-->
സംസ്‌ഥാനം കടുത്ത ചൂടിലേക്കും ഈ മാസം കഴിയുന്നതോടെ വരള്‍ച്ചയിലേക്കും കടക്കുമെന്ന സൂചനയാണു കാലാവസ്‌ഥ വകുപ്പ് നല്‍കിയിട്ടുള്ളത്. അള്‍ട്രാ വയലറ്റ് രശ്‌മികളുടെ തോത് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് എറെ ഗൗരവത്തോടെ ഉള്‍ക്കൊള്ളേണ്ടതുണ്ട്.
ആഗോളതലത്തില്‍ താപനില വര്‍ധിക്കുന്നതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ സംസ്‌ഥാനത്ത് ചൂടു കൂടാന്‍ കാരണം. കടുത്ത വേനലിനു സമാനമായ ചൂടാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന ചൂട്. എല്‍ നിനോ പ്രഭാവം ഈ വര്‍ഷം ശക്‌തിപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ചൂട് ഇനിയും കൂടാനും വരള്‍ച്ച ശക്‌തമാകാനുമുള്ള സാധ്യത നല്‍കുന്നു. പസഫിക് സമുദ്രത്തിലെ ജലം അസാധാരണമായി ചുടുപിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഇതിന്റെ ഫലമായി ലോകമെമ്പാടുമുള്ള കാലാവസ്‌ഥയില്‍ വലിയ മാറ്റങ്ങളാകും സംഭവിക്കുക. എല്‍ നിനോയുടെ പ്രഭാവം അനുഭവപ്പെട്ടപ്പോഴെല്ലാം ഇന്ത്യയില്‍ പൊതുവേ മണ്‍സൂണ്‍ മഴ കുറയുകയും കടുത്ത വരള്‍ച്ച അനുഭവപ്പെടുകയും ചെയ്‌തിട്ടുമുണ്ട്. എല്‍ നിനോ പ്രതിഭാസം നിലനില്‍ക്കുന്ന വര്‍ഷങ്ങളില്‍ കേരളത്തില്‍ പൊതുവേ താപനില സാധാരണയില്‍നിന്നു രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.
ചൂടിനെ നേരിടാനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കേണ്ട സമയമാണിത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നതു സൂര്യതാപം, ചര്‍മ്മ രോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമായേക്കാം. പകല്‍ 10 മണി മുതല്‍ മൂന്നു വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നതു പരാമവധി ഒഴിവാക്കണമെന്ന നിര്‍ദേശം പാലിക്കണമെങ്കില്‍ ജോലി സമയങ്ങളില്‍ പലര്‍ക്കും മാറ്റം വരുത്തേണ്ടിവരും. പ്രത്യേകിച്ചു പുറംജോലികളില്‍ ഏര്‍പ്പെടുന്നവരുടെ കാര്യത്തില്‍ കരുതല്‍ ഉണ്ടാകണം. വേണ്ടത്ര വെള്ളം കുടിക്കാതിരുന്നാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാകും നേരിടേണ്ടിവരുക. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാര്യത്തില്‍ ഒരുപോലെ ശ്രദ്ധവേണ്ട കാര്യമാണിത്. നിര്‍ജലീകരണം ഉണ്ടാകുന്ന കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതാകും നല്ലത്. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും മാതാപിതാക്കളും പ്രത്യേകം കരുതല്‍ പുലര്‍ത്തണം.
എല്‍ നിനോ പ്രതിഭാസം കൃഷി, മത്സ്യബന്ധനം, കുടിവെള്ള ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ക്കും വലിയ തിരിച്ചടിയാകാം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും മികവു പുലര്‍ത്തുകയും ചെയ്യേണ്ട സമയമാണിത്. കഴിഞ്ഞ തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയില്‍ ഏകദേശം ഇരുപതു ശതമാനം കുറവ് ഇത്തവണ സംസ്‌ഥാനത്ത് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. മഴ കുറഞ്ഞതോടെ സംസ്‌ഥാനത്തെ പ്രധാന അണക്കെട്ടുകളിലും ജലാശയങ്ങളിലും ജലനിരപ്പ് താഴ്‌ന്നുകഴിഞ്ഞു. സംസ്‌ഥാനം കൊടും ചൂടിലേക്കും വരള്‍ച്ചയിലേക്കും കടക്കുന്നതോടെ കുടിവെള്ള ലഭ്യത വലിയൊരു പ്രശ്‌നമായിമാറാം. വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാകാറുള്ള നിരവധി പ്രദേശങ്ങള്‍ സംസ്‌ഥാനത്തുണ്ട്. കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴേ തുടങ്ങിയില്ലെങ്കില്‍ രൂക്ഷമായ തിരിച്ചടിയാകും നേരിടേണ്ടിവരുക. കാലാവസ്‌ഥ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നല്‍കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്കുവേണ്ടിമാത്രമുള്ളതല്ല. തദ്ദേശസ്‌ഥാപനങ്ങളടക്കം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്.
കേരളത്തില്‍ വേനല്‍ക്കാലത്തിനു ദൈര്‍ഘ്യം കൂടുന്നതായും ശൈത്യകാലം കുറയുന്നതായുമാണ് വിദഗ്‌ധര്‍ പറയുന്നത്. ഇതിനൊപ്പം മഴയിലെ അസ്‌ഥിരതയും ജനജീവിതത്തെയാകെ ബാധിക്കുന്ന വിധത്തിലാണ്. പ്രളയവും ഉരുള്‍പൊട്ടലും സൃഷ്‌ടിക്കുന്ന തിരിച്ചടികളില്‍നിന്നു മുക്‌തരായി വരുന്ന ജനത്തിനു കടുത്ത ചൂടും വരള്‍ച്ചയും നേരിടേണ്ടിവരുന്നു. ഇത്തരത്തില്‍ കാലാവസ്‌ഥാ വ്യതിയാനം സൃഷ്‌ടിക്കുന്ന പ്രതിസന്ധികളാണ് നാടിനെ വട്ടമിട്ടുനില്‍ക്കുന്നത്.