഷപ്പെടാനും ജസ്സിയെ സഹായിച്ചു. സര്‍വകലാശാലയിലെ വര്‍ണവിവേചനം അദ്ദേഹത്തിനു തിരിച്ചടിയായി. വെള്ളക്കാരായ പരിശീലകര്‍ ക്വാര്‍ട്ടര്‍ബാക്ക് ആയി കളിക്കാന്‍ സമ്മതിക്കാത്തതാണു പ്രശ്‌നമായത്. വൈകാതെ ടീം വിട്ടു.
അതോടെ കറുത്തവരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും മനസില്‍ ഇടംപിടിച്ചു. നോര്‍ത്ത് കരോലിന എ ആന്‍ഡ് ടിയിലെ വിദ്യാര്‍ഥിയായിരുന്ന കാലത്ത്, ജസ്സി പതിയെ പൗരാവകാശ പ്രസ്‌ഥാനത്തില്‍ പങ്കാളിയായി. 1960ല്‍, വെള്ളക്കാര്‍ക്ക് മാത്രം പ്രവേശനമുള്ള ഒരു പൊതു ഗ്രന്‌ഥശാലയിലെ നിശബ്‌ദ പ്രതിഷേധത്തില്‍ ഏഴ് വിദ്യാര്‍ഥികളോടൊപ്പം അറസ്‌റ്റിലായി. ഇത് ഗ്രന്‌ഥശാലയുടെ വേര്‍തിരിവ് ഇല്ലാതാക്കുന്നതിലേക്ക് നയിച്ചു.
നാല് വര്‍ഷത്തിന് ശേഷം ജസ്സി ബിരുദം നേടി. തുടര്‍ന്ന് അദ്ദേഹം ഷിക്കാഗോയിലേക്ക് മാറി. അവിടെ അദ്ദേഹം ഒരു മതനേതാവാകാന്‍ പരിശീലനം നേടി. രാജ്യത്തെ ഏറ്റവും പ്രശസ്‌തനായ പൗരാവകാശ നേതാവായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂണിയര്‍ അദ്ദേഹത്തെ ശ്രദ്ധിച്ചു.
1957ല്‍ സാമൂഹികവും സാമ്പത്തികവുമായ നീതിക്കായി അഹിംസാത്‌മക പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാനായി കിങ് സ്‌ഥാപിച്ച സതേണ്‍ ക്രിസ്‌ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സിലൂടെ, അദ്ദേഹം ഓപ്പറേഷന്‍ ബ്രെഡ്‌ബാസ്‌കറ്റ് സ്‌ഥാപിച്ചു. താമസിയാതെ, അദ്ദേഹത്തിന് ദേശീയ നേതൃത്വത്തിലെത്തി.
1968ല്‍, ജാക്‌സന്റെ ജീവിതം നാടകീയമായി മാറി. മെംഫിസിലെ ലോറെയ്‌ന്‍ മോട്ടലില്‍വച്ച് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂണിയര്‍ കൊല്ലപ്പെട്ടു. താഴെ പാര്‍ക്കിങ് ലോട്ടില്‍നിന്നിരുന്ന ജാക്‌സണുമായി സംസാരിച്ചുകൊണ്ടിക്കെയാണ് കിങ്ങിനുനേരേ ആക്രമണമുണ്ടായത്.
അടുത്ത ദിവസം, കിങ്ങിന്റെ രക്‌തക്കറ പുരണ്ട വസ്‌ത്രങ്ങളുമായി ടിവിയില്‍ പ്രത്യക്ഷപ്പെട്ട ജാക്‌സണ്‍, പൗരാവകാശ നേതൃത്വത്തിന്റെ ചുമതല ഏറ്റെടുത്തു.
'ഒറ്റ വെടിയുണ്ടയ്‌ക്ക് പ്രസ്‌ഥാനത്തെ കൊല്ലാന്‍ ഞങ്ങള്‍ അനുവദിക്കില്ല'- അദ്ദേഹം ലോകത്തോട് പറഞ്ഞു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ജസ്സി അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്‌ട്രീയ വ്യക്‌തികളില്‍ ഒരാളായി മാറി.
അദ്ദേഹത്തിന്റെ പി.യു.എസ്.എച്ച്. സംഘടന നഗരവിദ്യാഭ്യാസത്തെയും, കറുത്ത തൊഴിലാളികളെ നിയമിക്കുന്ന ബിസിനസ്സുകളെയും പിന്തുണച്ചു.
എന്നാല്‍ അദ്ദേഹം ഒരു വിവാദ വ്യക്‌തിയായി തുടര്‍ന്നു. ഒരിക്കല്‍ യഹൂദ വിരുദ്ധ പരാമര്‍ശം അദ്ദേഹത്തിനു തിരിച്ചടിയായി. ഗര്‍ഭച്‌ഛിദ്ര വിരുദ്ധ നിലപാടും ചര്‍ച്ചയായി. ഡെമോക്രാറ്റുകളില്‍ ഭൂരിഭാഗവും ഗര്‍ഭച്‌ഛിദ്രം നിയമവിധേയമാക്കുന്നതിനെ പിന്തുണച്ചു. 'മനുഷ്യര്‍ക്ക് സ്വയം ജീവിതം നല്‍കാനോ സൃഷ്‌ടിക്കാനോ കഴിയില്ല, അത് യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ ദാനമാണ്. അതുകൊണ്ട്, ഒരാള്‍ക്ക് നല്‍കുവാന്‍ കഴിവില്ലാത്തത് എടുക്കാന്‍ അവകാശമില്ല.'- അദ്ദേഹം 1977ല്‍ എഴുതി.
ബൈബിള്‍ കാലഘട്ടത്തില്‍ ഗര്‍ഭച്‌ഛിദ്രം ഒരു സാധ്യതയായിരുന്നെങ്കില്‍ മോശയും യേശുവും ജനിക്കില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞുവച്ചു.1983ല്‍, തടവിലാക്കപ്പെട്ട അമേരിക്കന്‍ പൈലറ്റിനെ, ലെഫ്‌റ്റനന്റ് റോബര്‍ട്ട് ഗുഡ്‌മാനെ മോചിപ്പിക്കാന്‍ സിറിയയിലേക്ക് യാത്ര ചെയ്‌തു. ആ ദൗത്യം വിജയമായി. കറുത്ത യുവജനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്‌മ ഏകദേശം 50% ആയിരുന്നപ്പോള്‍, ജാക്‌സണ്‍ പ്രസിഡന്റ് സ്‌ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
അദ്ദേഹത്തിന്റെ തീരുമാനം സ്വാഭാവിക പിന്തുണക്കാരില്‍ ചിലര്‍ക്ക്, പ്രത്യേകിച്ച് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂണിയറിന്റെ ഭാര്യ കോറെറ്റക്ക് വേദനയായി. ജസ്സിക്ക് സ്‌ഥാനാര്‍ഥിത്വം ലഭിക്കില്ലെന്ന് അവര്‍ക്കു തോന്നി. അദ്ദേഹം തുടരുന്നത് പുരോഗമന ആശയങ്ങളുള്ള മറ്റ് സ്‌ഥാനാര്‍ഥികളുടെ സാധ്യതയെ ബാധിക്കുമെന്നും അവര്‍ കരുതി.
പ്രചാരണത്തിനിടയില്‍ മഴവില്‍ സഖ്യത്തെക്കുറിച്ച് ജസ്സി സംസാരിച്ചു. ഇത് വിവിധ വംശീയ, വിശ്വാസ വിഭാഗങ്ങളില്‍നിന്നുള്ള പരമ്പരാഗതമായി പിന്നോക്കം നില്‍ക്കുന്ന വോട്ടര്‍മാരുടെ ഒരു വലിയ കൂട്ടമായിരുന്നു. അന്നത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ നയങ്ങള്‍ അവര്‍ക്ക് തിരിച്ചടിയായെന്നു ജസ്സി പറഞ്ഞു.
അദ്ദേഹം ഡെമോക്രാറ്റിക് നോമിനേഷന്‍ നേടിയില്ലെങ്കിലും പ്രചാരണം രാഷ്‌ട്രീയവും സാംസ്‌കാരികവുമായ പ്രതിഭാസമായി മാറി.
അദ്ദേഹത്തിന്റെ പ്രസിഡന്‍ഷ്യല്‍ ശ്രമം ഡെമോക്രാറ്റുകളില്‍ കാര്യമായ സ്വാധീനം ചെലുത്തി. 30 ലക്ഷം വോട്ടുകള്‍ നേടുകയും ൈപ്രമറിയില്‍ മൂന്നാം സ്‌ഥാനത്തെത്തുകയും ചെയ്‌തതിലൂടെ, ഒരു കറുത്ത സ്‌ഥാനാര്‍ത്ഥിക്ക് രാജ്യവ്യാപകമായ പിന്തുണ നേടാനും വൈറ്റ് ഹൗസ് പിടിച്ചെടുക്കാനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. പാര്‍ട്ടിയുടെ ഇടതുപക്ഷ വിഭാഗങ്ങളുടെ പ്രധാന വിഷയങ്ങള്‍ക്ക് അദ്ദേഹം പ്രചോദനം നല്‍കി.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം വീണ്ടും വൈറ്റ് ഹൗസിലേക്ക് മത്സരിച്ചു.
ഒരിക്കല്‍ക്കൂടി, അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചു. തുടക്കത്തില്‍ മുന്‍പിലെത്തി. പക്ഷേ ഒരിക്കല്‍ക്കൂടി അദ്ദേഹം പരാജയപ്പെട്ടു, ഇത്തവണ ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ ഏകദേശം 70 ലക്ഷം വോട്ടുകള്‍ നേടി.
ആ മത്സരം പാര്‍ട്ടിയുടെ ൈപ്രമറി പ്രക്രിയയില്‍ പരിഷ്‌കാരങ്ങള്‍ നടത്തുന്നതിന് കാരണമായി. അത് ജാക്‌സനെ പോലുള്ള വിമത സ്‌ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ നോമിനേഷന്‍ നേടിയെടുക്കുന്നത് എളുപ്പമാക്കി.
അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബില്‍ ക്ലിന്റനെ പിന്തുണച്ചു. 2007 മാര്‍ച്ചില്‍ ബരാക് ഒബാമയുടെ പ്രചാരണത്തിന് ജസ്സി പിന്തുണ പ്രഖ്യാപിച്ചു. ഷിക്കാഗോയില്‍ ഒബാമ തന്റെ വിജയ പ്രസംഗം നടത്താന്‍ തയാറെടുക്കുന്നതിന് തൊട്ടുമുമ്പ് ഒരു ടെലിവിഷന്‍ ക്യാമറ ജസ്സിയെ പ്രേക്ഷകരുടെ ഇടയില്‍ കണ്ടു. കണ്ണുനീരോടെയാണ് അദ്ദേഹം ആ വിജയം കണ്ടത്. പ്രസിഡന്‍ഷ്യല്‍ പ്രചാരണങ്ങളില്‍ കറുത്ത വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ ജസ്സിയുടെ സ്വാധീനം സഹായിച്ചു. അദ്ദേഹം ഒരു രാഷ്‌ട്രീയ ശക്‌തിയായി തുടര്‍ന്നെങ്കിലും കുടുംബാംഗങ്ങളുടെ പ്രവൃത്തി തിരിച്ചടിയായി.
2013ല്‍, അദ്ദേഹത്തിന്റെ മൂത്ത മകന്‍ - ജസ്സി ജാക്‌സണ്‍ ജൂനിയര്‍ അഴിമതി കേസില്‍ കുടുങ്ങി. അദ്ദേഹത്തെ 30 മാസത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്‌തു.അഞ്ച് വര്‍ഷത്തിന് ശേഷം അദ്ദേഹം രോഗിയായി. 2024ല്‍, മകന്റെ ശിക്ഷയ്‌ക്ക് പ്രസിഡന്‍ഷ്യല്‍ മാപ്പ് തേടി ജസ്സി അപേക്ഷിച്ചെങ്കിലും അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ നിരസിച്ചു.
അതേ വര്‍ഷം, അനാരോഗ്യം അവഗണിച്ച് അദ്ദേഹം കമലാ ഹാരിസിനെ പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടി ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്‌ത ഷിക്കാഗോയിലെ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. കമലാ ഹാരീസിന്റെ പരാജയം അദ്ദേഹത്തിനു മറ്റൊരു തിരിച്ചടിയായി.