Wednesday, March 11, 2026 Last Updated 34 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.37 PM

യു.എ.ഇയെ തോല്‍പ്പിച്ച്‌ അഫ്‌ഗാന്‍

uploads/news/2026/02/825769/sp1.jpg

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റില്‍ 700 വിക്കറ്റെടുക്കുന്ന ആദ്യ താരമായി അഫ്‌ഗാനിസ്‌ഥാന്റെ നായകന്‍ റാഷിദ്‌ ഖാന്‍.
ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിനിടെ യു.എ.ഇയുടെ മുഹമ്മദ്‌ അര്‍ഫാനെ പുറത്താക്കിയാണു റാഷിദ്‌ 700 വിക്കറ്റ്‌ പൂര്‍ത്തിയാക്കിയത്‌. യു.എ.ഇ. ഇന്നിങ്‌സിലെ 16-ാം ഓവറില്‍ മുഹമ്മദ്‌ അര്‍ഫാന്‍ ഹിറ്റ്‌ വിക്കറ്റായതോടെയാണ്‌ റാഷിദ്‌ റെക്കോഡിലെത്തിയത്‌.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞയാഴ്‌ച നടന്ന മത്സരത്തില്‍ രണ്ട്‌ പേരെ പുറത്താക്കിയതോടെ റാഷിദ്‌ 699 ലെത്തിയിരുന്നു. യു.എ.ഇക്കെതിരേ 20 പന്തില്‍ 17 റണ്‍ വഴങ്ങിയ ശേഷമാണു വിക്കറ്റെടുക്കാനായത്‌. റാഷിദിനെ റിവേഴ്‌സ് സ്വീപ്പ്‌ ചെയ്യാനുള്ള അര്‍ഫാന്റെ ശ്രമമാണു ഹിറ്റ്‌ വിക്കറ്റില്‍ ഹഅവസാനിച്ചത്‌. അഫ്‌ഗാന്‌ സൂപ്പര്‍ എട്ടില്‍ കടക്കാന്‍ ജയം അനിവാര്യമായതിനാല്‍ വിക്കറ്റ്‌ നേട്ടം ആഘോഷിക്കാന്‍ റാഷിദ്‌ മെനക്കെട്ടില്ല. 631 വിക്കറ്റുകളെടുത്ത വെസ്‌റ്റിന്‍ഡീസിന്റെ മുന്‍ താരം ഡെ്വയ്‌ന്‍ ബ്രാവോയാണ്‌ രണ്ടാം സ്‌ഥാനത്തുള്ളത്‌. വിന്‍ഡീസിന്റെ തന്നെ മുന്‍ താരം സുനില്‍ നരേന്‍ 613 വിക്കറ്റുകളുമായി മൂന്നാമതാണ്‌.
രാജ്യാന്തര ട്വന്റി20 യിലും വിക്കറ്റ്‌ വേട്ടക്കാരിന്‍ ഒന്നാമന്‍ റാഷിദാണ്‌. 191 വിക്കറ്റുകളാണ്‌ അഫ്‌ഗാന്‍ നായകന്റെ പേരിലുള്ളത്‌. ന്യൂസിലന്‍ഡിന്റെ ടിം സൗത്തി (164), ഇഷ്‌ സോധി (162) എന്നിവരാണു രണ്ടും മൂന്നും സ്‌ഥാനങ്ങളില്‍. 2023 ല്‍ പുറംവേദനയെ തുടര്‍ന്നു നടത്തിയ ശസ്‌ത്രക്രിയയ്‌ക്കു ശേഷം പഴയ മികവിലേക്കു തിരിച്ചെത്താന്‍ റാഷിദിനായില്ല. വെസ്‌റ്റിന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയില്‍ ആകെ അഞ്ച്‌ വിക്കറ്റെടുക്കാനെ കഴിഞ്ഞുള്ളു. 12 ഓവറുകളിലായി 51 റണ്ണും വഴങ്ങി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 36 റണ്‍ വഴങ്ങി ഒരു വിക്കറ്റെടുത്തു.
അഫ്‌ഗാനിസ്‌ഥാന്‍ ദേശീയ ടീമിന്‌ പുറമേ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേഴ്‌സ്, ബാന്‍ഡ്‌ ഇ അമീര്‍ ഡ്രാഗണ്‍സ്‌, ബാര്‍ബഡോസ്‌ ട്രൈഡന്റ്‌സ്, കോമില്ല വികേ്‌ടാറിയന്‍സ്‌, ഡര്‍ബന്‍ ഹീറ്റ്‌, ഗുജറാത്ത്‌ ടൈറ്റന്‍സ്‌, ഗയാന ആമസോണ്‍ വാരിയേഴ്‌സ്, ഐ.സി.സി വേള്‍ഡ്‌ ഇലവന്‍, കാബൂള്‍ സ്വാനന്‍, ലാഹോര്‍ ഖലന്ദര്‍സ്‌, എം.ഐ കേപ്‌ ടൗണ്‍, എം.ഐ എമിറേറ്റ്‌സ്, എം.ഐ ന്യൂയോര്‍ക്ക്‌, ഓവല്‍ ഇന്‍വിന്‍സിബിള്‍സ്‌, സ്‌പീന്‍ ഘര്‍ ടൈഗേഴ്‌സ്, സെന്റ്‌ കിറ്റ്‌സ് ആന്‍ഡ്‌ നെവിസ്‌ പേട്രിയറ്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌, സസെക്‌സ്, ട്രെന്റ്‌ റോക്കറ്റ്‌സ് എന്നീ ടീമുകള്‍ക്ക്‌ വേണ്ടി കളിച്ചാണ്‌ റാഷിദ്‌ 700 വിക്കറ്റുകള്‍ സ്വന്തമാക്കിയത്‌. യു.എ.ഇക്കെതിരേ നടന്ന ഡി ഗ്രൂപ്പ്‌ മത്സരത്തില്‍ അഫ്‌ഗാന്‍ അഞ്ച്‌ വിക്കറ്റിനു ജയിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത യു.എ.ഇ. ഒന്‍പത്‌ വിക്കറ്റിന്‌ 160 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത അഫ്‌ഗാന്‍ കളി തീരാന്‍ നാല്‌ പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ റാഷിദ്‌ യു.എ.ഇയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ഷുഐബ്‌ ഖാന്‍ (48 പന്തില്‍ നാല്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 68), മറുനാടന്‍ മലയാളി അലിഷാന്‍ ഷറഫു (31 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 40) എന്നിവരുടെ മികവിലാണ്‌ യു.എ.ഇ. 160 കടന്നത്‌. അസ്‌മത്തുള്ള ഒമര്‍സായ്‌ എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ആര്യാംശ്‌ ശര്‍മ (0) പുറത്തായി. നായകനും ഓപ്പണറുമായ മുഹമ്മദ്‌ വാസിമും (10) നിരാശപ്പെടുത്തി. അഫ്‌ഗാനായി അസ്‌മത്തുള്ള ഒമര്‍സായ്‌ നാല്‌ വിക്കറ്റും മുജീബ്‌ ഉര്‍ റഹ്‌മാന്‍ രണ്ട്‌ വിക്കറ്റുമെടുത്തു. റാഷിദ്‌ ഖാന്‍ അര്‍ഫാനെ പുറത്താക്കിയപ്പോള്‍ ഹൈദര്‍ അലിയും (13) ജുനൈദ്‌ സിദ്ധിഖിയും (മൂന്ന്‌) റണ്ണൗട്ടായി. അഫ്‌ഗാന്‍ ഓപ്പണര്‍ റഹ്‌മത്തുള്ള ഗുര്‍ബാസും (0) ആദ്യ ഓവറില്‍ പുറത്തായിരുന്നു. ഇബ്രാഹിം സാദ്രാന്‍ (41 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 53), ഡാര്‍വിഷ്‌ റസൂലി (23 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 33), അസ്‌മത്തുള്ള ഒമര്‍സായ്‌ (21 പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം പുറത്താകാതെ 40) എന്നിവര്‍ ചേര്‍ന്നാണ്‌ അഫ്‌ഗാനെ ലക്ഷ്യത്തിലെത്തിച്ചത്‌. ഒമര്‍സായിയാണു മത്സരത്തിലെ താരം.

Ads by Google
Monday 16 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW