Friday, March 13, 2026 Last Updated 8 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

'മൂന്നാമതും പിണറായി മുഖ്യമന്ത്രിയാകും', കോണ്‍ഗ്രസിനെ വെട്ടിലാക്കി മണിശങ്കര്‍ അയ്യര്‍

തിരുവനന്തപുരം: കേരളത്തില്‍ മൂന്നാമതും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്ന പ്രസ്‌താവനയിലൂടെ ദേശീയ രാഷ്‌ട്രീയത്തിലും ചര്‍ച്ചയുണര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ മണിശങ്കര്‍ അയ്യര്‍. തന്റെ നിലപാടിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു- ഞാന്‍ കോണ്‍ഗ്രസുകാരനാണ്‌. മറ്റൊരു പാര്‍ട്ടിയിലും ചേരില്ല;പിണറായി വീണ്ടും മുഖ്യമന്ത്രിയാകും.സംസ്‌ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 'വിഷന്‍ 2031: വികസനവും ജനാധിപത്യവും' സെമിനാറില്‍ സംസാരിക്കവെയാണ്‌ അയ്യര്‍ പിണറായി സര്‍ക്കാരിനെ തുറന്നുപുകഴ്‌ത്തിയത്‌. ഔദ്യോഗിക വേദിയില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പങ്കെടുക്കാതിരുന്നതില്‍ അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിച്ചു. ദേശീയ പ്രാധാന്യമുള്ള ചടങ്ങില്‍ അസാന്നിധ്യം ദൗര്‍ഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു.
പഞ്ചായത്തിരാജ്‌ സംവിധാനം ഫലപ്രദമായി നടപ്പിലാക്കിയ ആദ്യ സംസ്‌ഥാനം കേരളമാണെന്ന്‌ മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടി. മുന്‍ ധനമന്ത്രി തോമസ്‌ ഐസക്‌, സാമ്പത്തിക ശാസ്‌ത്രജ്‌ഞന്‍ വി. കെ. രാമചന്ദ്രന്‍ എന്നിവര്‍ നടത്തിയ ഇടപെടലുകളും അദ്ദേഹം പ്രശംസിച്ചു. അയ്യരുടെ വാക്കുകള്‍ ഊര്‍ജം പകരുന്നതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
എന്നാല്‍ അയ്യരുടെ നിലപാട്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ ശക്‌തമായ പ്രതിഷേധത്തിന്‌ ഇടയാക്കി. ദേശീയ വക്‌താവ്‌ പവന്‍ ഖേര, അത്‌ വ്യക്‌തിപരമായ അഭിപ്രായം മാത്രമാണെന്ന്‌ പ്രതികരിച്ചു. ജയറാം രമേഷ്‌ കേരളത്തില്‍ കോണ്‍ഗ്രസ്‌ അധികാരം തിരിച്ചുപിടിക്കുമെന്ന്‌ വ്യക്‌തമാക്കി. കെ.സി. വേണുഗോപാല്‍ അയ്യര്‍ക്ക്‌ കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന്‌ പറഞ്ഞു. അധികാരമുള്ള കാലത്ത്‌ ലഭിക്കാനുള്ളതെല്ലാം നേടിയെടുത്തയാളാണ്‌ അയ്യര്‍ എന്നായിരുന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ വിമര്‍ശനം.
സമ്മേളനത്തെ തന്നെ കോണ്‍ഗ്രസ്‌ കടുത്ത ഭാഷയില്‍ എതിര്‍ത്തിരുന്നു. സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കും അഴിമതികള്‍ക്കും ധാര്‍മ്മിക സാധുത നല്‍കാനുള്ള ശ്രമമാണിതെന്ന്‌ ആരോപിച്ച്‌ രമേശ്‌ ചെന്നിത്തല നേരത്തെ രംഗത്തെത്തി. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ പുനര്‍ചിന്ത നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ അദ്ദേഹം തുറന്ന കത്ത്‌ നല്‍കിയിരുന്നു. പിണറായി ഗാന്ധിയാണെന്ന്‌ പറഞ്ഞില്ലല്ലോഎന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW