-->
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) ജിദ്ദയുടെ പതിനേഴാമത് വാർഷികാഘോഷമായ ‘അമൃതോത്സവം–2026’ കലാപരിപാടികളുടെ മികവും മലയാളി സമൂഹത്തിന്റെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. വൈസ് പ്രസിഡന്റ് ആക്ടിവിറ്റി അനിൽ കുമാർ പത്തനംതിട്ടയുടെ ആമുഖ പ്രസംഗത്തോടുകൂടി തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ് അയൂബ് ഖാൻ പന്തളം അധ്യക്ഷനായിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ (കമ്മ്യൂണിറ്റി വെൽഫെയർ) കമലേഷ് കുമാർ മീണ ഉദ്ഘാടനം ചെയ്തു. പിജെസ് സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കലാ-കായിക-സാംസ്കാരിക പരിപാടികൾക്കും എല്ലാ ആശംസകളും അദ്ദേഹം നേർന്നു.
വൈസ് പ്രസിഡന്റ് അഡ്മിൻ മാത്യു തോമസ്, ലേഡീസ് വിങ് കൺവീനർ ദീപിക സന്തോഷ്, പിജെബിസ് കൺവീനർ സെറ ഷാജി എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് രക്ഷാധികാരി സന്തോഷ് ജി. നായർ 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെ പരിചയപ്പെടുത്തി.
ജിദ്ദയുടെ കലാഹൃദയത്തിൽ സംഗീതത്തിന്റെ തിരമാലകൾ ഉയർത്തി സുമേഷ് കൂട്ടിക്കൽ, മീംസ് മി, കലാഭവൻ രാജേഷ് എന്നിവർ നയിച്ച മെഗാ മ്യൂസിക് നൈറ്റ്, വേദിയിൽ ഒരുമിച്ച് പാടാനും നൃത്തം ചെയ്യാനും ലഭിച്ച അവസരം ആഘോഷത്തിന് കൂടുതൽ ആവേശം പകർന്നതിനൊപ്പം കലാസ്വാദകർക്ക് വേറിട്ട അനുഭവമായിരുന്നു.
ജിദ്ദയിലെ കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്ക് വർഷംതോറും നൽകുന്ന ‘ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ്’ പ്രശസ്ത ഗായിക മുംതാസ് അബ്ദു റഹ്മാനും, പിജെസ് ഫൗണ്ടർ മെമ്പർ ഷാജി ഗോവിന്ദിന്റെ സ്മരണ നില നിർത്തുന്നതിനായി ജിദ്ദയിലെ ആതുരസേവന രംഗത്ത് സജീവമായ ഗുലൈൽ പോളി ക്ലിനിക്കിന്റെ മാനേജിംഗ് ഡയറക്ടർ അർഷാദ് നൗഫലിനും സമ്മാനിച്ചു. ‘പിജെസ് ഐക്കൺ ഓഫ് ദി ഇയർ’ അവാർഡ് ഫൗണ്ടർ മെമ്പറും, മുൻ പ്രെസിഡന്റും, മുൻ രക്ഷാധികാരിയുമായിരുന്ന അലി റാവുത്തർ തേക്കുതോടിന് നൽകി. പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ അംഗങ്ങളുടെ മക്കളിൽ ചിത്ര നായർക്ക് എഡ്യൂക്കേഷണൽ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.
തുടർന്ന് പിജെസ് ബീറ്റ്സ് കൺവീനർ ഷറഫുദീന്റെ നേതൃത്വത്തിലുള്ള ടീമിന്റെ അവതരണഗാനത്തോടൊപ്പം വർണശബളമായ കലാപരിപാടികൾ അരങ്ങേറി. പരിപാടികൾ ചിട്ടപ്പെടുത്തിയ ഫിനോം അക്കാദമി, ലേഡീസ് വിങ് നൃത്തങ്ങൾ ഒരുക്കിയ ബിന്ദു സണ്ണി, കുട്ടികളുടെ നൃത്തങ്ങൾ പരിശീലിപ്പിച്ച ദീപിക സന്തോഷ്, സാങ്കേതിക സഹായം നൽകിയ നജീബ് വെഞ്ഞാറംമൂട്, സജു രാജൻ എന്നിവരെ സദസ്സിൽ ആദരിച്ചു.
പിജെസ് അംഗമായ സിയാദ് പടുതോടിന്റെ ‘മിഴികൾ’ എന്ന സംഗീത ആൽബത്തിന്റെ ഔപചാരിക പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് നടത്തി. ജനറൽ സെക്രട്ടറി എൻ.ഐ ജോസഫ് സ്വാഗതവും, ട്രഷറർ ജയൻ നായർ നന്ദിയും രേഖപ്പെടുത്തി. സുജു കെ. രാജു, ബെറ്റ്സി സെബാസ്റ്റ്യൻ എന്നിവർ പരിപാടികളുടെ അവതാരകരായിരുന്നു.
നൗഷാദ് ഇസ്മായിൽ, എബി ചെറിയാൻ, വർഗീസ് ഡാനിയൽ, മനോജ് മാത്യു, വിലാസ് കുറുപ്പ്, ദിലീഫ് ഇസ്മായിൽ, ജിയാ അബീഷ്, നവാസ് ചിറ്റാർ, ജോസഫ് വർഗീസ്, രഞ്ജിത് മോഹൻ അനിൽ ജോൺ, സന്തോഷ് പൊടിയൻ, സജി ജോർജ് കുറങ്ങാട്ട്, അബീഷ് ജോസഫ്, നജീബ്, അജയ് ഘോഷ്, വിനോദ് കുമാർ, ഷാനവാസ്, മുനീർ പത്തനംതിട്ട, സുശീല ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.