-->
കോട്ടയം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകോത്തര തലത്തില്‍ കിടപിടിക്കും വിധം മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'പത്തു വര്‍ഷം മുമ്പു പഴകിയ കെട്ടിടങ്ങളും ക്ലാസ് മുറികളും പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങളും ഉള്ള അവസ്‌ഥയായിരുന്നു. ഈ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിലൂടെ അയ്യായിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. പുസ്‌തകമില്ലാത്തതുമൂലം മുമ്പു ഫോട്ടോസ്‌റ്റാറ്റ് എടുത്തു പഠിക്കേണ്ടി വന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ അടുത്ത വര്‍ഷത്തേക്കുള്ള പുസ്‌തകങ്ങളുടെ വിതരണം ആരംഭിച്ചിരിക്കുന്നു. അതിനെ പ്രതിപക്ഷത്തെ ഒരാള്‍ കടുത്ത ഭാഷയില്‍ പുച്‌ഛിച്ചു. അദ്ദേഹം ഭരണതലത്തില്‍ ഉണ്ടായിരുന്നപ്പോഴാണ് ഫോട്ടോസ്‌റ്റാറ്റ് എടുത്തു പഠിക്കേണ്ടി വന്നത്. വീഴ്‌ച സമ്മിതിക്കാനല്ല, അതിനെ മറ്റൊരു തലത്തില്‍ ചിത്രീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
അധ്യാപകര്‍ നിരന്തരം പഠനം തുടരണം. സര്‍ക്കാര്‍തലത്തിലുള്ള പരിശീലനത്തിനു പുറമേ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സ്വയം പഠനം നടത്തണം. കുട്ടികളെ കൃത്യമായി നിരീക്ഷിച്ച് അവരെ നേര്‍വഴിക്കു നടത്തേണ്ട വലിയ വെല്ലുവിളിയാണു പുതിയ കാലത്ത് അധ്യാപകര്‍ക്കുള്ളത്. കാലത്തിന്റെ മാറ്റമനുസരിച്ച് അക്കാദമിക നിലവാരം ഉയര്‍ത്താന്‍ അധ്യാപകര്‍ സ്വയം ശ്രമിക്കണം'-മുഖ്യമന്ത്രി പറഞ്ഞു.
അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ് എ.കെ. ബീന അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി. നഗരത്തില്‍ അധ്യാപകരുടെ പ്രകടനവും നടന്നു.