-->
മലയാള സിനിമ അന്നേവരെ കാണാത്ത ദൃശ്യാനുഭവമായിരുന്നു 2005 ൽ വിനയൻ 'അത്ഭുതദ്വീപ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഗിന്നസ് പക്രുവിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഫാന്റസി ചിത്രമായി കണക്കാക്കാവുന്ന ഒന്നാണ്.
വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു ഫാന്റസി ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് വിനയൻ. പൊക്കംകുറഞ്ഞ മനുഷ്യരുടെ മറ്റൊരു കാൽപ്പനിക ലോകവും, അത്ഭുതദ്വീപിനേക്കാളും കൂടുതൽ അതിശയങ്ങളുള്ള കുഞ്ഞു മനുഷ്യരുടെ മറ്റൊരു വലിയ രാജ്യവും ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകൻ പറയന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിനയൻ ചിത്രത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചത്. തന്റെ പുതിയ ഫാന്റസി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ചിത്രം അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം ആയിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ആറു വയസ്സുകാരന്റെ മനസ്സും 35 അടി ഉയരവുമുള്ള അത്ഭുത മനുഷ്യനും യക്ഷിണികളുടെ മായാലോകവും ഒക്കെ പുതിയ ചിത്രത്തിൽ ഉണ്ടാവുമെന്നും വിനയൻ പറയുന്നു.
പുതിയ ഫാന്റസി ചിത്രം അത്ഭുത ദ്വീപിന്റെ സെക്കന്റ് പാർട്ടാണോ എന്ന് പലസുഹൃത്തുക്കളും ചോദിക്കുന്നു... അല്ലേ അല്ല എന്നാണ് ഉത്തരം...
പക്ഷേ പൊക്കം കുറഞ്ഞ മനുഷ്യരുടെ മറ്റൊരു കാൽപ്പനിക ലോകം ആ ചിത്രത്തിലുണ്ടാകും..അത്ഭുത ദ്വീപിനേക്കാളും കൂടുതൽ അതിശയങ്ങളുള്ള കുഞ്ഞു മനുഷ്യരുടെ മറ്റൊരു വലിയ രാജ്യം ..ആറു വയസ്സുകാരന്റെ മനസ്സും 35 അടി ഉയരവുമുള്ള ഒരു അത്ഭുത മനുഷ്യനും..ചുടല യക്ഷി വാഴുന്ന യക്ഷിണികളുടെ മായാലോകവും ഒക്കെ ഉണ്ടാകും പുതിയ ചിത്രത്തിൽ...പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതേ ഉള്ളു... വിനയന്‍ കുറിച്ചു.
സിജു വില്‍സൺ കേന്ദ്ര കഥാപാത്രമായി 2022 ൽ തിയേറ്ററുകളിലെത്തിയ 'പത്തൊമ്പതാം നൂറ്റാണ്ട്' ആയിരുന്നു വിനയൻ സംവിധാനം ചെയ്ത അവസാന ചിത്രം. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് വെള്ളിത്തിരയിലെത്തിച്ചത്. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ബിഗ് ബജറ്റ് ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു.