-->
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.
ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തര്‍ദേശീയ സംഭവങ്ങളും ചര്‍ച്ചയായി. 'മനുഷ്യര്‍ക്കൊപ്പം' എന്ന പ്രമേയത്തില്‍ നടത്തിയ കേരളയാത്രയ്‌ക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഗ്രാന്‍ഡ് മുഫ്‌തിയുടെ വിശുദ്ധ റമദാന്‍ സന്ദേശവും പ്രധാനമന്ത്രിക്കു കൈമാറി.
എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികയ്‌ക്കും മാനവ വികസനത്തിനും നല്‍കേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖഫ്-എസ്.ഐ.ആര്‍. ആശങ്കകള്‍, പുരാതന മസ്‌ജിദുകളും ഇസ്‌ലാമിക പൈതൃക സ്‌മാരകങ്ങളും സംരക്ഷിക്കല്‍, മൗലാനാ ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്‌ഥാപനം, ബറേലി സംഭവത്തില്‍ ഉള്‍പ്പെടെ നിരപരാധികള്‍ക്ക് ലഭ്യമാവേണ്ട നീതി, മുബാറക്‌പൂര്‍ ജാമിഅ അശ്‌റഫിയ് മുതല്‍ ഉത്തരേന്ത്യയിലെ ഇസ്‌ലാമിക് സ്‌ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളുടെ പരിഹാരം, ദക്ഷിണേന്ത്യയിലെ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിന്‍ സര്‍വീസ്, അലിഗഡ് സര്‍വകലാശാല മലപ്പുറം സെന്റര്‍ വികസനം, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസര്‍ക്കാര്‍ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്‌ചയില്‍ സംസാരവിഷയമായി.
ഗ്രാന്‍ഡ് മുഫ്‌തിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും ആഗോള തലത്തില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തുംവിധം ഗ്രാന്‍ഡ് മുഫ്‌തി നടത്തുന്ന സാമൂഹിക-സാംസ്‌കാരിക ഇടപെടലുകളും അടുത്തറിയുന്നുണ്ടെന്നും അവ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഗ്രാന്‍ഡ് മുഫ്‌തിയെ കൂടാതെ സമസ്‌ത കേരള ജംഇയ്ത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്‌ദുറഹ്‌മാന്‍ സഖാഫി, എസ്.വൈ.എസ്. പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്‌ദുള്‍ ഹക്കീം അസ്‌ഹരി തുടങ്ങിയവര്‍ കൂടിക്കാഴ്‌ചയില്‍ സംബന്ധിച്ചു.