-->
ചെറുപുഴയിലെ ഏലിയാസ് അമ്പാട്ട് എന്ന കര്‍ഷകന്റെ വിയോഗം കേവലം ഒരു ആത്മഹത്യയല്ല, മറിച്ച് നമ്മുടെ വ്യവസ്‌ഥിതി നടത്തിയ 'ഭരണകൂട കൊലപാതകം' തന്നെയാണ്. മുഖ്യമന്ത്രിയുടെ കൈകളില്‍ നിന്ന് മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ഒരാള്‍ക്ക്, സ്വന്തം കൃഷിയിടത്തില്‍ കീടനാശിനി കുടിച്ച് ജീവിതം അവസാനിപ്പിക്കേണ്ടി വന്നു എന്നത് കേരളത്തിന് ലജ്‌ജാകരമാണ്. ആദരിക്കപ്പെടുമ്പോള്‍ ലഭിക്കുന്ന ഷാളും ഫലകവും വിശപ്പടക്കാനോ ബാങ്ക് ജപ്‌തികളില്‍ നിന്ന് രക്ഷിക്കാനോ ഉതകില്ലെന്ന പച്ചയായ യാഥാര്‍ത്ഥ്യം ഒരിക്കല്‍ കൂടി ഇവിടെ തെളിയുന്നു.
വൈകി ലഭിക്കുന്ന സഹായം നല്‍കാതിരിക്കുന്നതിന് തുല്യമാണ് എന്ന തത്വം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഈ നാട്ടിലെ കര്‍ഷകരാണ്. ഏലിയാസ് മരിക്കാന്‍ കീടനാശിനി കുടിച്ച് ആശുപത്രി കിടക്കയില്‍ മരണത്തോട് മല്ലിടുമ്പോഴാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തുന്നത്. ജീവിക്കാന്‍ ഒരു കച്ചിത്തുരുമ്പ് തേടി ഓഫീസുകള്‍ കയറിയിറങ്ങിയപ്പോള്‍ ചുവപ്പുനാടകളില്‍ കുരുക്കിട്ട ഉദ്യോഗസ്‌ഥവൃന്ദം, അദ്ദേഹം മരണത്തിലേക്ക് നടന്നപ്പോള്‍ ഫയലുകള്‍ വേഗത്തില്‍ നീക്കിയത് ആരെ ബോധിപ്പിക്കാനാണ്? ആ പണം കൊണ്ട് ഇനി ആര്‍ക്കാണ് പ്രയോജനം?
മുപ്പത്തഞ്ച് വര്‍ഷക്കാലം മണ്ണില്‍ പൊന്ന് വിളയിച്ച ഒരു കര്‍ഷകനെ 40 ലക്ഷം രൂപയുടെ കടക്കെണിയിലേക്ക് തള്ളിയിട്ടത് നമ്മുടെ വിപണന നയങ്ങളിലെ പാളിച്ചകളാണ്. കിലോയ്‌ക്ക് 60 രൂപ കിട്ടിയിരുന്ന ഏത്തവാഴയ്‌ക്ക് 23 രൂപ മാത്രം ലഭിക്കുന്ന അവസ്‌ഥയും, കൃഷിനാശത്തിന് കൃത്യസമയത്ത് നഷ്‌ടപരിഹാരം ലഭിക്കാത്തതും ഏതൊരു കര്‍ഷകനെയും മാനസികമായി തകര്‍ക്കും. തരിശുരഹിത കേരളം എന്ന സര്‍ക്കാര്‍ പദ്ധതിക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ഏലിയാസിനെപ്പോലുള്ളവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം ജപ്‌തി നോട്ടീസുകളും അവഗണനയുമാണെങ്കില്‍, വരുംതലമുറ എങ്ങനെ കൃഷിയിലേക്ക് വരും? കര്‍ഷകന് തുച്‌ഛമായ വിലയാണ് കിട്ടുന്നതെങ്കില്‍ അതേ ഉല്‍പന്നം ഉപഭോക്‌താവ് വാങ്ങുന്നതാവട്ടെ പലമടങ്ങ് വിലയിലാവും.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരസ്‌പരം പഴിചാരിയും പ്രസ്‌താവനകള്‍ ഇറക്കിയും ഈ ചോരയില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍, മണ്ണില്‍ വിയര്‍പ്പൊഴുക്കുന്നവന്റെ നെഞ്ചിലെ തീ ആരും കാണുന്നില്ല. കൃഷിഭവനുകള്‍ വെറും കണക്കെടുപ്പ് കേന്ദ്രങ്ങളായി മാറരുത്. കര്‍ഷകന്‍ തളരുമ്പോള്‍ അവനെ ചേര്‍ത്തുപിടിക്കാന്‍ സംവിധാനങ്ങളുണ്ടാകണം. ആനുകൂല്യങ്ങള്‍ കര്‍ഷകന്റെ ഔദാര്യമല്ല, അവന്റെ അവകാശമാണ്. അത് സമയത്തിന് നല്‍കാതെ പിടിച്ചുവയ്‌ക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണം.
ഏലിയാസ് അമ്പാട്ടിന് അന്ത്യാഞ്‌ജലി അര്‍പ്പിക്കുമ്പോള്‍, അത് കേവലം ഒരു വ്യക്‌തിക്കുള്ള ആദരവല്ല, മറിച്ച് തകര്‍ന്നടിയുന്ന ഒരു കര്‍ഷക സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യമാകണം. ഇനിയൊരു കര്‍ഷകനും സഹായം വൈകിയതിന്റെ പേരില്‍ കൃഷിയിടത്തില്‍ ജീവനൊടുക്കാന്‍ ഇടവരരുത്. മനുഷ്യന്റെ ജീവനാണ് വിലയെന്ന് ഭരണകൂടം തിരിച്ചറിഞ്ഞ് ഫയലുകളുടെ വേഗം വര്‍ധിപ്പിക്കണം.