-->
മലയാളികള്‍ക്ക് എന്നും അഹങ്കാരത്തോടെ അഭിമാനത്തോടെ പറയാന്‍ പറ്റുന്ന അഭിനേതാവാണ് മമ്മൂട്ടി. മലയാളി ഉളളിടത്തോളം കാലം, സിനിമാസ്വാദകൾ ഉള്ളിടത്തോളം കാലം ഓർത്ത് വെയ്ക്കുന്ന പേരാണ് മമ്മൂട്ടിയുടേത്. സഹനായകനായും നായകനായും വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ നിറഞ്ഞാടുന്ന മെഗാസ്റ്റാര്‍ ജനപ്രിയതകൊണ്ടും അഭിനയശേഷികൊണ്ടും അനശ്വരമാക്കിയ സിനിമകൾ നിരവധിയാണ്. അടുത്തിടെ വില്ലനായും പ്രേക്ഷകമനസ്സ് കീഴടക്കാന്‍ താരത്തിനു കഴിഞ്ഞു. ഈയടുത്ത് മമ്മൂട്ടിക്ക് പത്മഭൂഷന്‍ നല്‍കിയും രാജ്യം ആദരിച്ചിരുന്നു.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണം മമ്മൂട്ടി സിനിമകളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ആരാധകരെയും സഹപ്രവര്‍ത്തകരെയും ഈ വാര്‍ത്ത വിഷമിപ്പിച്ചെങ്കിലും പതിന്മടങ്ങ് ആരോഗ്യവാനായി മമ്മൂട്ടിയിപ്പോള്‍ തിളങ്ങി നില്‍ക്കുന്നുണ്ട്, ഒപ്പം മികച്ച സിനിമകളുടെ ഭാഗമാകുന്നുമുണ്ട്.
ഇപ്പോഴിതാ താന്‍ നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതിയായ ‘കാതോട് കാതോരം’ ഉദ്ഘാടന വേളയിൽ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആരോഗ്യവും ഇന്ദ്രിയങ്ങളും നമുക്ക് ലഭിച്ച വലിയ അനുഗ്രഹങ്ങളാണെന്നും അവയുടെ വില നാം തിരിച്ചറിയുന്നത് അവ നഷ്ടപ്പെടുമ്പോഴാണെന്നും സ്വന്തം ജീവിതാനുഭവം പങ്കിട്ടാണ് മമ്മൂട്ടി പറഞ്ഞത്. തനിക്ക് കുറച്ചുകാലമായി മണം ലഭിക്കാത്ത അവസ്ഥ ഉണ്ടായിരുന്നെന്നും ഇപ്പോൾ അത് കുറേശ്ശെ തിരിച്ചു കിട്ടിത്തുടങ്ങിയപ്പോഴാണ് ഇത്തരം കൊച്ചു കാര്യങ്ങൾ പോലും എത്ര വലിയ ഭാഗ്യമാണെന്ന് ബോധ്യപ്പെട്ടതെന്നും താരം പറഞ്ഞു.
‘‘നമസ്കാരം. കെയർ ആൻഡ് ഷെയർ 16 വർഷം തികയ്ക്കുകയാണ്. ഇങ്ങനെ ഒരു ആശയം എന്റെ അടുത്ത് ആദ്യം പറഞ്ഞപ്പോൾ എനിക്കിത് വിശ്വസിക്കാൻ പറ്റിയില്ല. അങ്ങനെയൊക്കെ ഒരു സംഘടനയിൽ ഞാൻ എന്ത് തരത്തിലുള്ള പ്രവർത്തനമാണ് നടത്തേണ്ടത് എന്നതിനെകുറിച്ച്. പക്ഷേ അതിന്റെ പ്രവർത്തകർ അതിന്റെ പിന്നിൽ മരോട്ടിക്കൽ അച്ഛന്റെ നിർബന്ധവും അദ്ദേഹത്തിന്റെ ആത്മവിശ്വാസവുമാണ് എന്നെ ഇതിലേക്ക് വരാൻ പ്രേരിപ്പിച്ച ഒരു മുഖ്യ ഘടകം. ഇതിൽ എന്നെ എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു പ്രതീകമായിട്ട് നിൽക്കുന്നതേ ഉള്ളൂ. അല്ലാണ്ട് ഞാൻ ഇറങ്ങി പ്രവർത്തിക്കുന്നതൊക്കെ വളരെ കുറവാണ്. പ്രവർത്തിക്കുന്ന ഒത്തിരി ആൾക്കാർ വേറെയുണ്ട്. എന്നെ ഒരു മുന്നിൽ പ്രതീകം ഇവിടെ നിർത്തിയിട്ട് ഇവരാണ് പ്രവർത്തിക്കുന്നത്.
എന്നോട് ചോദിക്കുന്നൊക്കെ ഉണ്ട് ശരിയാണ്. എന്റെ അഭിപ്രായങ്ങൾ ആരായാറുണ്ട്, അത് അവർക്ക് ചേരുന്ന തരത്തിൽ അവർ സ്വീകരിക്കാറുണ്ട്. 16 വർഷം ഇതിങ്ങനെ പ്രവർത്തിച്ചുകൊണ്ട് വിവിധ ആശയങ്ങൾ, വിവിധ പ്രോഗ്രാമുകളക്കെ ആയിട്ട് വരുന്നത് വളരെ സന്തോഷകരമായ ഒരു കാര്യമാണ്, അതിനൊരു ഭാഗമാകുന്നത്. ഞാൻ ഇതിൽ ചേർന്നതിനല്ല എന്നെ ഇതിൽ ചേർത്തതിനാണ് ഞാൻ നന്ദി പറയുന്നത്. കാരണം ഇത്ര ഇത്രയും ആളുകളുടെ സ്നേഹാദരങ്ങൾ ഞാൻ അർഹിക്കുന്ന തരത്തിൽ അല്ലെങ്കിൽ പോലും എനിക്ക് സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണത്. അത് എന്റെ ഒരു മഹാഭാഗ്യമായിട്ട് കരുതുകയാണ് ഞാൻ.
കെയർ ആൻഡ് ഷെയറിന്റെ ഓരോ പുതിയ കാൽവെപ്പുകളിലും പ്രോഗ്രാമുകളിലും ഒക്കെ അവരെന്നെ ഉൾപ്പെടുത്താറുണ്ട്. അതിനും വളരെ സന്തോഷം. ഇവിടെ കെയർ ആൻഡ് ഷെയറിന്റെ 16ാം വാർഷികത്തിനപ്പുറത്തേക്ക് ഒരു പത്മശ്രീ ആഘോഷിക്കുന്നത് കണ്ടു, അതിലും സന്തോഷം. പത്മഭൂഷൺ ഞാൻ തന്നെ മറന്നിരിക്കുന്നു. അത് നിങ്ങൾക്കൊക്കെ ആഘോഷിക്കാനുള്ള ഒരു വാക്കാണ്. ഞാൻ എന്നെ പത്മശ്രീ, പത്മഭൂഷൺ മമ്മൂട്ടി എന്ന് പറയാറുമില്ല പറയാനും പാടില്ല. അതുകൊണ്ട് എനിക്കത് ബാധിക്കുന്നില്ല, അത് നിങ്ങൾക്ക് മാത്രം കൈകാര്യം ചെയ്യാവുന്ന ഒരു പേരാണ്. എന്നെ മമ്മൂട്ടി എന്ന് മാത്രം വിളിച്ചാലും മതി, പക്ഷേ ഞാൻ മമ്മൂട്ടി മാത്രമാണ്. നിങ്ങൾക്കൊക്കെ പത്മഭൂഷണും ആകും ആവട്ടെ, ആയിക്കോട്ടെ സന്തോഷം. നമ്മുടെ ഒരു ലെറ്റർ പാഡിൽ പോലും എനിക്ക് വയ്ക്കാൻ പറ്റില്ല. നമ്മൾ സ്വയം ആഘോഷിക്കേണ്ട ഒരു കാര്യമല്ല, മറ്റുള്ളവർക്ക് വേണ്ടിയുള്ള ഒരു സ്ഥാനമാണ് അത്. അതൊക്കെ അവിടെ നിൽക്കട്ടെ.
ഇന്നത്തെ ഈ സായാഹ്നത്തിൽ നമുക്ക് മറ്റൊരു സന്തോഷം കൂടെയുണ്ട്. ഈ കാതോടു കാതോരം എന്ന ശ്രവണസഹായ ഓപ്പറേഷന് വേണ്ടിയുള്ള പ്രോജക്ട്, വളരെ സന്തോഷം തോന്നിയ ഒന്ന് അത് തുടക്കം തന്നെ നല്ല സംഗീതത്തിന്റെ അകമ്പടിയോടു കൂടിയാണ് . കാത് കേൾക്കാൻ വയ്യാത്ത ആളുകൾക്ക് നമ്മൾ കേൾക്കുന്ന പല സംഗീതം ഉൾപ്പെടെ, പ്രകൃതിയിലെ ശബ്ദങ്ങൾ നമ്മുടെ സംസാരം ഭാഷകൾ ഒന്നും കേൾക്കാനോ ആസ്വദിക്കാനോ സാധിക്കാത്ത ഒത്തിരി ആളുകളുണ്ട്. എനിക്ക് തന്നെ പരിചയമുള്ള ഒത്തിരി പേരുണ്ട്. ഞാൻ ഷൂട്ടിങ്ങിനിടയ്ക്ക് ഒരാൾക്ക് ഒരു ശ്രവണയന്ത്രം വാങ്ങിച്ചു കൊടുത്തിരുന്നു, കാതിൽ വയ്ക്കാൻ, അയാളത് കുറച്ചു നേരം വച്ചിട്ട് എടുത്തത് എറിഞ്ഞു കളഞ്ഞു.
കാരണം ശബ്ദം എന്ന് പറയുന്നത് അയാൾക്ക് ഒരിക്കലും അനുഭവം ഉണ്ടായിട്ടില്ല, അയാൾ അനുഭവിച്ചിട്ടില്ല അത് എന്തോ ഒരു ഭീകര അവസ്ഥയിലേക്ക് അയാളെ കൊണ്ടു പോവുകയും അയാൾ പിന്നീട് ഒരിക്കലും ആ ശ്രവണ സഹായം ഉപയോഗിച്ചിട്ടില്ല ഇപ്പോഴും ഉപയോഗിക്കുന്നില്ല. അതിനെ സംബന്ധിച്ചിടത്തോളം ഇവരെ ഇതിനെക്കുറിച്ച് ബോധവൽക്കരിക്കുക എന്നത് തന്നെ ഒരു വലിയ കാര്യമാണ്. കാരണം ഇതൊരു പുതിയ അനുഭവമാണ്. നമുക്ക് പഞ്ചേന്ദ്രിയങ്ങൾ കൊണ്ടുള്ള പല കാര്യങ്ങളും നമ്മൾ അറിയാതെ ഭാഗ്യവാന്മാരായ നമുക്കൊക്കെ ഉണ്ട്. പല പഞ്ചേന്ദ്രിയങ്ങളും കാഴ്ച, ശബ്ദ സംസാരശേഷി, കേൾവിയില്ലായ്മ അങ്ങനെ ഒരുപാട് കുറവുകളുള്ള ഒത്തിരി മനുഷ്യർ നമ്മുടെ ഇടയിലുണ്ട്. കാഴ്ചയും കേഴ്മവിയുമാണ് മനുഷ്യനു ഏറ്റവും വലുത്. ചിലർക്ക് മണം കിട്ടാറില്ല, മണം ഇല്ലെങ്കിലും ശ്വാസം വലിക്കാം.
കുറേക്കാലത്ത് എനിക്ക് മണം കിട്ടുന്നില്ലായിരുന്നു, ഇപ്പോ കുറേശെ കിട്ടി തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ നമുക്ക് ഇല്ലാത്തപ്പോഴേ അതിന്റെ വില അറിയുള്ളൂ. നമ്മൾ ശബ്ദം കുറച്ചു വയ്ക്കൂ, മിണ്ടാതിരിയടാ എന്നൊക്കെ പറയുമ്പോൾ നമ്മൾ കേൾക്കുന്നതുകൊണ്ടാണ്. കേൾക്കാത്തവർ ആരും അങ്ങനെ പറയാറില്ല. നമുക്ക് പാട്ട് ഇഷ്ടമാണ്, ചില പാട്ട് ഇഷ്ടമല്ല. ചില ശബ്ദം ഇഷ്ടമില്ല. അതൊക്കെ നമുക്ക് കേൾക്കുന്നത് കൊണ്ടാ നമ്മുടെ ഇഷ്ടങ്ങളൊക്കെ നടക്കുന്നത്. കേൾക്കാത്തവർക്ക് എന്തെങ്കിലും കേട്ടാൽ മതി എന്ന് ആഗ്രഹിക്കുന്ന ഒരു അവസ്ഥയുണ്ട്. കേൾവി കുറഞ്ഞു വരും ചിലപ്പോൾ പ്രായം കൂടുന്തോറും. അപ്പോ കേൾവി നമ്മുടെ ഒരു അനുഗ്രഹമാണ്. അത് ജന്മനാ നഷ്ടപ്പെട്ടുപോയവർക്ക് അതിനുള്ള ഒരു അവസരം ഉണ്ടാക്കി കൊടുക്കുക എന്ന് പറയുന്നത് നമുക്ക് ചെയ്യാവുന്ന ഒരു വലിയ കാര്യമാണ്.
എനിക്കിന്ന് വളരെ സന്തോഷമുള്ള ഒരു ദിവസമാണ്. ഞാൻ പറയുന്നതൊക്കെ നിങ്ങൾ എല്ലാവരും കേൾക്കുന്നു എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്, അത് തന്നെയാണ് എന്റെ ആഗ്രഹം. കേൾക്കാത്ത ഒത്തിരി പേർക്ക് വേണ്ടിയുള്ള എന്റെ ശബ്ദം മാക്സിമം പേർക്ക് എത്തിച്ചു കൊടുക്കാൻ സാധിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അത് ഈ സായാഹ്നത്തിൽ ഇങ്ങനെ നിങ്ങൾക്കെല്ലാവർക്കും സന്തോഷമുള്ള നമുക്കെല്ലാം സന്തോഷമുള്ള ഒരു സമയത്ത് ഇതിനെ ഉദ്ഘാടനം ചെയ്യാൻ സാധിച്ചവർക്ക് സന്തോഷമുണ്ട്. ഞാൻ പറഞ്ഞില്ലേ ഞാൻ ഒരാളായിട്ട് നിൽക്കുന്നത് മാത്രമേ ഉള്ളൂ. ഇതിന്റെ മുന്നിലുള്ള ഒരു വലിയ കൂട്ടമുണ്ട് വലിയ ജനക്കൂട്ടമുണ്ട് വലിയ സമൂഹമുണ്ട്. ഇതിന്റെ പ്രവർത്തികൾ ചെയ്യുകയും അതിനെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു സമുദായം നമുക്കുണ്ട്.
മനുഷ്യത്വം അല്ലെങ്കിൽ മനുഷ്യൻ പൂർണ്ണനാകുന്നത് നന്മ ചിന്തിക്കുകയും നന്മ പ്രവർത്തിക്കുകയും നന്മയെ ചെയ്യാൻ പ്രേരിപ്പിക്കുകയും നന്മ ചെയ്യുന്നവരെ സഹായിക്കുകയും നന്മയക്ക് വേണ്ടി വാദിക്കുകയും ചെയ്യുമ്പോഴാണ്. തിന്മ എതിർക്കുമ്പോൾ ആണ് മനുഷ്യന്റെ ജീവിതം പൂർണമാകുന്നത്. ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും വെറുക്കാറുണ്ട്, പിണങ്ങാറുണ്ട് ദേഷ്യപ്പെടാറുണ്ട് വൈരാഗ്യം വയ്ക്കാറുണ്ട്. നമ്മുടെ ജീവിതത്തിന്റെ ദൈർഘ്യം ആലോചിച്ചാൽ ഇതൊന്നും നമ്മൾ ചെയ്യില്ല, പക്ഷേ മനുഷ്യൻ അങ്ങനെയാണ്. അത് ആലോചിച്ചിരുന്നാൽ മനുഷ്യൻ വളരില്ല. അത് വേറെ ഭാഗം. നമുക്ക് ഉയർച്ച ഉണ്ടാകണം. പുരോഗതി ഉണ്ടാകണമെങ്കിൽ നമ്മൾ ലോകാവസാനം വരെ ജീവിച്ചിരിക്കു എന്ന് വിചാരിച്ചാലേ ഇതൊക്കെ നടക്കുകയുള്ളൂ. എന്തെല്ലാം കാര്യങ്ങൾ ആളുകൾ ചെയ്യുന്നുണ്ട്. അപ്പോ ഇത് നമ്മുടെ കയ്യിൽ തന്നെ എന്നും ഉണ്ടാകുമെന്ന് വിചാരിച്ചിട്ടാണ്.
അങ്ങനെ അല്ലെന്ന് നമുക്ക് തന്നെ ബോധ്യമുണ്ട്. പക്ഷേ എന്നാലും അങ്ങനെ ഒരു പ്രതീക്ഷയാണ് മനുഷ്യനെ ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. പിന്നെ ഇതൊരു പരലോക ജീവിതം ഉണ്ടാകുമെന്ന് വിചാരിച്ച് നമ്മൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാറുണ്ട് ഉണ്ടാവട്ടെ, ഉണ്ടാകുമെന്ന് വിചാരിക്കുക. അതിലാണ് ഇതൊക്കെ ഉൾപ്പെട്ടിട്ടുള്ളത്. പരലോക ജീവിതം ഉണ്ടെന്ന് വിചാരിക്കുമ്പോൾ മാത്രമാണ് ഈശ്വര വിശ്വാസം ഉണ്ടാകുന്നത്. ഈശ്വരനെ നമ്മൾ കണ്ടിട്ടില്ല, കേട്ടിട്ടില്ല. പക്ഷേ ഈശ്വരൻ ഉണ്ടെന്നുള്ള ഒരു വിശ്വാസം നമുക്ക് ഉണ്ട്, പരലോകത്ത് കാണാൻ പറ്റും എന്ന് വിചാരിച്ചിട്ടാണ് നമ്മളൊക്കെ ഇരിക്കുന്നത്, വിശ്വാസികളായിട്ടുള്ള എല്ലാവരും. അതും അതിനെ ആശ്രയിച്ചിരിക്കുന്നു അങ്ങനെയാണെങ്കിൽ നന്മ ചെയ്യുന്ന എല്ലാവർക്കും ഫലം ഉണ്ടാകും എന്നാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. അപ്പൊ നന്മ ചെയ്യാനുള്ള ഒരു പ്രേരണനമുക്ക് എപ്പോഴും ഉണ്ടാവണം, പരലോകം ഉണ്ടായാലും പരലോകം ഉണ്ടായില്ലെങ്കിലും.
മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലം നന്മ ചെയ്യുന്നിടത്തോളം ഒരു മനസുഖം നമുക്ക് മറ്റൊന്നിനും കിട്ടില്ല, ചെയ്തു നോക്കിയാലേ അറിയുള്ളൂ. ഒരാൾക്ക് ഒരു സഹായം ചെയ്തു കഴിഞ്ഞാൽ സഹായം സ്വീകരിച്ച ആൾ സന്തോഷിച്ചില്ലെങ്കിലും നമുക്കൊരു ഗൂഢമായ സന്തോഷം ഉണ്ടാകും. അയാൾ നമ്മളോട് നന്ദി കാണിക്കുക നന്ദി കാണിക്കാതെ ഇരിക്കുക അത് അയാളുടെ ഇഷ്ടം. പക്ഷേ നന്മ ചെയ്യുമ്പോൾ നമുക്ക് എപ്പോഴും സന്തോഷിക്കാൻ പറ്റും, അത് നന്മ ചെയ്യുമ്പോഴേ മനസ്സിലാകു. എല്ലാവർക്കും നന്മ ചെയ്യാനുള്ള ആഗ്രഹവും അവസരങ്ങളും മനസ്സും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു...’’ എന്നാണ് പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞത്. ഏറെ ശ്രദ്ധയോടെ ബഹുമാനത്തോടെയാണ് മമ്മൂട്ടിയുടെ വാക്കുകളെ സദസ്സ് കേട്ടിരുന്നത്. നിറഞ്ഞ കൈയടിയോടെ മെഗാസ്റ്റാറിന്റെ വാക്കുകളെ സദസ്സ് ഏറ്റെടുക്കുകയും ചെയ്തു.
അതേസമയം കളംകാവല്‍ എന്ന ചിത്രത്തിലെ തകർപ്പൻ വില്ലന്‍ കഥാപാത്രത്തിനു ശേഷം അദ്വൈത് നായര്‍ സംവിധാനം ചെയ്ത ‘ചത്താ പച്ച’ എന്ന ചിത്രത്തില്‍ വാള്‍ട്ടര്‍ എന്ന കാമിയോ കഥാപാത്രത്തിലൂടെ മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചത്. മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റ്’ ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പത്തൊൻപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത് എന്ന് ഫഹദ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഏപ്രിൽ 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.