Thursday, March 12, 2026 Last Updated 21 Min 25 Sec ago English Edition
Todays E paper
Ads by Google
നന്ദന്‍ നിലേകനി, ആശിഷ്‌ ഖന്ന
Monday 16 Feb 2026 11.35 PM

എ.ഐ. കരുത്തില്‍ ഒരുങ്ങുന്ന 'ഇന്ത്യ എനര്‍ജി സ്‌റ്റാക്ക്‌'

uploads/news/2026/02/825749/Nilekani.jpg

ആഗോള ദക്ഷിണ രാജ്യങ്ങളെ (ഗേ്ലാബല്‍ സൗത്ത്‌) സംബന്ധിച്ചിടത്തോളം വൈദ്യുതി എന്നത്‌ വെറുമൊരു സൗകര്യമല്ല, മറിച്ച്‌ അവരുടെ വിധിയെ നിര്‍ണയിക്കുന്ന ചാലകശക്‌തിയാണ്‌. ലോകമെമ്പാടും നടക്കുന്ന ഊര്‍ജ പരിവര്‍ത്തനത്തെ പലപ്പോഴും കാലാവസ്‌ഥാ വ്യതിയാനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ചര്‍ച്ച ചെയ്യാറുള്ളതെങ്കിലും, കോടിക്കണക്കിന്‌ ആളുകള്‍ക്ക്‌ ഇത്‌ അവസരങ്ങള്‍ വര്‍ധിപ്പിക്കാനും ചെലവ്‌ കുറഞ്ഞ സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള മാര്‍ഗമാണ്‌.
അതുകൊണ്ട്‌ തന്നെ, ഹരിത ഊര്‍ജ വിപ്ലവത്തിന്റെ അടുത്ത ഘട്ടം സോളാര്‍ പാനലുകള്‍ കൂടുതല്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടേതല്ല;മറിച്ച്‌ തങ്ങളുടെ പവര്‍ ഗ്രിഡുകളെയും വിപണികളെയും സംവിധാനങ്ങളെയും ആധുനികവല്‍ക്കരിക്കുന്ന രാജ്യങ്ങളുടേതായിരിക്കും. പുനരുപയോഗ ഊര്‍ജം പ്രയോജനപ്പെടുത്തുന്ന 'ഗ്രീന്‍ ഗ്രിഡുകള്‍' കൂടുതല്‍ സങ്കീര്‍ണമായതിനാല്‍ ആധുനികവല്‍ക്കരണം അനിവാര്യമാണ്‌.
പഴയ വൈദ്യുത മാതൃക ലളിതമായിരുന്നു: പവര്‍ പ്ലാന്റുകള്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലൂടെ നേരിട്ട്‌ വീടുകളിലേക്കും സ്‌ഥാപനങ്ങളിലേക്കും എത്തുന്നു. എന്നാല്‍ പുതിയ മാതൃക വ്യത്യസ്‌തമാണ്‌. വീടുകളും കൃഷിയിടങ്ങളും സ്വകാര്യ സംരംഭങ്ങളും സ്വന്തമായി റൂഫ്‌ ടോപ്പ്‌ സോളാറുകളും ബാറ്ററി സ്‌റ്റോറേജ്‌ സംവിധാനങ്ങളും സ്‌ഥാപിക്കുന്നതോടെ വൈദ്യുതി ഉല്‍പാദനം വികേന്ദ്രീകരിക്കപ്പെടുകയാണ്‌. ഇവിടെ ഉപഭോക്‌താക്കള്‍ വെറും നിഷ്‌ക്രിയ സ്വീകര്‍ത്താക്കളല്ല, മറിച്ച്‌ വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന 'പ്ര?സ്യൂമര്‍മാര്‍' ആയി മാറുകയാണ്‌.
സൗരോര്‍ജവും കാറ്റില്‍ നിന്നുള്ള വൈദ്യുതിയും പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ അവയുടെ ലഭ്യതയില്‍ വ്യതിയാനങ്ങള്‍ വരാം. ഈ സങ്കീര്‍ണത പരിഹരിക്കാന്‍ ഇന്റര്‍നെറ്റിന്‌ സമാനമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഊര്‍ജ ഗ്രിഡുകള്‍ക്കും ആവശ്യമാണ്‌. വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജത്തെ ഒരേപോലെ ഏകോപിപ്പിക്കാന്‍ കഴിയുന്ന തുറന്നതും പരസ്‌പരബന്ധിതവുമായ) ഒരു ഡിജിറ്റല്‍ നട്ടെല്ല്‌ ഇതിനാവശ്യമാണ്‌.
യഥാര്‍ത്ഥ ലോകത്തെ വിവരങ്ങള്‍ (ഡേറ്റ) വിശകലനം ചെയ്യാന്‍ ശേഷിയുള്ള, നിര്‍മിത ബുദ്ധി (എ.ഐ.) അധിഷ്‌ഠിതമായ ഗ്രിഡുകള്‍ റോഡുകളെയും തുറമുഖങ്ങളെയും പോലെ തന്നെ വികസ്വര രാജ്യങ്ങളുടെ പുരോഗതിക്ക്‌ നിര്‍ണായകമാകും. ഊര്‍ജ വിതരണത്തില്‍ എ.ഐ. പ്രയോജനപ്പെടുത്തുന്നത്‌ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. വൈദ്യുതിയുടെ ആവശ്യം മുന്‍കൂട്ടി പ്രവചിക്കാനും, വിതരണ ശൃംഖലയിലെ നഷ്‌ടം കുറയ്‌ക്കാനും ഇത്‌ സഹായിക്കും. തകരാറുകള്‍ മുന്‍കൂട്ടി കണ്ട്‌ പരിഹരിക്കുക, ബില്ലിങ്‌ സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയവയിലൂടെ വൈദ്യുത ബോര്‍ഡുകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ എ.ഐക്ക്‌ സാധിക്കും.
വികസ്വര രാജ്യങ്ങളില്‍ നിലവിലുള്ള വിതരണ നഷ്‌ടവും പ്രവര്‍ത്തന വൈകല്യങ്ങളും പരോക്ഷമായി ജനങ്ങളുടെ മേലുള്ള നികുതിഭാരമാണ്‌. എ.ഐ. സംയോജിത ഗ്രിഡുകള്‍ വഴി ഈ കുറവുകള്‍ പരിഹരിക്കപ്പെടുമ്പോള്‍, കുറഞ്ഞ ചെലവില്‍ തടസ്സമില്ലാത്ത വൈദ്യുതി ജനങ്ങള്‍ക്ക്‌ ലഭ്യമാകും. ഇത്‌ ഊര്‍ജ മേഖലയുടെ ജനാധിപത്യവല്‍ക്കരണത്തിന്‌ വഴിയൊരുക്കും.
എ.ഐ. അധിഷ്‌ഠിത സംവിധാനങ്ങള്‍ പുതിയ തൊഴിലവസരങ്ങളും സംരംഭകത്വവും സൃഷ്‌ടിക്കുമെങ്കിലും ചില വെല്ലുവിളികള്‍ ബാക്കിയുണ്ട്‌. നിലവില്‍ എ.ഐ. പരീക്ഷണങ്ങള്‍ ചിതറിക്കിടക്കുകയാണ്‌. ഒരു നഗരത്തില്‍ പുതിയ ഡാഷ്‌ബോര്‍ഡ്‌ പരീക്ഷിക്കുമ്പോള്‍ മറ്റൊരു നഗരത്തില്‍ സ്‌മാര്‍ട്‌ മീറ്ററുകള്‍ പരീക്ഷിക്കുന്നു. ഇവ തമ്മില്‍ ആശയവിനിമയം നടത്താന്‍ കഴിയാത്ത രീതിയിലുള്ള കുത്തക സംവിധാനങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. ഇത്‌ ചെലവ്‌ വര്‍ധിപ്പിക്കാനും കാര്യക്ഷമത കുറയ്‌ക്കാനും കാരണമാകുന്നു.
മുന്‍കാലങ്ങളില്‍ ഡിജിറ്റല്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചപ്പോള്‍ നാം ഇത്‌ കണ്ടതാണ്‌. പരസ്‌പര ബന്ധിതമല്ലാത്ത സംവിധാനങ്ങള്‍ ഭാവിയില്‍ നവീകരിക്കാന്‍ പ്രയാസകരവും സൈബര്‍ സുരക്ഷാ ഭീഷണികള്‍ നേരിടുന്നവയുമായി മാറും.
ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ 'ഇന്ത്യ എനര്‍ജി സ്‌റ്റാക്ക്‌' (ഐ.ഇ.എസ്‌.) എന്ന ബൃഹത്തായ പദ്ധതിക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. ഡിജിറ്റല്‍ പബ്ലിക്‌ ഇന്‍ഫ്രാസ്‌ട്രക്‌ചറിന്റെ (ഡി.പി.ഐ.) ഭാഗമായാണിത്‌ വികസിപ്പിക്കുന്നത്‌. ഇതിലൂടെ രാജ്യത്തെ ഊര്‍ജ ശൃംഖലയുടെ എല്ലാ തലങ്ങളിലും ഒരേ രീതിയിലുള്ള സാങ്കേതിക വിനിമയം ഉറപ്പാക്കാം. 200 ദശലക്ഷം സ്‌മാര്‍ട്‌ മീറ്ററുകള്‍ സ്‌ഥാപിക്കാനുള്ള കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ നീക്കം ഇതിന്റെ ആദ്യപടിയാണ്‌.
റൂഫ്‌ ടോപ്പ്‌ സോളാറുകളുടെ വര്‍ദ്ധനവിനനുസരിച്ച്‌, അയല്‍ക്കാര്‍ തമ്മില്‍ വൈദ്യുതി വ്യാപാരം നടത്താന്‍ പോലും എനര്‍ജി സ്‌റ്റാക്ക്‌ സൗകര്യമൊരുക്കും. ഡിജിറ്റല്‍ പേയ്‌മെന്റ്‌ വിപ്ലവം പോലെ, ഈ പ്ലാറ്റ്‌ഫോം ചെറുകിട നഗരങ്ങളിലും ഗ്രാമങ്ങളിലും ലക്ഷക്കണക്കിന്‌ സംരംഭകര്‍ക്ക്‌ പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറന്നുനല്‍കും. സ്‌റ്റാര്‍ട്ടപ്പുകള്‍ക്കും സേവനദാതാക്കള്‍ക്കും പൂജ്യത്തില്‍ നിന്ന്‌ തുടങ്ങാതെ തന്നെ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താം.
വികസ്വര രാജ്യങ്ങള്‍ക്ക്‌ സമ്പന്ന രാജ്യങ്ങളുടെ പഴയ ഗ്രിഡ്‌ മാതൃക അനുകരിക്കേണ്ട ആവശ്യമില്ല. പുനരുപയോഗ ഊര്‍ജത്തെ എ.ഐയുമായും ഡിജിറ്റല്‍ പബ്ലിക്‌ ഇന്‍ഫ്രാസ്‌ട്രക്‌ചറുമായും സംയോജിപ്പിക്കുന്നതിലൂടെ അവര്‍ക്ക്‌ വലിയൊരു കുതിച്ചുചാട്ടം നടത്താനാകും. ഇന്ത്യ ഇതിനകം തന്നെ ഈ പാത തെളിച്ചു കഴിഞ്ഞു.
ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്‌ (ഐ.എസ്‌.എ.) പോലുള്ള സംഘടനകള്‍ക്ക്‌ ഈ മാറ്റത്തില്‍ വലിയ പങ്കുവഹിക്കാനുണ്ട്‌. 125 അംഗരാജ്യങ്ങളുള്ള ഐ.എസ്‌.എയ്‌ക്ക്‌ വികസ്വര രാജ്യങ്ങളിലെ ഊര്‍ജ പരിവര്‍ത്തനത്തിന്‌ ആഗോളതലത്തില്‍ നേതൃത്വം നല്‍കാന്‍ കഴിയും. നിയന്ത്രണങ്ങള്‍ പരിഷ്‌കരിക്കുക, ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരീക്ഷിക്കുക, കണ്ടുപിടുത്തങ്ങള്‍ക്കായി ഫണ്ട്‌ കണ്ടെത്തുക എന്നിവയെല്ലാം ഒരു ദേശീയ ദൗത്യമായി തന്നെ ഏറ്റെടുക്കേണ്ടതുണ്ട്‌.
ഹരിത ഊര്‍ജ വിപ്ലവം ഇപ്പോള്‍ അതിന്റെ പ്ലാറ്റ്‌ഫോം യുഗത്തിലേക്ക്‌ കടക്കുകയാണ്‌. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഊര്‍ജ മേഖലയെ നവീകരിക്കുന്നതിലൂടെ ആഗോള ദക്ഷിണ രാജ്യങ്ങള്‍ക്ക്‌ അവരുടെ വികസന സ്വപ്‌നങ്ങള്‍ക്ക്‌ ചിറകുനല്‍കാന്‍ സാധിക്കും.

നന്ദന്‍ നിലേകനി, ആശിഷ്‌ ഖന്ന

www.project-syndicate.org

Ads by Google
നന്ദന്‍ നിലേകനി, ആശിഷ്‌ ഖന്ന
Monday 16 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW